Connect with us

Wayanad

ഫാഷിസ്റ്റ് നീക്കങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കും-പി കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

കല്‍പ്പറ്റ: വര്‍ഗീയ ചേരിതിരിവോടെ മോദി സര്‍ക്കാര്‍ തുടരുന്ന ഫാഷിസ്റ്റ് നീക്കങ്ങള്‍ രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാന്‍ കാരണമാവുമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കല്‍പ്പറ്റയില്‍ വയനാട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ തങ്ങളുടേതായ രീതിയില്‍ വ്യാഖാനിക്കാനുള്ള ശ്രമമാണ് ബി ജെ പിയുടേതെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാറിന്റെ ആദ്യ 100 ദിവസങ്ങളില്‍ മുന്നേറ്റമുണ്ടായത് അക്രമപ്രവര്‍ത്തനങ്ങളില്‍ മാത്രമാണ്.

വന്‍പ്രചരണ കോലാഹലവുമായി അധികാരത്തിലെത്തിയവര്‍ ജനങ്ങളുടെ ജീവിതരീതി മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്തില്ല. പ്രഖ്യാപനങ്ങളും അക്രമങ്ങളുമല്ല ജനങ്ങള്‍ക്കാവശ്യമെന്ന് സര്‍ക്കാരിന് ഇതുവരെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ലെന്നാണ് മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ബ്രിട്ടീഷ് ഭരണവാഴ്ചയുടെ തുടര്‍ച്ചയാണ് രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കല്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം, ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ. എ മുജീബ്, എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് സംസാരിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി ഇസ്മാഈല്‍ സ്വാഗതവും ട്രഷറര്‍ കെ എം ഷബീര്‍ അഹമ്മദ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഉദ്ഘാടനം രാവിലെ ഡോ. എം കെ മുനീര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന “ഫാസിസം, ന്യൂനപക്ഷം” സെഷനില്‍ ടി എ അഹമ്മദ് കബീര്‍ എം എല്‍ എയും “സ്ത്രീപക്ഷ രാഷ്ട്രീയം” സെഷനില്‍ ഹരിത സംസ്ഥാന പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലീയയും, “ബഹുസ്വരത” സെഷനില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലിയും ബഹുമത സമൂഹത്തിലെ മുസ്‌ലിം സെഷനില്‍ അഡ്വ.എം സി എം ജമാലും വിഷയങ്ങള്‍ അവതരിപ്പിച്ചു.

Latest