സിന്ധു, സാക്ഷി, ദീപ, ജിത്തു റായ് എന്നിവര്‍ ഖേല്‍രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി

Posted on: August 29, 2016 2:23 pm | Last updated: August 30, 2016 at 12:25 am

sinduരാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാള്‍ കായിക പ്രതിഭകളാല്‍ സമ്പന്നമായ ദിനമായിരുന്നു ഇന്നലെ. ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന്റെ ഓര്‍മകളില്‍ രാജ്യം ദേശീയ കായിക ദിനം ആചരിക്കുന്ന സന്ദര്‍ഭത്തില്‍ കായിക പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന ദിനം. ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രപതി നാല് പേര്‍ക്ക് ഒരേ സമയം ഖേല്‍രത്‌ന സമ്മാനിച്ചു എന്നതാണ് പ്രത്യേകത. റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധു, ഗുസ്തിയില്‍ വെങ്കലമണിഞ്ഞ സാക്ഷി മാലിക്ക്, ജിംനാസ്റ്റിക്‌സില്‍ വിസ്മയപ്രകടനം പുറത്തെടുത്ത ദീപ കര്‍മാകര്‍ എന്നീ വനിതകള്‍ ഖേല്‍രത്‌ന ഏറ്റുവാങ്ങി. നാലാമത്തെ താരം പുരുഷ വിഭാഗം ഷൂട്ടിംഗില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയ ജിത്തു റായ് ആണ്.
ഉച്ചയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അവാര്‍ഡുകള്‍ വിതരണം ചെയ്തു. അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് അവാര്‍ഡുകളും ചടങ്ങില്‍ രാഷ്ട്രപതി വിതരണം ചെയ്തു.
വിരാട് കോഹ്‌ലിയുടെ പരിശീലകന്‍ രാജ് കുമാര്‍ ശര്‍മ, മഹാവീര്‍ സിംഗ് (ഗുസ്തി), എസ്. പ്രദീപ് കുമാര്‍ (നീന്തല്‍), ബിശേശ്വര്‍ നന്ദി, സാഗര്‍ മാല്‍ ദയാല്‍ (ബോക്‌സിംഗ്), നാഗപുരി രമേശ് എന്നിവര്‍ ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. രജത് ചൗഹാന്‍ (അമ്പെയ്ത്ത്), ലളിത ബാബര്‍ (അത്‌ലറ്റിക്‌സ്), സൗരവ് കോത്താരി (ബില്യാര്‍ഡ്‌സ്), ശിവ ഥാപ്പ (ബോക്‌സിംഗ്), അജിങ്ക്യ രഹാനെ (ക്രിക്കറ്റ്), സുബ്രത പോള്‍ (ഫുട്‌ബോള്‍), റാണി (ഹോക്കി), വി.ആര്‍. രഘുനാഥ് (ഹോക്കി), ഗുര്‍പ്രീത് സിംഗ് (ഷൂട്ടിംഗ്), അപൂര്‍വി ചന്ദേല (ഷൂട്ടിംഗ്), സൗമ്യജിത് ഘോഷ് (ടേബിള്‍ ടെന്നിസ്), വിനേഷ് (ഗുസ്തി), അമിത് കുമാര്‍ (ഗുസ്തി), സന്ദീപ് സിംഗ് മന്‍ (പാരാ അത്‌ലറ്റിക്‌സ്) വീരേന്ദര്‍ സിംഗ് (ഗുസ്തി) എന്നിവരാണ് അര്‍ജുന അവാര്‍ഡിന് അര്‍ഹരായവര്‍.
സതി ഗീത (അത്‌ലറ്റിക്‌സ്), സില്‍വാനസ് ദംഗ് ദംഗ് (ഹോക്കി), രാജേന്ദ്ര പ്രഹ്ലാദ് ഷേല്‍കെ (തുഴച്ചില്‍) എന്നിവര്‍ ധ്യാന്‍ ചന്ദ് പുരസ്‌കാരങ്ങളും ഏറ്റുവാങ്ങി.
പ്രസന്നവദനയായ സാക്ഷി മാലിക്കിന് മാധ്യമപ്പടയോട് ഗുസ്തി പിടിക്കാനൊന്നും താത്പര്യമില്ലായിരുന്നു. ചിരിച്ചു കൊണ്ട് മറുപടി. നിങ്ങള്‍ ഇപ്പോള്‍ എന്നെ അഭിമുഖം ചെയ്യാന്‍ ഒരുങ്ങരുത്. അതിനുള്ള നേരമില്ല. നമുക്ക് പിന്നീട് കാണാം എന്നായിരുന്നു സാക്ഷിയുടെ മറുപടി. വിവാഹ വാര്‍ത്തകള്‍ പുറത്തു വന്നതോടെ സാക്ഷിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ മാധ്യമങ്ങള്‍ തിടുക്കം കൂട്ടിയെങ്കിലും സാക്ഷി ഒഴിഞ്ഞു മാറി.
റിയോയില്‍ മത്സരത്തിനിടെ പരുക്കേറ്റ വിനേഷ് ഫൊഗറ്റ് അര്‍ജുന പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയിരുന്നു. വീല്‍ ചെയറിലായിരുന്നു വിനേഷ്. നിരാശ മുഖത്തുണ്ടായിരുന്നു. എന്താണ് റിയോയില്‍ സംഭവിച്ചതെന്നതിനെ കുറിച്ച് പറയുവാന്‍ ഒരുങ്ങുമ്പോള്‍ വിനേഷിന്റെ കണ്ഠമിടറും. പലരും ആശ്വസിപ്പിച്ചു. പക്ഷേ താരം കരയാതെ പിടിച്ചു നിന്നു. ആറ് മാസമെങ്കിലും കഴിയാതെ എനിക്ക് തിരിച്ചുവരവില്ല. എന്റെ വേദന ഞാന്‍ സഹിക്കട്ടെ – വിനേഷ് വിങ്ങി.
വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ റിയോയില്‍ ഫൈനലിലെത്തിയ ലളിത ബാബര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത് ഈ ഇനത്തില്‍ കൂടുതല്‍ താരങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നതാണ്. ഞാനും സുധയും മാത്രമാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ആഭ്യന്തര മത്സരങ്ങളില്‍ പോലും ഞങ്ങളെ എതിര്‍ക്കാന്‍ താരങ്ങള്‍ ഇല്ല. ഇത് ശുഭകരമല്ല, മത്സരമുണ്ടാകുമ്പോഴേ മികച്ച പ്രകടനത്തിന് ഞങ്ങളും നിര്‍ബന്ധിതരാകൂ – ലളിത പറഞ്ഞു.