Connect with us

Gulf

വന്‍കിട അഴുക്കുചാല്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായതായി അശ്ഗാല്‍

Published

|

Last Updated

ദോഹ: ബിന്‍മഹ്മൂദിലെ വന്‍കിട സമഗ്ര അഴുക്കുചാല്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായതായി അശ്ഗാല്‍ അറിയിച്ചു. അല്‍ജസീറ സ്ട്രീറ്റില്‍ നിന്ന് ജി സി സി സ്ട്രീറ്റിലെ അല്‍മഹാ ഇന്റര്‍സെക്ഷനിലേക്കുള്ള അഴുക്കുചാല്‍ പദ്ധതിയാണ് പൂര്‍ത്തീകരിച്ചത്.
2013 ഡിസംബറില്‍ ആരംഭിച്ച നവീകരണ പ്രവൃത്തികള്‍ ഇക്കഴിഞ്ഞ ജൂലൈയിലാണ് പൂര്‍ത്തിയായത്. മലിനജല നിര്‍ഗമനം പൂര്‍ണമായി അഞ്ച് മുതല്‍ 31 വരെയുള്ള പമ്പിംഗ് സ്റ്റേഷനുകള്‍ വഴി തിരിച്ചു വിടുന്നതിനായി ചില പമ്പിംഗ് സ്റ്റേഷനുകള്‍ ഒഴിവാക്കിയതായും അശ്ഗാല്‍ അറിയിച്ചു. മുശൈരിബിലെ തത്കാലിക പമ്പിംഗ് സ്റ്റേഷന്‍, അല്‍ബിദ പാര്‍ക്ക് പമ്പിംഗ് സ്റ്റേഷന്‍, ഹമദ് മെഡിക്കല്‍ സിറ്റിക്കടുത്ത സ്‌റ്റേഷന്‍, ടെന്നിസ് സ്‌ക്വാഷ് കോംപ്ലക്‌സിനടുത്ത സ്റ്റേഷന്‍ എന്നിവയാണ് പ്രവര്‍ത്തനം നിര്‍ത്തി വെച്ചത്.
പ്രവര്‍ത്തന, പരിപാലനച്ചെലവ് കുറക്കുന്നതിനായാണ് അഴുക്കുചാല്‍ പൈപ്പ് ലൈന്‍ ഘടന മാറ്റിയതെന്ന് അശ്ഗാല്‍ അറിയിച്ചു. ഉപകരണങ്ങളുടെ കേടുപാടു സാധ്യത ഇല്ലാതാക്കാനും പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്താനും അഴുക്കുജലെ പുറംതള്ളുന്ന പ്രവര്‍ത്തനം വേഗത കൂട്ടാനും നവീകരണം വഴി സാധിക്കും.
അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ പമ്പിംഗ് സ്റ്റേഷനുകളോടു ചേര്‍ന്ന ഒഴുക്കു തിരിച്ചു വിടുന്ന ചേംബറുകള്‍ വഴി സമാന്തര മലിനജല ശുചീകരണ പ്ലാന്റുകളിലേക്ക് വെള്ളം തിരിച്ചു വിടാനും സാധിക്കും. പ്രത്യേക സാഹചര്യങ്ങളില്‍ ദോഹയുടെ വടക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലുള്ള ശുചീകരണ പ്ലാന്റുകളിലേക്ക് (ഡബ്ല്യു ഡബ്ല്യു ടി പി) അഴുക്കു ജലം തിരിച്ചുവിടുകയാണ് ലക്ഷ്യം.
മിശൈരിബ്, ബിന്‍ മഹ്മൂദ് വികസന പദ്ധതികള്‍ക്ക് 66 ദശലക്ഷം റിയാല്‍ ചെലവുള്ള അഴുക്കുചാല്‍ പദ്ധതി സഹായകമാകും. കൂടുതല്‍ അളവിലും വേഗത്തിലും അഴുക്കു ജലം കൊണ്ടുപോകാന്‍ പുതുതായി സ്ഥാപിച്ച പൈപ്പുകള്‍ക്കു കഴിയുമെന്ന് അശ്ഗാല്‍ അറിയിച്ചു. നടന്നുവരുന്നതും പുതുതായി വരാനിരിക്കുന്നതുമായ വികസന പദ്ധതികള്‍ക്ക് യാതൊരു തടസ്സവുമുണ്ടാക്കാത്ത വിധമാണ് അഴുക്കുചാല്‍ പദ്ധതി പൂര്‍ത്തീകരിച്ചതെന്ന് അശ്ഗാല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. റോഡ് ടണല്‍ പ്രൊജക്ട്, അല്‍ബിദ മെട്രോ സ്‌റ്റേഷനിലെ കാല്‍നടയാത്രക്കാര്‍ക്കുള്ള ടണല്‍ എന്നിവയുമായി കൂട്ടിമുട്ടാത്ത തരത്തിലാണ് മൈക്രോ ടണലിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പദ്ധതി പൂര്‍ത്തീകരിച്ചത്.
1200 എം എം ഉള്ളളവുള്ള നാലു കിലോമീറ്റര്‍ ഇന്റ്‌സെപ്റ്റര്‍ പൈപ്പ് ലൈനും 800 എം എം ഉള്ളളവില്‍ 1.2 കിലോ മീറ്റര്‍ മുഖ്യ ഭൂഗര്‍ഭ പൈപ്പ് ലൈനുമാണ് സ്ഥാപിച്ചത്. കൂടാതെ 200 എം എം, 400 എം എം ഭൂഗര്‍ഭ പൈപ്പ് ലൈനുകളും ആഴമേറിയ മാന്‍ഹോളുകളും പദ്ധതിയുടെ ഭാഗമായി നിര്‍ച്ചുവെന്ന് അശ്ഗാല്‍ അറിയിച്ചു.

Latest