കരുണാകരന്റെ കസേര തെറിപ്പിച്ചത് റാവു: കെ മുരളീധരന്‍

Posted on: August 30, 2016 12:15 am | Last updated: August 30, 2016 at 12:15 am

k.muraleedaranകോഴിക്കോട്: കെ കരുണാകരനെ ചാരക്കേസിന്റെ പേര് പറഞ്ഞ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും തെറിപ്പിച്ചത് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായ പി വി നരസിംഹറാവുവായിരുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ എംഎല്‍എ.
രാജന്‍ ചെറുക്കാട് തയ്യാറാക്കിയ അട്ടിമറിക്കപ്പെട്ട ചാരക്കേസ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പുസ്തകം ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജിവെച്ചതിനു ശേഷം നടന്ന തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കരുണാകരന്‍ പരാജയപ്പെടാന്‍ ഇടയായതിനു പിന്നിലും റാവുവിന്റെ കൈകളുണ്ടെന്ന് സംശയിക്കേണ്ടി വരും. ഈ പാഠം ഉള്‍ക്കൊണ്ടാണ് വട്ടിയൂര്‍ക്കാവില്‍ നിന്നും നിയമ സഭയിലേക്ക് തിരഞ്ഞെടുത്തശേഷം അവിടെ നിന്നും മാറി നില്‍ക്കാത്ത അവസ്ഥ ഉണ്ടായതെന്നും മുരളീധരന്‍ വ്യക്തമാക്കി.
ചാരക്കേസുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യം പുറത്ത് വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഇതിനായി ആര് ശ്രമിച്ചാലും എല്ലാ പിന്തുണയും നല്‍കും.
ചാരക്കേസില്‍ പ്രതികളായ ഉദ്യാഗസ്ഥന്മാരും അന്വഷിച്ച ഉദ്യാഗസ്ഥന്മാരും സര്‍വ്വീസില്‍ നല്ല സ്ഥാനങ്ങള്‍ വഹിച്ചാണ് പിരിഞ്ഞു പോയത്. കരുണാകരന് മാത്രം ഒന്നും ലഭിച്ചില്ല. ചാരക്കേസ് ഉണ്ടായപ്പോള്‍ ഒരു ഉദ്യോഗസ്ഥനേയും ബലി നല്‍കാന്‍ കരുണാകരന്‍ തയ്യാറായില്ല. കരുണാകരന് നഷ്ടപ്പെട്ടത് ഒന്നും തിരിച്ചു കിട്ടിയിട്ടിെല്ലന്നും മുരളീധരന്‍ പറഞ്ഞു.
ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ പുസ്തകം പ്രകാശനം ചെയ്തു. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.