തീവ്രവാദവിരുദ്ധ പോരാട്ടത്തിന് ഖത്വര്‍- കുവൈത്ത് സഹകരണം

Posted on: August 29, 2016 7:35 pm | Last updated: August 30, 2016 at 8:16 pm

kuwaitദോഹ: തീവ്രവാദത്തിനും സംഘടിത കുറ്റകൃത്യത്തിനുമെതിരെ പോരാടുന്നതിന്റെ ഭാഗമായി ഇവസംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഖത്വര്‍- കുവൈത്ത് ധാരണ. ഈ മേഖലകളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കാനും ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചു. ഖത്വര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍താനിയുടെ കുവൈത്ത് സന്ദര്‍ശനത്തിനിടെ കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സ്വബാഹുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് കുവൈത്ത് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ മേഖലയിലും പ്രാദേശിക വിഷയങ്ങളിലും സഹകരണം മെച്ചപ്പെടുത്താന്‍ ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചിട്ടുണ്ട്. പരസ്പര സഹകരണത്തിലൂടെ തടസ്സങ്ങള്‍ മറികടക്കാനും മേഖലാപരവും അന്താരാഷ്ട്രതലത്തിലുമുള്ള ഇരുകൂട്ടര്‍ക്കും യോജിക്കാവുന്ന വിഷയങ്ങളില്‍ ഒരേകാഴ്ചപ്പാടോടെ നീങ്ങാനും തീരുമാനമായിട്ടുണ്ട്. മേഖലയിലെ സുരക്ഷാ വിഷയത്തില്‍ അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ സഹകരണം ശക്തമാക്കണമെന്ന ജി സി സി പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടത്തിയത്.
ഇന്നലെ രാവിലെ കുവൈത്തിലെത്തിയ പ്രധാനമന്ത്രിയെയും സംഘത്തെയും കുവൈത്ത് ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സ്വബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സ്വബാഹും ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സ്വബാഹും കുവൈത്തിലെ ഖത്വര്‍ അംബിസഡര്‍ ഹമദ് ബിന്‍ അലി അല്‍ ഹെന്‍സബും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ബയാന്‍ കൊട്ടാരത്തില്‍ വെച്ച് കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സ്വാബഹുമായി കൂടിക്കാഴ്ച നടത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ആശംസ പ്രധാനമന്ത്രി അറിയിച്ചു. ക്രൗണ്‍ പ്രിന്‍സ് ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സ്വബാഹും മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തു.
തുടര്‍ന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സ്വബാഹ് ഖത്വര്‍ പ്രധാനമന്ത്രിക്കും സംഘത്തിനും ഉച്ചവിരുന്നൊരുക്കി. ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജര്‍റ അല്‍ സ്വബാഹ്, ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനമന്ത്രിയുമായ അനസ് അല്‍ സ്വബാഹ് തുടങ്ങിയവര്‍ പങ്കെടുത്തു. സന്ദര്‍ശനത്തിന് ശേഷം വൈകുന്നേരത്തോടെ ഖത്വര്‍ സംഘം മടങ്ങി.