Connect with us

Gulf

വിദ്യാലയ മുറ്റത്ത് വീണ്ടും അവരെത്തി: തുടക്കം ആഘോഷമാക്കി കുരുന്നുകള്‍

Published

|

Last Updated

ഷാര്‍ജ: വേനലവധിക്ക് ശേഷമുള്ള ആദ്യദിനം ആഘോഷമാക്കി കുരുന്നു വിദ്യാര്‍ഥികള്‍. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ കെ ജി ടു വിദ്യാര്‍ഥികളെ അണിനിരത്തി സ്‌കൂള്‍ അധികൃതര്‍ വര്‍ണാഭമായ പരിപാടികളൊരുക്കി.
വര്‍ണക്കുടകള്‍ ചൂടിയും ബലൂണുകള്‍ ഏന്തിയും അണിനിരന്ന കുട്ടികള്‍ വിവിധ രൂപങ്ങളുടെ വേഷങ്ങളും ധരിച്ചു. വി ആര്‍ ഹാപ്പി ടു ഓപ്പണ്‍ സ്‌കൂള്‍ എന്നും മറ്റും ആലേഖനം ചെയ്ത പ്ലകാര്‍ഡുകളും വഹിച്ച് കുട്ടികള്‍ മുദ്രാവാക്യം മുഴക്കി. സ്‌കൂള്‍ മുറ്റമായിരുന്നു വേദി. വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഏറെ ആകര്‍ഷകമായിരുന്നു. കുട്ടികളോടൊപ്പം അധ്യാപകരും പങ്കെടുത്തു. പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യനാള്‍ തന്നെ കുട്ടികളെ സന്തോഷകരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയത്. കുരുന്നു കുട്ടികളിലും ഇത് സന്തോഷവും ആഹ്ലാദവും സൃഷ്ടിച്ചു. ഉത്സവ പ്രതീതിയായിരുന്നു അവരില്‍ ജനിപ്പിച്ചത്.
ഇത്തരം വൈവിധ്യമാര്‍ന്ന പരിപാടികള്‍ കുട്ടികള്‍ക്ക് ഏറെ മാനസികോല്ലാസം പകരുമെന്ന് പ്രിന്‍സിപ്പാള്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. തുടക്കം തന്നെ ആഹ്ലാദകരമാകുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ സന്തോഷം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ വിദ്യാര്‍ഥികളും ആഹ്ലാദത്തോടെയാണ് വിദ്യാലയങ്ങളിലെത്തിയത്. അവധിക്കാലത്തെ വിശേഷങ്ങളും അനുഭവങ്ങളും സഹ പാഠികളുമായി അവര്‍ പങ്കുവെച്ചു. രണ്ട് മാസത്തിലേറെയാണ് ഇത്തവണ അവധി ലഭിച്ചത്.
പലരും അവധി ആഘോഷിക്കാനായി നാട്ടിലെത്തിയിരുന്നു. മിക്ക കുട്ടികളും ക്ലാസുകളില്‍ ഹാജരായിരുന്നു.
അതേസമയം വിദ്യാലയങ്ങള്‍ തുറന്നതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു തുടങ്ങി. എമിറേറ്റിന്റെ പല ഭാഗങ്ങളിലും വന്‍ ഗതാഗത കുരുക്കാണ് ഇന്നലെ കാണാനായത്. പല നിരത്തുകളിലും വാഹനങ്ങള്‍ ദീര്‍ഘനേരം കുടുങ്ങി.
പ്രധാന നിരത്തുകളിലെല്ലാം നല്ല തിരക്കനുഭവപ്പെട്ടു. സ്‌കൂള്‍ ബസുകള്‍ പലതും നിശ്ചിത സമയത്തില്‍ നിന്നും വൈകിയാണ് വിദ്യാലയങ്ങളിലെത്തിയത്.