ഇന്ത്യയില്‍ ശാഖകള്‍ ആരംഭിക്കാന്‍ ഖത്വര്‍ നാഷനല്‍ ബേങ്കിന് അനുമതി

Posted on: August 29, 2016 7:30 pm | Last updated: August 29, 2016 at 7:30 pm

ദോഹ: രാജ്യത്തെ മുന്‍ നിര ബേങ്കായ ഖത്വര്‍ നാഷനല്‍ ബേങ്കിന് ഇന്ത്യയില്‍ ശാഖഖകള്‍ തുടങ്ങാന്‍ അനുമതി ലഭിച്ചു. രാജ്യത്ത് ബേങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അനുമതിയാണ് റഗുലേറ്ററി അതോറിറ്റിയില്‍നിന്നും ലഭിച്ചതെന്ന് ക്യു എന്‍ ബി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ബേങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ബ്രാഞ്ചുകള്‍ തുടങ്ങുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് ബേങ്കിംഗ് മേഖലയില്‍ സമഗ്രമായ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദേശ ബേങ്കുകള്‍ക്ക് ഇന്ത്യ പ്രവര്‍ത്തനാനുമതി നല്‍കുന്നത്. ദോഹ ബേങ്ക് ബ്രാഞ്ചുകള്‍ നേരത്തേ ആരംഭിച്ചിരുന്നു. കൊച്ചി ലുലുമാളില്‍ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തത്. കൂടുതല്‍ ബേങ്കുകള്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തയാറെടുക്കുന്നുണ്ട്. ഖത്വറില്‍ വ്യാപാര, വ്യവയാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ജോലിക്കാരുമായ പ്രവാസികള്‍ക്ക് ഒരേ ബേങ്കിലൂടെ ഇടപാടുകള്‍ നടത്തുന്നതിന് അവസരം സൃഷ്ടിക്കുന്നതു കൂടിയാണ് ഖത്വര്‍ ബേങ്കുകളുടെ ഇന്ത്യന്‍ പ്രവേശം.
ക്യു എന്‍ ബിക്ക് നേരിട്ടും വിവിധ ഉപസ്ഥാപനങ്ങളുമായി സഹകരിച്ചും മൂന്നു ഭൂഖണ്ഡങ്ങളിലെ 30 രാജ്യങ്ങളില്‍ സേവന സാന്നിധ്യമുണ്ട്. അഡ്വാന്‍സ്ഡ് ബേങ്കിംഗ് സേവനങ്ങളാണ് ക്യു എന്‍ ബി നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 27,300 ജീവനക്കാരാണ് ബേങ്കിന്റെ ഭാഗമായും രാജ്യത്തിനകത്തും പുറത്തുമായി ജോലി ചെയ്യുന്നത്. 1,200 പ്രദേശങ്ങളില്‍ സാന്നിധ്യവും 4,300 എ ടി എമ്മുകളും ക്യു എന്‍ ബിക്കുണ്ട്. പ്രസിദ്ധമായ തുര്‍ക്കി ഫിനാന്‍സ് ബേങ്ക് ആഴ്ചകള്‍ക്കു മുമ്പ് ക്യു എന്‍ ബി ഏറ്റെടുത്തിരുന്നു. 2020 ഓടെ മിഡില്‍ ഈസ്റ്റിലെ മുന്‍നിര ബേങ്കാകുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്യു എന്‍ ബി പ്രവര്‍ത്തിച്ചു വരുന്നത്.