പോഷകാഹാരവും ഹൈടെക് ട്രെയിനിംഗുമില്ല; പക്ഷേ ഒംഗേരിക്ക് ഓടിയേതീരൂ

Posted on: August 29, 2016 7:31 pm | Last updated: August 29, 2016 at 7:31 pm

ദോഹ: പതിമൂന്ന് മണിക്കൂര്‍ നീണ്ട രാത്രിയിലെ സെക്യൂരിറ്റി ഗാര്‍ഡ് ജോലി കഴിഞ്ഞ് വന്ന മൈക്കല്‍ ഡഗ്ലസ് ഒംഗേരി നേരെ കിടക്കയിലേക്ക് ചായുകയല്ല. എട്ട് കിലോമീറ്റര്‍ അകലെയുള്ള അസ്പിയര്‍ പാര്‍ക്കിലേക്ക് നടക്കുകയാണ്, നാളെകളില്‍ അന്താരാഷ്ട്ര ഓട്ടത്താരമാകുമെന്ന ആഗ്രഹത്തെ ജ്വലിപ്പിച്ച് കൊണ്ട്. ആസ്പിയര്‍ പാര്‍ക്കിലാണ് ഓംഗെരി ഓടാനെത്തുന്നത്. വയറ്റുപ്പിഴപ്പിനല്ല ഈ കെനിയന്‍ യുവാവ് അന്താരാഷ്ട്ര ഓട്ടത്താരമാകാന്‍ കൊതിക്കുന്നത്. നിരവധി അന്താരാഷ്ട്ര ദീര്‍ഘദൂര ഓട്ടക്കാരുടെയും താരങ്ങളുടെയും ജന്മനാടായ കെനിയയിലെ ചെറുപ്പക്കാരുടെ രക്തത്തിലലിഞ്ഞ അത്‌ലറ്റിക്‌സ് സ്വപ്‌നമാണ് ഈ യുവാവിലേക്കും പകര്‍ന്നത്.
ആഴ്ചയില്‍ ആറ് ദിവസം ആസ്പയര്‍ പാര്‍ക്കില്‍ തന്റെ സ്വപ്‌നം പൂവണിയിക്കാനുള്ള അടങ്ങാത്ത ആഗ്രഹവുമായി ഒംഗേരിയെത്തും. 40 ഡിഗ്രിക്ക് മേലെ ഊഷ്മാവും ഈര്‍പ്പവും കാരണം കടുത്ത ചൂട് അനുഭവപ്പെടുന്നതൊന്നും ഒംഗേരിയുടെ സ്വപ്‌നത്തെ തളര്‍ത്തുന്നില്ല. അസ്പിയറിന്റെ പുല്‍ത്തകിടിയിലൂടെ 12 കിലോമീറ്റര്‍ അദ്ദേഹം ഓടും. മാസത്തില്‍ ലഭിക്കുന്ന 1400 ഖത്വര്‍ റിയാല്‍ ശമ്പളമാണ് അന്താരാഷ്ട്ര താരമാകാന്‍ കൊതിക്കുന്ന ഈ യുവാവിനുപള്ളത്. കാശ് ഇല്ലാത്തതിനാല്‍ പലപ്പോഴും വെറുംവയറ്റില്‍ പരിശീലനത്തിന് ഇറങ്ങേണ്ടിവന്നിട്ടുണ്ട്. മധ്യ, ദീര്‍ഘദൂര ഓട്ടക്കാരനാകുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിവുള്ളയാണ് ഒംഗേരിയെന്ന് ദോഹ അത്‌ലറ്റിക്‌സ് ക്ലബ് (ഡാക്) സ്ഥാപകയും നടത്തിപ്പുകാരിയുമായ മുന്‍ അത്‌ലറ്റ് ലിസ് മക്ഒള്‍ഗാന്‍ പറയുന്നു. ആഴ്ചയില്‍ രണ്ട് വട്ടം ലിസിന്റെയും ഭര്‍ത്താവ് ജോണ്‍ നുട്ടാലിന്റെയും സേവനം ഒംഗേരിക്ക് ലഭിക്കുന്നുണ്ട്.