ദാനാ മാഝിയാണ് ‘തിളങ്ങുന്ന’ ഇന്ത്യയുടെ മുഖം

ആദിവാസി കുടുംബമാണ് ദാനാ മാഝിയുടേത്. ആദിവാസി ക്ഷേമത്തിന് വേണ്ടി കോടികള്‍ ഒഴുക്കിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ നഗ്നമായ മുഖമാണിത്. ദാനാ മഝിമാര്‍ രക്തം ഛര്‍ദിച്ച് മരിക്കുന്നവരെ തോളിലേറ്റി നടന്ന് മരിച്ചു വീണാല്‍ അതും പൊന്‍തൂവലായി കരുതുന്ന അധികാരി വര്‍ഗത്തെയാണ് ഇന്ത്യയിലെവിടെയും ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. എന്നാല്‍, വികസന വാദങ്ങള്‍ക്ക് ഒരു കുറവും കാണുന്നുമില്ല. ജീവിതത്തിന്റെ നിലനില്‍പ്പിന് തന്നെ വലിയ വില (ഒരു പക്ഷേ വൃക്കപോലും) നല്‍കേണ്ടി വരുന്ന രാജ്യത്താണ് 130 കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത്. അവരുടെ വികസനം ആരാണ് നോക്കുക? അതിന് ബാധ്യതപ്പെട്ടവര്‍ അത് ചെയ്യുന്നില്ല. മനുഷ്യര്‍ അനാഥരായി, നിര്‍ധനരായി തെരുവുകളില്‍ മരിച്ചു വീഴുന്നു. മനുഷ്യന് വില കല്‍പ്പിക്കുന്ന ഒരു ഭരണകൂടം നമ്മുടെ രാജ്യത്ത് ഉണ്ടാവുന്ന കാലംവരെ ദാനാ മഝിമാര്‍ വീണ്ടും വീണ്ടും നമ്മുടെ മനസ്സില്‍ ദുഃഖചിത്രങ്ങളായി വന്നുകൊണ്ടിരിക്കും.
Posted on: August 30, 2016 6:00 am | Last updated: August 29, 2016 at 11:42 pm
SHARE

odisha-man_‘തിളങ്ങുന്ന’ ഇന്ത്യയുടെ മുഖം ഒഡീഷയിലെ കലഹന്ദിയില്‍ വീണ്ടും കാണാനിടയായപ്പോള്‍ ഇന്ത്യക്കാര്‍ മാത്രമല്ല ലോകമൊന്നടങ്കം ഒരിക്കല്‍ കൂടി സ്തംഭിച്ചുപോയി. ക്ഷയംബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം തോളിലേറ്റി കിലോമീറ്ററുകള്‍ നടന്ന ദാനാ മാഝി എന്ന മനുഷ്യന്റെയും മകളുടെയും രൂപം ആര്‍ക്കും മറക്കാനാകില്ല. ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ ദൈന്യചിത്രങ്ങള്‍ ലോകം എത്രയോ കണ്ടുകഴിഞ്ഞു. വികസന വായാടിത്തം മുഖമുദ്രയാക്കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇതൊന്നും ജനങ്ങളോടുള്ള സമീപനം മാറ്റാന്‍ കാരണമാകുമെന്ന് തോന്നുന്നില്ല.
സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് നിര്‍ധനനായ ആ മനുഷ്യന്‍ കരഞ്ഞ് പറഞ്ഞിട്ടും അലിവ് തോന്നാത്തവര്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ്. ആദിവാസി കുടുംബമാണ് ദാനാ മാഝിയുടേത്. ആദിവാസി ക്ഷേമത്തിന് വേണ്ടി കോടികള്‍ ഒഴുക്കിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ നഗ്നമായ മുഖമാണിത്. ആശുപത്രികളില്‍ ജീവന്‍ രക്ഷതേടിയാണ് മനുഷ്യര്‍ ഓടിയെത്തുന്നത്. അവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണം. രോഗി മരിച്ചാലോ? മൃതദേഹത്തോടെങ്കിലും ആദരവ് കാണിക്കാന്‍ കഴിയാത്ത ഒരു രാജ്യമാണോ മഹത്തായ പൈതൃകം അവകാശപ്പെടുന്നത്?
