ഉള്ഹിയ്യത്തിലെ ഓഹരിയും വില്‍പ്പനയും

Posted on: August 29, 2016 6:00 am | Last updated: August 28, 2016 at 11:10 pm
SHARE

uluhiyyaനേര്‍ച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത്
ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കിയാല്‍ അറവ് നിര്‍ബന്ധമാണ്. അതില്‍ നിന്ന് അറവ് നടത്തുന്ന വ്യക്തി ഒന്നും എടുക്കാനോ ഭക്ഷിക്കാനോ പാടില്ല. ഫഖീര്‍, മിസ്‌കീനിന്റെ ഇനത്തില്‍ പെട്ടവര്‍ക്ക് തന്നെ അത് വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ്. ഞാന്‍ നേര്‍ച്ചയാക്കും’എന്നോ നേര്‍ച്ചയാക്കി എന്ന് കരുതിയാലോ നേര്‍ച്ചയാകുകയില്ല. നേര്‍ച്ചയാകണമെങ്കില്‍ മൊഴിയണം. കരുതിയത് കൊണ്ട് മാത്രം നേര്‍ച്ചയാകുകയില്ല. ഞാന്‍ ഉള്ഹിയ്യത്ത് അറുക്കാന്‍ നേര്‍ച്ചയാക്കി, ഇതിനെ ഞാന്‍ ഉള്ഹിയ്യത്ത് അറുക്കാന്‍ നേര്‍ച്ചയാക്കി, ഇതിനെ ഞാന്‍ ഉള്ഹിയ്യത്താക്കി,’ഇതെന്റെ ഉളുഹിയ്യത്താണ് എന്നൊക്കെ പറഞ്ഞാലും നേര്‍ച്ചയായ ഉള്ഹിയ്യത്താകുന്നതാണ്. എന്നാല്‍ മറ്റൊരാള്‍ക്ക് അറിയിച്ച് കൊടുക്കാന്‍ വേണ്ടി സാധാരണക്കാരായ ആളുകള്‍ ഇത് ഉള്ഹിയ്യത്താണെന്ന് പറഞ്ഞാല്‍ (ഉളുഹിയ്യത്തിന്ന് വേണ്ടി നിര്‍ണയിക്കുക എന്ന ഉദ്ദേശ്യമില്ലാതെ) അത് നിര്‍ബന്ധമായ നേര്‍ച്ചയാകുമോ ഇല്ലയോ എന്ന് പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അറിയിച്ച് കൊടുക്കാന്‍ വേണ്ടി അങ്ങനെ പറഞ്ഞാല്‍ നേര്‍ച്ചയാകില്ല എന്നാണ് ഇമാമീങ്ങളുടെ അഭിപ്രായം. എങ്കിലും അത്തരം പ്രയോഗങ്ങള്‍ സൂക്ഷിക്കേണ്ടതാണ്. അങ്ങനെ പറയേണ്ട ആവശ്യം വന്നാല്‍ സുന്നത്തായ ഉളുഹിയ്യത്ത് എന്ന് പറയുക. എന്നാല്‍ ഈ പ്രശ്‌നം ഉദിക്കുകയില്ല.
