അട്ടപ്പാടി ജലസേചന പദ്ധതി: പരിസ്ഥിതി പഠനത്തിന് കേന്ദ്രാനുമതി

Posted on: August 29, 2016 8:34 am | Last updated: August 29, 2016 at 8:34 am

attappady riverപാലക്കാട്: അട്ടപ്പാടി ജലസേചന പദ്ധതിയില്‍ തമിഴ്‌നാടിന്റെ അഭിപ്രായം ആരായണമെന്ന നിലപാടില്‍ നിന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പിന്നാക്കം പോയി. പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി പഠനത്തിന് കേരളത്തിന് കേന്ദ്രം അനുമതിനല്‍കുകയും ചെയ്തു. പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം മെയ് അഞ്ചിന് തമിഴ്‌നാടിന്റെ അഭിപ്രായം തേടി കേരളം കത്തയച്ചിരുന്നു. എന്നാല്‍, തമിഴ്‌നാട് മറുപടി നല്‍കിയില്ല. ഇതോടെ കേരളം വീണ്ടും മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.
അഗളി പഞ്ചായത്തിലെ ചിറ്റൂരില്‍ ശിരുവാണിപ്പുഴക്ക് കുറുകെ തടയണ നിര്‍മിക്കുന്ന പദ്ധതിക്ക് 1970ലാണ് തുടക്കംകുറിച്ചത്. സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലൊന്നായ കിഴക്കന്‍ അട്ടപ്പാടിയിലെ 4900 ഹെക്ടര്‍ സ്ഥലം കൃഷിയോഗ്യമാക്കാനും ആദിവാസികള്‍ക്കുള്‍പ്പടെ കുടിവെള്ളവും ഉപജീവനമാര്‍ഗവും ഉറപ്പുവരുത്താനുമാണ് പദ്ധതി. കാവേരി ട്രൈബ്യൂണല്‍ വിധിയനുസരിച്ച് കേരളത്തിന് 2.87 ടി എം സി ജലം ലഭിക്കേണ്ടത് ഈ പദ്ധതി വഴിയാണ്.
എന്നാല്‍, മൂന്ന് പതിറ്റാണ്ടിലേറെയായി തമിഴ്‌നാടാണ് ഈ ജലം ഉപയോഗിക്കുന്നത്. അന്തര്‍സംസ്ഥാന അതിര്‍ത്തിക്കടുത്തുള്ള പദ്ധതിയായതിനാല്‍ തമിഴ്‌നാടിന്റെ നിലപാട് തേടേണ്ടത് അനിവാര്യമാണെന്നാണ് കേന്ദ്രം ആവര്‍ത്തിച്ചത്. എന്നാല്‍, ആഗസ്റ്റ് രണ്ടാം വാരം ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തില്‍ കേരള ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം സമ്മര്‍ദം ശക്തമാക്കി. ഇതേത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റം.
പരിസ്ഥിതി മന്ത്രാലയവും കേരളവും നല്‍കിയ കത്തുകള്‍ക്ക് തമിഴ്‌നാട് മറുപടി നല്‍കാത്തതിനാല്‍ ഇനിയും കാത്തിരിക്കേണ്ടതില്ലെന്ന് സമിതി വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിക്കായി ശിരുവാണിപ്പുഴക്ക് കുറുകെ തടയണ നിര്‍മിക്കാന്‍ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ചു.
302 ഹെക്ടര്‍ ഭൂമി ആവശ്യമായ പദ്ധതിക്ക് വേണ്ടി 226 ഹെക്ടര്‍ സ്വകാര്യ ഭൂമിയും ഏറ്റെടുക്കണം. ഇതില്‍ ആദിവാസി ഭൂമി ഉള്‍പ്പെടുന്നതിനാല്‍ ആദിവാസികളുടെ പുനരധിവാസത്തിന് വിശദമായ പദ്ധതി തയ്യാറാക്കണം. മഴക്കാലത്തും വേനല്‍ക്കാലത്തും ലഭ്യമായ ജലത്തിന്റെ അളവ് കണ്ടെത്താന്‍ പഠനം നടത്തണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ഷോളയൂര്‍, അഗളി, കോട്ടത്തറ എന്നിവിടങ്ങളില്‍ ജലസേചനത്തിനായി കനാലുകളും പൈപ്പ് ലൈനുകളും സ്ഥാപിക്കാനാണ് തീരുമാനം.