ഇന്ത്യന്‍ സമ്പദ്ഘടന അതിവേഗം കുതിച്ചുയരുന്നുവെന്നും ചൈനയോടു കിടപിടിക്കുമെന്നും മോദിയും കൂട്ടരും പറഞ്ഞു നടക്കുന്ന കാലമാണ് ഇതെന്നോര്‍ക്കണം. മൊത്തം ആഭ്യന്തരോത്പാദനത്തില്‍ 7.9 ശതമാനം വളര്‍ച്ചാനിരക്ക് ലഭിക്കുന്നുവെന്നാണ് അവകാശവാദം. വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും, പൊള്ളയായ അവകാശവാദമാണത്. എന്തായാലും അങ്ങനെ വാദത്തിന് വേണ്ടി വളര്‍ച്ചാനിരക്ക് ഉയരുന്നുവെന്ന് സമ്മതിച്ചാല്‍തന്നെ അതിന്റെ എന്തെങ്കിലും പ്രതിഫലനം ജനങ്ങളുടെ ജീവിത നിലവാരത്തില്‍ കാണുന്നില്ല. അപ്പോള്‍, വളര്‍ച്ച മറ്റാരുടേതോ ആണെന്ന് വ്യക്തം. ദാനാ മഝിമാര്‍ രക്തം ഛര്‍ദിച്ച് മരിക്കുന്നവരെ തോളിലേറ്റി നടന്ന് മരിച്ചു വീണാല്‍ അതും പൊന്‍തൂവലായി കരുതുന്ന അധികാരി വര്‍ഗത്തെയാണ് ഇന്ത്യയിലെവിടെയും ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. എന്നാല്‍, വികസന വാദങ്ങള്‍ക്ക് ഒരു കുറവും കാണുന്നുമില്ല.
ആശുപത്രികളില്‍ ആയിരക്കണക്കിന് ആളുകളാണ് രാവിലെ മുതല്‍ ക്യൂവില്‍ നില്‍ക്കുന്നത്. ഇത്തരം നീണ്ടവരികളില്‍ വാടിത്തളര്‍ന്ന് വീഴുന്നവരെ ഇന്ത്യയിലെ അനേകം ആശുപത്രി മുറ്റങ്ങളില്‍ കാണേണ്ടി വരുന്നുണ്ട്. പട്ടിണിയും പോഷകാഹാരക്കുറവുംമൂലം മരിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതല്‍ ഉള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. കുടിവെള്ളം കിട്ടാതെ വലയുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യതന്നെ. ദാരിദ്ര്യം മൂലം പ്രതിദിനം 25 കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഇന്ത്യ വളരുന്നുവെന്ന് നാണമില്ലാതെ ഉദ്‌ഘോഷിക്കുന്ന കേന്ദ്ര നേതൃത്വത്തോട് എന്താണ് പറയേണ്ടത്?
ആരുടെ വളര്‍ച്ചയെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്? 72,000 കോടി രൂപ പൊതുജനങ്ങളില്‍ നിന്ന് വായ്പയെന്ന പേരില്‍ എഴുതിയെടുത്ത അദാനിയുടെ വളര്‍ച്ചയെക്കുറിച്ചാണോ പ്രധാനമന്ത്രി അഭിമാനപൂര്‍വം പറഞ്ഞു നടക്കുന്നത്? ആശുപത്രിയില്‍ പ്രാഥമിക ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിക്കാന്‍ യഥാര്‍ഥത്തില്‍ ഇതിന്റെ പകുതി തുകപോലും വേണ്ടല്ലോ? പാവപ്പെട്ട മനുഷ്യരുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ സൗജന്യമായി ആംബുലന്‍സ് സംവിധാനമെങ്കിലും ഒരുക്കാനുള്ള കരുണ കാണിച്ചിട്ടുവേണം വികസനത്തെക്കുറിച്ച് മിണ്ടാന്‍.
ജീവിതത്തിന്റെ നിലനില്‍പ്പിന് തന്നെ വലിയ വില (ഒരു പക്ഷേ വൃക്കപോലും) നല്‍കേണ്ടി വരുന്ന രാജ്യത്താണ് 130 കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത്. അവരുടെ വികസനം ആരാണ് നോക്കുക? അതിന് ബാധ്യതപ്പെട്ടവര്‍ അത് ചെയ്യുന്നില്ല. മനുഷ്യര്‍ അനാഥരായി, നിര്‍ധനരായി തെരുവുകളില്‍ മരിച്ചു വീഴുന്നു.
