തുര്‍ക്കിയുടെ സിറിയന്‍ ആക്രമണത്തെ വിമര്‍ശിച്ച് യുഎസ്

Posted on: August 30, 2016 12:09 am | Last updated: August 30, 2016 at 12:09 am
SHARE

turkeyവാഷിംഗ്ടണ്‍/അങ്കാറ: കുര്‍ദ്, ഇസില്‍ കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന സൈനിക നടപടിക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. യു എസിന്റെ നേതൃത്വത്തിലുള്ള ഇസില്‍വിരുദ്ധ സൈനിക ഓപ്പറേഷന്‍ നടത്തുന്ന കുര്‍ദുകളുടെ ശക്തികേന്ദ്രങ്ങളില്‍ തുര്‍ക്കി നടത്തിയ ആക്രമണം ഇസിലിന് ഗുണം ചെയ്യുമെന്ന നിലപാടിലാണ് അമേരിക്ക.
തുര്‍ക്കിയുടെ ആക്രമണം ഒരുനിലക്കും അംഗീകരിക്കാനാകില്ലെന്ന് ഉത്കണ്ഠാകുലമായ നടപടിയാണ് തുര്‍ക്കി നടത്തുന്നതെന്നും പെന്റഗണ്‍ വക്താവ് വിമര്‍ശിച്ചു. എന്നാല്‍, തുര്‍ക്കി അതിര്‍ത്തിയില്‍ ശക്തിപ്രാപിക്കുന്ന കുര്‍ദുകളും വടക്കന്‍ സിറിയ പിടിച്ചടക്കുന്ന ഇസില്‍ തീവ്രവാദികളും തങ്ങളുടെ ശത്രുക്കളാണെന്നാണ് തുര്‍ക്കിയുടെ നിലപാട്. തുര്‍ക്കി സര്‍ക്കാറിനെതിരെ സായുധ പ്രക്ഷോഭത്തിലേര്‍പ്പെട്ട സംഘമാണ് കുര്‍ദുകള്‍.
വടക്കന്‍ സിറിയയില്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ ദൗത്യം അവസാനിക്കുന്നത് വരെ തുടരുമെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. പെന്റഗണ്‍ വക്താവിനുള്ള മറുപടിയെന്നോണമാണ് ഉര്‍ദുഗാന്റെ പ്രസ്താവന. ഒരു തീവ്രവാദിയുമായും തങ്ങള്‍ക്ക് ഒത്തുതീര്‍പ്പ് സാധിക്കില്ലെന്നും ഇസിലിലും കുര്‍ദ് സായുധ സേനക്കുമെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇസിലിനെതിരെ എല്ലാ സൈനിക സഖ്യങ്ങളും ഒന്നിച്ചുനില്‍ക്കണമെന്നാണ് അമേരിക്ക ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍ കുര്‍ദുകളുമായി ഒന്നിക്കാന്‍ തുര്‍ക്കി സന്നദ്ധമല്ല. ഇസില്‍ ശക്തികളെ തുരത്തി യു എസ് പിന്തുണയോടെ കുര്‍ദ് സേന പിടിച്ചെടുത്ത ജറാബുലസ് നഗരത്തിലെ നിരവധി പ്രദേശങ്ങള്‍ കുര്‍ദ് സായുധ സംഘം പിടിച്ചെടുത്തിരുന്നു.
എന്നാല്‍ ഈ പ്രദേശങ്ങളിലെല്ലാം തുര്‍ക്കിയുടെ നേതൃത്വത്തില്‍ ആക്രമണം നടക്കുന്നുണ്ട്. തുര്‍ക്കി – സിറിയന്‍ അതിര്‍ത്തിയില്‍ കുര്‍ദുകള്‍ അടിത്തറ ഉറപ്പിക്കുന്നത് തങ്ങള്‍ക്ക് ഭീഷണിയാണെന്നാണ് തുര്‍ക്കി കരുതുന്നത്.
അതിനിടെ, സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടത്തുന്ന വിമതരുമായി കൂട്ടുപിടിച്ച് തുര്‍ക്കി നടത്തുന്ന സൈനിക നടപടിക്കെതിരെ സിറിയയും രംഗത്തെത്തി കഴിഞ്ഞു. തുര്‍ക്കിക്കെതിരെ റഷ്യയുമായി യോജിച്ച് സിറിയയും സൈനിക ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
തുര്‍ക്കിക്കെതിരെ സിറിയന്‍ സൈന്യം കൂടി ആക്രമണം നടത്തിയാല്‍ വടക്കന്‍ സിറിയ കൂടുതല്‍ രക്തരൂഷിതമാകും. തുര്‍ക്കിയുടെ സിറിയന്‍ ആക്രമണം തുടരുന്നത് യു എസ് – തുര്‍ക്കി നയതന്ത്രബന്ധത്തിന് കോട്ടം വരുത്തുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here