സിപിഎമ്മും സിപിഐയും ഐക്യത്തില്‍; അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായി പറയേണ്ടന്നും കോടിയേരി

Posted on: August 30, 2016 1:03 pm | Last updated: August 30, 2016 at 11:27 pm

KODIYERIതിരുവനന്തപുരം: ഐക്യത്തോടെയാണ് സി.പി.എമ്മും സി.പി.ഐയും പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഐക്യത്തോടെയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഐക്യത്തിന്റെ ഫലമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയമുണ്ടായത്. ഇരു പാര്‍ടികള്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള സാഹചര്യം നിലവിലുണ്ട്. അത് പരസ്യമായി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഈ സമയത്ത് ഭിന്നത മൂര്‍ച്ഛിക്കുന്നുവെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. സിപിഐയും ഇടതു നേതാവും എംഎല്‍എയുമായ എം. സ്വരാജും തമ്മിലുള്ള തര്‍ക്കം മുറുകിയതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സിപിഐ എമ്മും സിപിഐയും നല്ല ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഐക്യത്തിന്റെ ഫലമാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ ഉജ്വല വിജയം. കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ആ സമയത്ത് സിപിഐ എമ്മും സിപിഐയുമായി ഭിന്നത മുര്‍ഛിക്കുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് എന്തിനാണെന്നത് മനസിലാക്കാന്‍ ആര്‍ക്കും സാധിക്കും. ആ ശ്രമം വിലപ്പോവില്ല.
ഇരു പാര്‍ടികള്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള സാഹചര്യം നിലവിലുണ്ട്. അത് പരസ്യമായി പറയേണ്ടതില്ല. അവസരവാദപരമായ നിലപാട് ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ഗുണകരമല്ലെന്ന് 1964 കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിളര്‍പ്പിനുശേഷം ഉണ്ടായ അനുഭവത്തിലൂടെ ബോധ്യമായതാണ്. അടിയന്തിരാവസ്ഥയെ പിന്തുണച്ച നിലപാട് ശരിയായില്ലെന്ന് തിരിച്ചറിഞ്ഞാണ് വിശാലയമായ ഇടതുപക്ഷ ഐക്യത്തിന് സിപിഐ തയ്യാറായത്. കൂടുതല്‍ ഐക്യത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
അഖിലേന്ത്യാതലത്തിലോ, സംസ്ഥാന തലത്തിലോ രണ്ട് പാര്‍ടികളും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. പ്രാദേശികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ പേരില്‍ രണ്ട് പാര്‍ടികളും ഭിന്നതയിലാണെന്ന് വരുത്തി തീര്‍ക്കാനാണ്‌നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ശ്രമം. എന്നാല്‍, അതിന് നിന്നുതരാന്‍ സിപിഐ എം തയ്യാറല്ല. ഞങ്ങള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കും.