ഒരു നിശ്ചിത മൃഗത്തെ നേര്‍ച്ചയാക്കുകയും ആ മൃഗം അവന്റെ വീഴ്ച കൊണ്ടല്ലാതെ നഷ്ടപ്പെടുകയും ചെയ്താല്‍ പകരം മറ്റൊന്ന് അറുക്കേണ്ടതില്ല. എന്നാല്‍ സമയമായിട്ടും സൗകര്യമുണ്ടായിരിക്കെ അറുക്കാതെ മൃഗം നശിച്ചാല്‍ പകരം അതിന് തുല്യമായ മറ്റൊന്ന് അറുക്കല്‍ നിര്‍ബന്ധമാണ്. ഉള്ഹിയ്യത്തിന് വേണ്ടി നേര്‍ച്ചയാക്കപ്പെട്ട മൃഗം സമയമാകുന്നതിന് മുമ്പ് നശിക്കുമെന്ന് ഉറപ്പായാല്‍ സമയമാകുന്നതിന് മുമ്പ് തന്നെ അതിനെ അറുക്കുകയും മാംസം വിതരണം ചെയ്യുകയും വേണം. വയസ്സാകാത്തതോ ന്യൂനതയുള്ളതോ ആയ മൃഗത്തിനെ ഉള്ഹിയ്യത്തിന് നേര്‍ച്ചയാക്കിയാല്‍ അതിനെ ഉള്ഹിയ്യത്തിന്റെ സമയത്ത് തന്നെ അറുക്കലും മാംസം വിതരണം ചെയ്യലും നിര്‍ബന്ധമാണ്. ഉള്ഹിയ്യത്തിന്റെ പ്രതിഫലം ഇതിന് ലഭിക്കുകയുമില്ല. ഒരാള്‍ ഞാന്‍ ഉള്ഹിയ്യത്ത് അറുക്കാന്‍ നേര്‍ച്ചയാക്കി എന്ന് പറയുകയും പിന്നീട് ഒരു മൃഗത്തിനെ ഉദ്ദേശിക്കുകയും ചെയ്തു. പിന്നീട് ആ മൃഗം നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ പകരം മറ്റൊന്നിനെ വാങ്ങി അറുക്കല്‍ നിര്‍ബന്ധമാണ്. അവന്റെ വീഴ്ച ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇങ്ങനെ തന്നെയാണ് വിധി. മേല്‍ പറഞ്ഞ രൂപത്തില്‍ നേര്‍ച്ചയാക്കുകയും അറവിനു വേണ്ടി ഒരു മൃഗത്തിനെ മാറ്റി വെക്കുകയും ചെയ്തു. പിന്നീട് ആ മൃഗത്തിന് വല്ല ന്യൂനതയും സംഭവിച്ചാല്‍ ന്യൂനതയില്ലാത്ത മറ്റൊരു മൃഗത്തിനെ അറുക്കല്‍ നിര്‍ബന്ധമാണ്. ഉള്ഹിയ്യത്ത് അറുക്കാന്‍ വേണ്ടി നേര്‍ച്ചയാക്കിയാല്‍ ഉള്ഹിയ്യത്തിന്റെ സമയത്ത് തന്നെ അതിനെ അറുക്കല്‍ നിര്‍ബന്ധമാണ്. ഉള്ഹിയ്യത്തിന്റെ സമയത്ത് അതിനെ അറുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത പെരുന്നാള്‍ വരെ അതിന്റെ അറവ് പിന്തിപ്പിക്കാന്‍ പാടില്ല. ഉടനെ തന്നെ ഖളാആയി അറുക്കേണ്ടതാണ്. ഒരാള്‍ ഉള്ഹിയ്യത്ത് അറുക്കാന്‍ നേര്‍ച്ചയാക്കിയാല്‍ ആദ്യ വര്‍ഷത്തിലെ പെരുന്നാളിന് തന്നെ അറുക്കല്‍ നിര്‍ബന്ധമാണ്. പ്രായം തികയാത്ത ഒരു നിശ്ചിത മൃഗത്തിനെ അറുക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അതിന് പ്രായം തികയുന്നത് വരെ കാത്തിരിക്കാന്‍ പറ്റില്ല. ആദ്യ വര്‍ഷത്തിലെ പെരുന്നാളില്‍ തന്നെ അറുക്കേണ്ടതാണ്.

