മഞ്ചേരി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം അവതാളത്തില്‍

Posted on: August 30, 2016 11:23 am | Last updated: August 30, 2016 at 11:23 am
SHARE

MANJERIമഞ്ചേരി:ഗവ. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം പ്രവര്‍ത്തനം അവതാളത്തിലാകുന്നു. അത്യാഹിത വിഭാഗത്തില്‍ ചുമതലയുള്ള ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്കെത്താത്തതാണ് കാഷ്വാലിറ്റി നേരിടുന്ന മുഖ്യ പ്രശ്‌നം. എട്ട് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് പലപ്പോഴും ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണ് രോഗികളെ പരിശോധിക്കാനെത്തുന്നത്.

പകരക്കാരെത്താത്തതിനാല്‍ പല ദിവസങ്ങളിലും 15 മണിക്കൂര്‍ വരെ ഒരു ഡോക്ടര്‍ തന്നെ ജോലി ചെയ്യുന്ന അവസ്ഥയുമുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാരാണ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ പരിശോധിക്കുന്നത്. പകല്‍ സമയങ്ങളില്‍ പോലും മെഡിക്കല്‍ ഓഫീസര്‍മാരുടെയും പ്രൊഫസര്‍മാരുടെയും സേവനം മുഴുവന്‍ സമയവും അത്യാഹിത വിഭാഗത്തില്‍ ലഭ്യമാകുന്നില്ല. രാത്രി ഡ്യൂട്ടിയുള്ള മെഡിക്കല്‍ ഓഫീസര്‍മാരില്‍ ഭൂരിഭാഗവും വീട്ടിലും സ്വകാര്യ ക്ലിനിക്കിലും പ്രാക്ടീസ് ചെയ്യുന്നുവെന്ന് ആക്ഷേപമുണ്ട്. രാത്രിയില്‍ അത്യാസന്ന നിലയിലെത്തുന്ന രോഗിയെ ചികിത്സിക്കാന്‍ വിളിച്ചാല്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് എത്താന്‍ മടിയാണ്. ഡ്യൂട്ടി ഷെഡ്യൂള്‍ ചെയ്ത ഡോക്ടര്‍ മുങ്ങുകയും പകരമെത്തിയ ഗര്‍ഭിണിയായ ഡോക്ടര്‍ക്ക് അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗം മണിക്കൂറുകളോളം അടച്ചിടേണ്ടി വന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആശുപത്രി സൂപ്രണ്ട് നന്ദകുമാര്‍ തിരിച്ചെത്തിയാണ് രോഗികളെ പരിശോധിച്ചത്.

ഇതിനിടെ അത്യാസന്ന നിലയിലുള്ള പലരെയും ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് നിയമനം നല്‍കിയ 34 ഡോക്ടര്‍മാരില്‍ ഒമ്പതു പേര്‍ മാത്രമാണ് ചുമതലയേറ്റത്. കാഷ്വാലിറ്റിയിലേക്ക് നിയമിച്ച ഏഴ് പേര്‍ എത്തിയില്ലെന്ന് സൂപ്രണ്ട് പറഞ്ഞു. കൂടുതല്‍ പേരുടെ സേവനം ആവശ്യമുള്ള സര്‍ജറി, മെഡിസിന്‍ വിഭാഗങ്ങളിലെ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാരും ഡോക്ടര്‍മാരും പലപ്പോഴും ഉണ്ടാകാറില്ല. അപകടത്തില്‍ പരുക്കേറ്റ് വരുന്ന രോഗികള്‍ മണിക്കൂറുകളോളം പരിചരണത്തിനായി കാത്തിരിക്കണം. ഇ എന്‍ ടി, ഒഫ്താല്‍മോളജി, ദന്തവിഭാഗം തുടങ്ങിയവയിലെല്ലാം മെഡിക്കല്‍ ഓഫീസര്‍മാര്‍ സന്ദര്‍ശകര്‍ മാത്രമാവുകയാണ്.
രാത്രി വിളിച്ചാല്‍ ഫോണെടുക്കാന്‍ പോലും പലപ്പോഴും ഡ്യൂട്ടി ഡോക്ടര്‍മാര്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഗൈനക്കോളജി വിഭാഗത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്കു പോലും ഒരു മണിക്കൂറിലധികം വൈകിയാണ് ഡോക്ടര്‍മാര്‍ എത്തുന്നത്. മെഡിക്കല്‍ ഓഫീസര്‍മാര്‍ ഒ പി കഴിഞ്ഞാല്‍ കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിക്കെത്തണമെന്നാണ് നിബന്ധന.

എന്നാല്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ മുതല്‍ ഉയര്‍ന്ന തസ്തികയിലുള്ളവര്‍ വരെ പലപ്പോഴും അത്യാഹിത വിഭാഗത്തില്‍ വരാന്‍ കൂട്ടാക്കുന്നില്ലെന്നാണ് ആക്ഷേപം. വാഹന അപകടങ്ങളിലും മറ്റുമായി നിത്യേന നൂറുക്കണക്കിന് ആളുകള്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് ലഭിക്കേണ്ട സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ രാത്രിയില്‍ കാഷ്വാലിറ്റിയില്‍ ലഭ്യമല്ല. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും നിത്യേന മുടങ്ങുന്നു. ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ സ്‌പെഷ്യാലിറ്റി വിഭാഗം ഡോക്ടര്‍മാര്‍ ഇതുവരെ അത്യാഹിത വിഭാഗത്തില്‍ എത്തിയിട്ടില്ല.

പ്രശ്‌നം ഏറെ വിവാദമായിട്ടും ജില്ലയില്‍ പലതവണ വന്നു പോയ ആരോഗ്യ മന്ത്രി കെ കെ ശൈലജ മഞ്ചേരി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കാത്തതും ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാര നടപടികള്‍ സ്വീകരിക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.