Connect with us

International

യമനില്‍ ചാവേര്‍ സ്‌ഫോടനം; 54 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഏതന്‍: യമന്‍ വാണിജ്യ നഗരമായ ഏതനില്‍ ചാവേര്‍ സ്‌ഫോടനം. സര്‍ക്കാര്‍ സ്വാധീനത്തിലുള്ള പ്രധാന നഗത്തിലെ സൈനിക പരിശീലന ക്യാമ്പിലാണ് തീവ്രവാദി ആക്രമണം ഉണ്ടായത്. 54 പേര്‍ കൊല്ലപ്പെട്ടതായും 67 പേര്‍ക്ക് പരുക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സക്കായി മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിച്ച ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. എന്നാല്‍ മരണ സംഖ്യ 60 കവിഞ്ഞിട്ടുണ്ടെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസില്‍ തീവ്രവാദികള്‍ ഏറ്റെടുത്തു.
ഉഗ്ര ശക്തിയുള്ള സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ കാര്‍ സൈനിക ആസ്ഥാനത്തിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഏതനില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ കൂട്ടുക്കുരുതിയാണിതെന്ന് യമന്‍ പോസ്റ്റ് പത്രത്തിന്റെ പത്രാധിപര്‍ ഹക്കീം അല്‍ മസ്മരി വ്യക്തമാക്കി.
ഹൂത്തി വിമതര്‍ കൈയടക്കിവെച്ച തലസ്ഥാനമായ സന്‍ആയടക്കമുള്ള നഗരങ്ങളില്‍ സൈനിക ആക്രമണം നടത്തുന്നതിന് വേണ്ടി തീവ്രപരിശീലനം നടത്തുന്ന സൈനിക കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. അറബ് രാജ്യങ്ങളുടെ പിന്തുണയോടെ മുഴുവന്‍ നഗരങ്ങളും തിരിച്ചുപിടിക്കാനൊരുങ്ങുന്ന യമന്‍ സേനക്ക് ഇസില്‍ ആക്രമണം തിരിച്ചടിയാകും.
സൈന്യത്തിനും സര്‍ക്കാറിനുമെതിരായ വിമത പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഇസിലിന്റെ ഭീഷണി. യു എന്നിന്റെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടാല്‍ വിമതര്‍ക്കെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് ഏതനിലെ സൈനിക പരിശീലന കേന്ദ്രം സജ്ജമാക്കിയത്. യമന്‍ സര്‍ക്കാറിനെതിരെ 18 മാസമായി ഹൂത്തി വിമതര്‍ നടത്തുന്ന സായുധ പ്രക്ഷോഭം മുതലെടുത്താണ് യമനില്‍ ഐ എസ് തങ്ങളുടെ അടിത്തറ ഉറപ്പിച്ചത്. സലഫിസ്റ്റുകള്‍ സ്വാധീനമുള്ള യമനിലെ ചില പ്രദേശങ്ങളില്‍ ഐ എസ് തീവ്രവാദികള്‍ സജീവമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യമന്‍ സൈന്യത്തിന്റെ ശക്തി ക്ഷയിപ്പിച്ച് യമനിലെ സുപ്രധാന നഗരങ്ങള്‍ കൈയ്യേറാനാണ് ഐ എസ് തീവ്രവാദികള്‍ പദ്ധതിയിടുന്നത്. വിമതര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങള്‍ വളരെ വേഗം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. അടുത്തിടെ ചെറുതും വലുതുമായ നിരവധി സ്‌ഫോടനങ്ങളാണ് ഐ എസിന്റെ നേതൃത്വത്തില്‍ യമനില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം ഏതന്‍ മേയറിനെ ലക്ഷ്യംവെച്ച് കാര്‍ ബോംബ് സ്‌ഫോടനം നടന്നിരുന്നു. തലനാരിഴക്കാണ് ഈ ആക്രമണത്തില്‍ നിന്ന് മേയര്‍ രക്ഷപ്പെട്ടത്.