എയര്‍പോര്‍ട്ടില്‍ സര്‍വീസ് നിരക്ക്; കണക്ഷന്‍ യാത്രക്കാര്‍ക്ക് ഇരട്ട ഭാരം

Posted on: August 29, 2016 7:29 pm | Last updated: August 30, 2016 at 8:16 pm

doha airportദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരില്‍നിന്നും ഡിസംബര്‍ ഒന്നു മുതല്‍ പ്രത്യേക സര്‍വീസ് നിരക്ക് ഈടാക്കും. 35 റിയാല്‍ ഈടാക്കണമെന്നാണ് അറിയിപ്പ്. എന്നാല്‍ ചില വിമാനക്കമ്പനികള്‍ ഇത് 40 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്. ദോഹയില്‍ നിന്നും യു എ ഇ എയര്‍പോര്‍ട്ടുകള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇരട്ട സര്‍വീസ് നിരക്കാണ് ഫലത്തില്‍ നല്‍കേണ്ടി വരുക.
സര്‍വീസ് നിരക്ക് ഈടാക്കുന്ന വിവരം എയര്‍പോര്‍ട്ട് അധികൃതര്‍ കഴിഞ്ഞ ദിവസം വിമാനക്കമ്പനികളെ അറിയിച്ചു. ഇതനുസരിച്ച് ഖത്വര്‍ എയര്‍വേയ്‌സ് 35 റിയാലണ് സര്‍വീസ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. തങ്ങളും ഖത്വര്‍ എയര്‍വേയ്‌സ് നിരക്ക് പിന്തുടരാനാണ് ആലോചിക്കുന്നതെന്ന് ജെറ്റ് എയര്‍വേയ് പ്രതിനിധി അറിയിച്ചു.
അതേസമയം, ചില വിമാന കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ 40 റിയാല്‍ ഈടാക്കും എന്നാണ് പറയുന്നത്. ഡിപ്പാര്‍ച്ചര്‍ ചാര്‍ജ് എന്ന പേരില്‍ ദോഹയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഹമദ് വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഫീസ് ബാധകമായിരിക്കും. നിരക്ക് ടിക്കറ്റിനൊപ്പം തന്നെ ഈടാക്കുന്നതിനാണ് ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ച നിര്‍ദേശം. ഡിസംബര്‍ ഒന്നു മുതലുള്ള ദിവസങ്ങളിലെ യാത്രക്കു വേണ്ടി ഈ മാസം 30 മുതല്‍ ഇഷ്യൂ ചെയ്യുന്ന ടെക്കറ്റുകള്‍ക്ക് എയര്‍പോട്ട് ഡിപ്പാര്‍ച്ചര്‍ നിക്ക് നല്‍കേണ്ടി വരും. വിവിധ എയര്‍ലൈനുകള്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചതായി ഖത്വറിലെ ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നും ദോഹ വഴി യാത്രചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാരില്‍ ഒരു മണിക്കൂര്‍ ഹമദ് വിമാനത്താവളത്തില്‍ തങ്ങുന്നവരും സര്‍വീസ് ചാര്‍ജ് നല്‍കണം. വിമാനം ഇറങ്ങിക്കയറാനുള്ള മിനിമം സമയാണ് ഒരു മണിക്കൂറെന്നതിനാല്‍ ഫലത്തില്‍ വിമാനത്തില്‍ നിന്നറങ്ങാതെ യാത്ര തുടരുന്നവരൊഴികെയുള്ളവരെല്ലാം നിരക്ക് ഒടുക്കേണ്ടി വരും.
ടിക്കറ്റിനൊപ്പം നിരക്ക് ഈടാക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് നിരക്കായാണ് ട്രാവല്‍സുകളില്‍നിന്നും വിമാന കമ്പനികളുടെ ഓണ്‍ലൈനുകളില്‍നിന്നും അറിയാനാകുക. നിരക്കുകളുടെ വിശദാംശം പരിശോധിക്കുമ്പോള്‍ മാത്രമേ ഡിപ്പാര്‍ച്ചര്‍ നിരക്ക് വേര്‍തിരിച്ചറിയാന്‍ കഴിയൂ എന്നും ട്രാവല്‍സ് വൃത്തങ്ങള്‍ പറയന്നു. എന്നാല്‍ ഇത് മിനിമം ടിക്കറ്റ് നിരക്ക് ഉയരാന്‍ ഇടയാക്കുമെന്ന് അവര്‍ പറയുന്നു. യു എ ഇ വിമാനത്താവളങ്ങളില്‍ ഈ വര്‍ഷം മധ്യത്തോടെ എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫീ എന്ന പേരില്‍ 35 റിയാല്‍ ഈടാക്കിത്തുടങ്ങിയിരുന്നു. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഇതു ബാധകമാണ്. ദോഹയില്‍ നിന്നും മലയാളികളുള്‍പ്പെടെ നിരവധി പേര്‍ യു എ ഇ വിമാനങ്ങളില്‍ കണക്ഷന്‍ ടിക്കറ്റില്‍ യാത്ര ചെയ്യാറുണ്ട്. ഈ യാത്രക്കാര്‍ ഇനി മുതല്‍ രണ്ടു രാങ്ങളിലെയും എയര്‍പോര്‍ട്ട് സേവന നിരക്ക് ടിക്കറ്റില്‍ അധികമായി നല്‍കേണ്ടി വരും.