Connect with us

Kasargod

വര്‍ഷമേതുമാകട്ടെ, ഈ സഹോദരങ്ങള്‍ക്ക് പിറന്നാള്‍ ഒരേ ദിനം

Published

|

Last Updated

നീലേശ്വരം: ഗണിത ശാസ്ത്രത്തിലെ അപൂര്‍വ സമസ്യയാണ് ഒളവറ സ്വദേശി മാടമ്പില്ലത്ത് അബ്ദുര്‍റസാഖ്- എന്‍ കെ പി സുഹറ ദമ്പതിമാരുടെ മക്കളുടെ പിറന്നാള്‍ ദിനങ്ങള്‍. ജനനത്തീയതികള്‍ വ്യത്യസ്തമാണെങ്കിലും, വര്‍ഷമേതായാലും ഈ സഹോദരങ്ങളുടെ പിറന്നാള്‍ ഒരേ ദിവസമാണ് വരിക. കുട്ടികള്‍ തന്നെയാണ് ഈ അപൂര്‍വത കണ്ടെത്തിയത്.
മുഹമ്മദ് സര്‍ഫറാസ് (1997 സെപ്തംബര്‍ രണ്ട് ചൊവ്വ), മുഹമ്മദ് ഷംനാസ് (2001 ഏപ്രില്‍ 29 ഞായര്‍), മുഹമ്മദ് നബീല്‍ (2006 മെയ് 13 ശനി) എന്നിവരുടെ പിറന്നാള്‍ ഈ വര്‍ഷം വെള്ളിയാഴ്ചകളിലാണ് ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷമാകട്ടെ ഇത് ബുധനാഴ്ചകളിലായിരുന്നു. കുട്ടികളുടെ പിറവിക്ക് മുന്നിലും ശേഷവുമുള്ള 1900 മുതല്‍ 2050 വരെയുള്ള കലണ്ടറുകള്‍ കൗതുകത്തിന് പരിശോധിച്ചപ്പോള്‍ അതിലും ഈ അപൂര്‍വത തന്നെ. അധിവര്‍ഷങ്ങളില്‍ പോലും കടുകിട മാറുന്നില്ല ഈ ദിവസ വിസ്മയം.
ലോകത്താകമാനം വിവര സാങ്കേതിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ച വൈ ടു കെ (2000) ഉണ്ടായിട്ടുപോലും ഈ സഹോദരങ്ങളുടെ പിറന്നാള്‍ ദിനങ്ങള്‍ ഒരേ ദിവസമായിരുന്നു, ശനിയാഴ്ച. അടുത്ത വര്‍ഷവും ശനിയാഴ്ചയാണ് ഇവരുടെ പിറന്നാള്‍.
ഇത്തരം സമസ്യകള്‍ പ്രത്യേകം പഠന വിധേയമാക്കിയാല്‍ അക്കങ്ങള്‍ സൃഷ്ടിക്കുന്ന കൗതുകം ചുരുളഴിക്കാന്‍ സാധിക്കുമെന്ന് ഗണിതശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

Latest