Connect with us

Kerala

പാളത്തിലെ വിള്ളല്‍; ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയില്‍ ട്രെയിനുകള്‍ക്ക് വേഗ നിയന്ത്രണം

Published

|

Last Updated

കൊച്ചി: തിരുവനന്തപുരം-മംഗാലപുരം ട്രെയിന്‍ കറുകുറ്റിയില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് പാളങ്ങളില്‍ തകരാറുകള്‍ കണ്ടെത്തിയ ഇടങ്ങളില്‍ ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ ചീഫ് സേഫ്റ്റി ഓഫീസര്‍ വിവിധ സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയില്‍ 15 സ്ഥലങ്ങളില്‍ വേഗത കുറയ്ക്കാനാണ് നിര്‍ദേശം. തകരാറുള്ള പാളങ്ങളിലൂടെ 30 കിലോമീറ്റര്‍ വേഗതയില്‍ വണ്ടിയോടിക്കാനാണ് നിര്‍ദേശം. ഇതോടെ സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസ് മൂന്ന് മണിക്കൂര്‍ വരെ വൈകാനിടയാകും.

നിലവില്‍ ട്രെയിനുകള്‍ പലതും വൈകിയാണ് ഓടുന്നത്.അതിനൊപ്പം വേഗനിയന്ത്രണം കൂടിയാകുമ്പോള്‍ ട്രെയിന്‍ യാത്ര ദുരിതത്തിന്റെ ട്രാക്കിലാകും. അപകടത്തിനു കാരണമായ റെയില്‍ പാളത്തിലെ വിള്ളല്‍ സംബന്ധിച്ച് ഉദ്യോഗസ്ഥന്‍ മൂന്നു തവണ നല്‍കിയ മുന്നറിയിപ്പ് എന്‍ജിനീയറിങ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവഗണിച്ചുവെന്നും ആരോപണമുണ്ട്. തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള റെയില്‍പാതയില്‍ 202 ഇടങ്ങളില്‍ തകരാറുകളുണ്ടെന്ന് നേരത്തേ ഏരിയ മാനേജര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും ഇവ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ദക്ഷിണ റെയില്‍വേ എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. കറുകുറ്റി അപകടത്തിന്റെ പേരില്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തതിരുന്നു. അതിനിടെ കറുകുറ്റി അപകടം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനില്‍ എത്തി തെളിവെടുപ്പ് നടത്തുകയാണ്.