അക്രമം ഉപേക്ഷിക്കുന്നവരോട് മാത്രം ചര്‍ച്ച: മെഹ്ബൂബ മുഫ്തി

Posted on: August 29, 2016 8:39 am | Last updated: August 29, 2016 at 8:39 am
SHARE

mehabooba-mufti.jpg.image.784.410ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുക അക്രമം ഉപേക്ഷിക്കുന്നവരോട് മാത്രമായിരിക്കുമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ദേശീയ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജനങ്ങള്‍ക്ക് ചര്‍ച്ചയില്‍ ഉളള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞ സാഹചര്യത്തില്‍ ചര്‍ച്ച നടക്കണമെങ്കില്‍ ബന്ധപ്പെട്ടവര്‍ അതിന് അനുകൂലമായ സാഹചര്യം ഒരുക്കേണ്ടതുണ്ട്. നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള ഒരു മാര്‍ഗമായി ചര്‍ച്ച മാറുന്ന സാഹചര്യമുണ്ടാകണം. ഇതിന് വിശ്വാസയോഗ്യരായ ആളുകളെ ചര്‍ച്ചക്ക് രംഗത്തിറക്കണം. നിലവില്‍ കശ്മീര്‍ താഴ്‌വര നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സമാധാനം ആഗ്രഹിക്കുന്ന ആര്‍ക്കും സഹായിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സുരക്ഷാസേനയുടെ ക്യാമ്പുകള്‍ അക്രമിക്കാനും ഘെരാവോ ചെയ്യാനും യുവാക്കളെ ഇപ്പോഴും ഒരു സംഘം പ്രകോപിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഇവര്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ഒരു മാസത്തിനിടെ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന് കരുതരുതെന്ന് അവര്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് സ്വീകരിച്ച നടപടികളില്‍ നിന്നാണ് കശ്മീര്‍ ചര്‍ച്ച തുടങ്ങേണ്ടത്. കശ്മീര്‍ വിഷയം പരിഹരിക്കുന്നതില്‍ ആത്മാര്‍ഥമായി പരിശ്രമിച്ച പ്രധാനമന്ത്രിയായിരുന്നു വാജ്‌പേയിയെന്നും മെഹ്ബൂബ പറഞ്ഞു. കശ്മീര്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്‍ഷ എന്ന പെണ്‍കുട്ടിയെയും മെഹ്ബൂബ മുഫ്തി സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here