പൊതുപണിമുടക്കില്‍ നിന്ന് ഹജ്ജ് സര്‍വീസുകളെ ഒഴിവാക്കി

Posted on: August 29, 2016 11:54 pm | Last updated: August 29, 2016 at 11:54 pm

hajj 2016നെടുമ്പാശ്ശേരി: അടുത്ത മാസം രണ്ടാം തീയതി വിവിധ ട്രേഡ് യൂനിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്കില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട സര്‍വീസുകളെ ഒഴിവാക്കിയിട്ടുള്ളതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അരിയിച്ചു. ഇതുസംബന്ധമായി വിവിധ ട്രേഡ് യൂനിയന്‍ സംഘടനാ നേതാക്കള്‍ ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിലും, കെ എസ് ആര്‍ ടി സി ബസുകളിലുമായി ഓരോ ദിവസവും തീര്‍ഥാടകര്‍ അടക്കം നൂറുകണക്കിന് ആളുകളാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ എത്തുന്നുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ ഹജ്ജ് ക്യാമ്പിലേക്കെത്തുന്ന വാഹനങ്ങള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് ട്രേഡ് യൂനിയന്‍ ഭരവാഹികള്‍ അറിയിച്ചിട്ടുണ്ട്. ട്രെയിന്‍ മാര്‍ഗം എത്തുന്ന തീര്‍ഥാടകരെ ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഹജ്ജ് ക്യാംപില്‍ എത്തിക്കുന്നത്.
പണിമുടക്ക് കണക്കിലെടുത്ത് ക്യാംപിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാനുള്ള പരമാവധി മുന്‍കരുതല്‍ നടപടികളും ഹജ്ജ് കമ്മിറ്റി സ്വീകരിച്ചിട്ടുണ്ട്. ക്യാംപിലെ ഭക്ഷണശാലയില്‍ അന്നേ ദിവസം കൂടുതല്‍ പേര്‍ക്ക് ഭക്ഷണത്തിന് സൗകര്യം ഒരുക്കും. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നേരത്തേ ഹജ്ജ് ക്യാംപില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് പ്രത്യേകമായി താമസ സൗകര്യവും ഒരുക്കും.സെപ്റ്റംബര്‍ മൂന്നിന് യാത്ര തിരിക്കുന്ന ഹാജിമാരാണ് രണ്ടിന് ക്യാംപിലേക്ക് എത്തുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ മുന്‍ എം.എല്‍.എ എ എം യൂസഫ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഷെരീഫ് മണിയാട്ടു കുടി, അഹമ്മദ് ബാബു സേട്ട്, ചായിന്റടി മുഹമ്മദ് കുഞ്ഞ്, അസിസ്റ്റന്റ് സെക്രട്ടറി ഇ.സി.മുഹമ്മദ്, കോര്‍ഡിനേറ്റര്‍ മുജീബ് റഹ് മാന്‍ പുത്തലത്ത്, ഡി.എം.ഒ എന്‍ .എ. കുട്ടപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.