സ്‌കോര്‍പീന്‍ മുങ്ങിക്കപ്പലുകളുടെ വിവരങ്ങള്‍ പുറത്തുവിടുന്നതിന് വിലക്ക്

Posted on: August 30, 2016 9:03 am | Last updated: August 30, 2016 at 1:23 pm

scorpene-submarine_ന്യൂഡല്‍ഹി: ഇന്ത്യ നിര്‍മ്മിക്കുന്ന സ്‌കോര്‍പീന്‍ മുങ്ങിക്കപ്പലുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് ഓസ്‌ട്രേലിയന്‍ കോടതി താല്‍ക്കാലികമായി തടഞ്ഞു. ഫ്രഞ്ച് നിര്‍മ്മാതാക്കളായ ഡി.സി.എന്‍.എസിന്റെ ആവശ്യപ്രകാരമാണ് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സുപ്രീംകോടതിയുടെ നടപടി. ദ ഓസ്‌ട്രേലിയന്‍ എന്ന പത്രമാണ് തങ്ങളുടെ വെബസൈറ്റില്‍ മുങ്ങിക്കപ്പലുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്.

നിലവില്‍ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. കയ്യിലുള്ള രേഖകള്‍ ഡി.സി.എന്‍.എസിന് കൈമാറണം. അതേസമയം വിവരങ്ങള്‍ പുറത്തുവിടുന്നതിന് താല്‍ക്കാലിക നിരോധനമാണ് ഓസ്‌ട്രേലിയന്‍ കോടതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡി.സി.എന്‍.എസിന്റെ ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്നത് വ്യാഴാഴ്ചയാണ്. അത് വരെ മാത്രമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പുറത്തുവിട്ട വിവരങ്ങള്‍ ഡി.സി.എന്‍.എസിനേയും ഉപഭോക്താക്കളായ ഇന്ത്യന്‍ നാവികസേനയേയും പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഡി.സി.എന്‍.എസ് അഭിഭാഷകര്‍ വാദിച്ചു.

മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തനം, മിസൈലുകള്‍ അടക്കമുള്ള ആയുധ സംവിധാനം തുടങ്ങിയവ പ്രതിപാദിക്കുന്ന 22,400 പേജുകളിലായുള്ള വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് ഓസ്‌ട്രേലിയന്റെ അവകാശവാദം. വിവരങ്ങള്‍ ചോര്‍ന്നത് വലിയ വിവാദമായിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡി.സി.എന്‍.എസും ഇന്ത്യന്‍ നാവികസേനയും അന്വേഷണം തുടരുകയാണ്. മുംബൈയിലെ മസഗോണ്‍ ഡോക്കിലാണ് ആറ് മുങ്ങിക്കപ്പലുകളുടെ നിര്‍മ്മാണം. ഇതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഐ.എന്‍.എസ് കാല്‍വരി സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്.
അതിനിടെ, സ്‌കോര്‍പീനുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ചോര്‍ന്ന വിഷയത്തില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ നിലപാട് തള്ളി നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ. രഹസ്യരേഖ ചോര്‍ച്ച ഗൗരവമുള്ള പ്രശ്‌നമാണെന്നു നാവികസേനാ മേധാവി പറഞ്ഞു. രേഖകള്‍ പുറത്തായതു രാജ്യസുരക്ഷയെ ബാധിക്കില്ലെന്നായിരുന്നു പ്രതിരോധ മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. ഹസ്യരേഖയുടെ ചോര്‍ച്ചയെക്കുറിച്ചു പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം ആവശ്യമെങ്കില്‍ പ്രശ്‌നപരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും അഡ്മിറല്‍ ലാന്‍ബ അറിയിച്ചു.

സേനയില്‍നിന്ന് ഏതു വിധത്തിലുള്ള വിവരങ്ങളുടെയും ചോര്‍ച്ച വളരെ ഗൗരവമായാണു കാണുന്നത്. സ്‌കോര്‍പീന്‍ മുങ്ങിക്കപ്പല്‍ രഹസ്യരേഖ ചോര്‍ച്ചയും ഗൗരവമുള്ളതാണ്. മുങ്ങിക്കപ്പലിന്റെ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനിയോട് (ഡിഎന്‍ഡിസി) ഈ വിഷയത്തില്‍ അടിയന്തരമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.