നാട്ടിലെ ആസ്തി കണക്കാക്കി വിദേശ ഇന്ത്യക്കാരില്‍ നിന്ന് നികുതി ഈടാക്കും

Posted on: August 29, 2016 8:23 am | Last updated: August 29, 2016 at 8:23 am

TAXമസ്‌കത്ത്: വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുകയോ താമസിക്കുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ നാട്ടില്‍ നിന്നുള്ള വരുമാനം അടിസ്ഥാനപ്പെടുത്തി നികുതി ഈടാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. സ്വത്തുവകകള്‍ കണക്കാക്കുന്നതിനും ആസ്തി പ്രഖ്യാപിക്കുന്നതിനുമുള്ള സമയ പരിധി അടുത്ത മാസം 30ന് അവസാനിക്കും. സെപ്തംബര്‍ 30ന് ശേഷം വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയില്‍ ലഭിക്കുന്ന വരുമാനത്തിന് നികുതി നല്‍കേണ്ടിവരും.
പുതുതായി തുടക്കം കുറിച്ച വരുമാന പ്രഖ്യാപന പദ്ധതി (ഐ എസ് ഡി) 2016 പ്രകാരം എല്ലാ ഇന്ത്യക്കാരും ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തിന്റെ സ്രോതസ്സ് രേഖപ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നു. വൃക്തമായ വരുമാന ഉറവിടം ഇല്ലെങ്കില്‍ വിദേശ ഇന്ത്യക്കാര്‍ ആദായ നികുതി ചട്ടത്തിന്റെ പരിധിയില്‍ വരും. ഉറവിടം വ്യക്തമാക്കാന്‍ കഴിയാത്ത പക്ഷം ഇത് അനധികൃത വരുമാനത്തില്‍ ഉള്‍പ്പെടുത്തും.
കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെ നടത്തുന്ന വിവിധ നടപടികളുടെ ഭാഗമായാണ് ഈ പദ്ധതിയെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന് നാട്ടിലെ വിവിധ വ്യവസായങ്ങളില്‍ നിക്ഷേപിക്കുന്ന രീതി പ്രവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉറവിടം വ്യക്തമാക്കാതെ പണം നിക്ഷേപിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് കോട്ടം സൃഷ്ടിക്കുമെന്നും കള്ളപ്പണത്തിന്റെ അളവ് വര്‍ധിക്കുന്നത് തടയിടാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചേക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
എന്നാല്‍, റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍, ഹോസ്പിറ്റല്‍ തുടങ്ങിയ മേഖലകളില്‍ കേരളത്തിലും പുറത്തും നിക്ഷേപം നടത്തുന്ന പ്രവാസി മലയാളികള്‍ നിരവധിയാണ്. പുതിയ നടപടി ആരംഭിക്കുന്നതോടെ ഇത്തരക്കാരുടെ വരുമാന സ്രോതസുകള്‍ ഐ ഡി എസ് പ്രകാരം വ്യക്തമാക്കേണ്ടിവരും. നാട്ടിലെ ഇത്തരം വ്യവസായങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് സര്‍ക്കാറില്‍ നികുതിയും അടക്കേണ്ടിവരും.