ദരിദ്ര സംസ്ഥാനങ്ങളില്‍ ഒന്നാണ് ഒഡീഷ. അഴിമതിയുടെ പ്രതിരൂപം തെളിഞ്ഞു കാണാവുന്ന സംസ്ഥാനം. അതില്‍ തന്നെ ഏറ്റവും ദരിദ്ര ജില്ലകളിലൊന്നാണ് കലഹന്ദി. പട്ടിണി മരണങ്ങളുടെ ദേശം. അവിടെ ആദിവാസികള്‍ മനുഷ്യരായി പരിഗണിക്കപ്പെടുന്നില്ല. ആംബുലന്‍സ് ഉണ്ടെങ്കിലും, ആദിവാസികള്‍ക്ക് പ്രത്യേക ആശുപത്രി പരിരക്ഷാ നിയമം ഉണ്ടെങ്കിലും അതൊന്നും ആ മനുഷ്യര്‍ക്ക് കൊടുക്കാനുള്ള സന്മനസ് ആശുപത്രിയിലെ ഉദ്യോഗസ്ഥ പ്രഭുക്കള്‍ക്ക് ഇല്ലായെന്നത് വലിയ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍, ജീവനക്കാര്‍ക്ക് എതിരെ ചില നടപടികള്‍ ഔപചാരികമായി എടുക്കുമെന്ന് കേള്‍ക്കുന്നു. പക്ഷേ, അതുകൊണ്ടെന്നും പ്രശ്‌നത്തിന്റെ മര്‍മത്തില്‍ തൊടാനാകില്ല.
യഥാര്‍ഥപ്രശ്‌നം കുടികൊള്ളുന്നത് വ്യവസ്ഥയുടെ ജീര്‍ണതകളിലാണ്. സ്വാര്‍ഥനിഷ്ഠമായ സാമൂഹിക- സാമ്പത്തിക ജീവിതത്തില്‍ സംഭവിച്ച ജീര്‍ണതകളും അഴിമതിയും മനുഷ്യന്‍ എന്ന് വിളിക്കാവുന്ന ആളുകളുടെ എണ്ണത്തെ പരിമിതപ്പെടുത്തുകയാണ്. കലഹന്ദിയില്‍ മാത്രമല്ല, ഇന്ത്യാരാജ്യത്ത് എവിടെയും മനുഷ്യത്വം മരവിച്ചുപോയ ആളുകളെ സൃഷ്ടിക്കുന്നതിന്റെ കാരണങ്ങള്‍ വ്യവസ്ഥയെ നയിക്കുന്നവരുടെ ജനദ്രോഹ നയങ്ങളാണെന്ന് കാണാം. മനുഷ്യ സ്‌നേഹം പണത്തിന് മുന്നില്‍ വറ്റിവരണ്ടുപോകുന്ന വ്യവസ്ഥിതിയാണ് മുതലാളിത്തം. അതില്‍തന്നെ ഏറ്റവും ജീര്‍ണമായ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയെ പ്രതിനിധാനം ചെയ്യുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ഒഡീഷ ഭരിക്കുന്നവരും വ്യത്യസ്തമായ സംസ്‌കാരം പേറുന്നവരല്ല.
എങ്കിലും നല്ല മനുഷ്യര്‍- ആദിവാസികള്‍ മുതല്‍ ബുദ്ധിജീവികള്‍- വരെ നമ്മുടെ നാട്ടിലുണ്ട്. വ്യവസ്ഥിതിയുടെ ജീര്‍ണതകള്‍ക്കെതിരെ പൊരുതാന്‍, വികസന വായാടിത്തത്തെ തുറന്നെതിര്‍ക്കാന്‍ പ്രാപ്തരായ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴുമുണ്ട്. അവര്‍ക്ക് ജാതിയില്ല. അവരോട് ജാതി ചോദിക്കാതിരിക്കുക. അവരുടെ ജാതി ഒന്നാണ്. മനുഷ്യജാതി.
മനുഷ്യന് വില കല്‍പ്പിക്കുന്ന ഒരു ഭരണകൂടം നമ്മുടെ രാജ്യത്ത് ഉണ്ടാവുന്ന കാലംവരെ ദാനാ മഝിമാര്‍ വീണ്ടും വീണ്ടും നമ്മുടെ മനസ്സില്‍ ദുഃഖചിത്രങ്ങളായി വന്നുകൊണ്ടിരിക്കും.