Connect with us

Ongoing News

റഷ്യന്‍ താരം മരുന്നടിച്ചു; ലണ്ടന്‍ ഒളിമ്പിക്‌സില്‍ യോഗേശ്വറിന് വെള്ളി മെഡല്‍

Published

|

Last Updated

ന്യൂഡല്‍ഹി: 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന് വെള്ളി. നേരത്തെ ഈയിനത്തില്‍ വെങ്കല മെഡലായിരുന്നു യോഗേശ്വറിന്റെ നേട്ടം.

2012 ഗെയിംസില്‍ വെള്ളി നേടിയ റഷ്യന്‍ താരം ബെസിക് കുദുഗോവ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് യോഗേശ്വര്‍ ദത്തിന് വെള്ളി ലഭ്യമാകുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ സുശീല്‍ കുമാറിന് ശേഷം ഒളിമ്പിക് ഗുസ്തിയില്‍ വെള്ളിമെഡല്‍ നേടുന്ന താരമായി മാറി യോഗേശ്വര്‍ ദത്ത്.നാലു തവണ ലോകചാമ്പ്യനും രണ്ടു ഒളിമ്പിക്‌സ് മെഡല്‍ജേതാവുമായ കുദുഗോവ്  ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളി നേടിയിരുന്നു.

ലണ്ടന്‍ ഒളിമ്പിക്‌സിന് പിന്നാലെയുണ്ടായ കാറപകടത്തില്‍ 2013 ല്‍ കുദുഗോവ് മരണമടഞ്ഞിരുന്നു. എന്നാല്‍ ലണ്ടന്‍ ഗെയിംസില്‍ ശേഖരിച്ച മൂത്ര സാമ്പിളുകള്‍ റിയോ ഗെയിംസിന് മുമ്പായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി വീണ്ടും നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തു വന്നത്.

കുദുഗോവിനൊപ്പം 120 കിലോ വിഭാഗത്തില്‍ മത്സരിച്ച ഉസ്‌ബെക്കിന്റെ ആര്‍തര്‍ തായ്മാസോയുടെ സാമ്പിളും പോസിറ്റീവായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തോടെ 2012 ഒളിമ്പിക്‌സില്‍ വെള്ളി നേടിയ ഗുസ്തിതാരം സുശീല്‍കുമാറിനും ഷൂട്ടിംഗ് താരം വിജയ കുമാറിനുമൊപ്പമാകും യോഗേശ്വറിന്റെ സ്ഥാനവും. ലണ്ടനില്‍ 60 കിലോ ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ പ്രീ ക്വാര്‍ട്ടറിലായിരുന്നു യോഗേശ്വറിനെ കുദുഗോവ് പരാജയപ്പെടുത്തിയത്.

---- facebook comment plugin here -----

Latest