ഓഹരി ചെയ്യലും ഭക്ഷിക്കലും
നിര്‍ബന്ധമായ ഉള്ഹിയ്യത്തില്‍ നിന്ന് നിര്‍വഹിക്കുന്നവനോ അവന്റെ ചെലവില്‍ കഴിയുന്നവരോ ഒന്നും എടുക്കാന്‍ പാടില്ല. സമ്പന്നര്‍ക്ക് അത് വിതരണം ചെയ്യാനും പാടില്ല. മുഴുവനും ദരിദ്രര്‍ക്ക് നല്‍കണം. നിര്‍വഹിക്കുന്ന ആള്‍ വല്ലതും എടുത്താല്‍ അയാള്‍ അതിന് കടക്കാരനാകും. എടുത്ത അത്രയും വാങ്ങി ദരിദ്രര്‍ക്ക് വിതരണം ചെയ്യണം. സുന്നത്തായ ഉള്ഹിയ്യത്തില്‍ അല്‍പ്പമെങ്കിലും ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്. ബലി നിര്‍വഹിച്ചവന്‍ മുഴുവനും ഉപയോഗിക്കാന്‍ പാടില്ല. എടുക്കുന്നത് മൂന്നിലൊന്നിനേക്കാള്‍ കൂടാതിരിക്കല്‍ സുന്നത്താണ്. അല്‍പ്പം എടുത്ത് ബാക്കി മുഴുവനും ധര്‍മം ചെയ്യലാണ് ഉത്തമം. അല്‍പ്പമെങ്കിലും ഭക്ഷിക്കല്‍ സുന്നത്താണ്. അത് കരളില്‍ നിന്നാകലാണ് ഉത്തമം. മരണപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഉള്ഹിയ്യത്ത് അറുക്കുന്നതെങ്കില്‍ നിര്‍വഹിച്ച ആള്‍ അതില്‍ നിന്ന് ഒന്നും ഭക്ഷിക്കാന്‍ പാടില്ല. എല്ലാം പാവങ്ങള്‍ക്ക് വിതരണം ചെയ്യണം.
തങ്ങള്‍ക്ക് ലഭിച്ച ഉള്ഹിയ്യത്തിന്റെ മാംസം വില്‍പ്പന നടത്തല്‍ ഫഖീറിനും മിസ്‌കീനിനും അനുവദനീയമാണ്. പല വ്യക്തികള്‍ പങ്കുചേര്‍ന്ന് നിര്‍വഹിച്ച ഉള്ഹിയ്യത്തില്‍ എല്ലാവരുടെയും ഓഹരിയില്‍ നിന്ന് അല്‍പമെങ്കിലും വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ്. ഏഴായി ഓഹരി ചെയ്ത് ഓരോ ഓഹരിയില്‍ നിന്ന് പ്രത്യേകം കൊടുക്കണം എന്നില്ല. ഏഴാളുകള്‍ കൂടി അറുത്താല്‍ ഓരോരുത്തരും ഏഴില്‍ ഒരു ഓഹരിയേക്കാള്‍ കുറഞ്ഞതെടുത്ത് ബാക്കിയുള്ളത് വിതരണം ചെയ്യാന്‍ ഒരാളെ ഏല്‍പ്പിച്ചാല്‍ സാധ്യമാകുന്നതാണ്. ഉള്ഹിയ്യത്തിന്റെ മാംസം കാഫിറിന് നല്‍കാനോ ഫഖീറിന് ലഭിച്ച മാംസം കാഫിറിന് സംഭാവന നല്‍കാനോ സത്കരിക്കാനോ വില്‍ക്കാനോ ഒന്നും പാടുള്ളതല്ല. ഉള്ഹിയ്യത്തിന്റെ മാംസം മറ്റു നാടുകളിലേക്ക് കൊടുത്തയക്കാം. എന്നാല്‍ അല്‍പമെങ്കിലും അറവ് നടത്തിയ മഹല്ലില്‍ നല്‍കല്‍ നിര്‍ബന്ധമാണെന്നാണ് പ്രബലമായ അഭിപ്രായം. ഗള്‍ഫിലുള്ള വ്യക്തിക്ക് നാട്ടില്‍ വെച്ച് അറുക്കാനോ അല്ലെങ്കില്‍ സ്വന്തം നാട്ടിലല്ലാതെ മറ്റൊരു നാട്ടില്‍ ഉള്ഹിയ്യത്ത് അറുക്കാനോ മറ്റൊരാളെ വക്കാലത്താക്കാവുന്നതാണ്.

എല്ലും തോലും
സുന്നത്തായ ബലി മൃഗത്തിന്റെ എല്ലും തോലും ഉള്ഹിയ്യത്ത് നിര്‍വഹിച്ച വ്യക്തിക്ക് ഉപയോഗിക്കാം. സമ്പന്നര്‍ക്കോ ദരിദ്രര്‍ക്കോ നല്‍കാം. സമ്പന്നര്‍ക്ക് കിട്ടിയാല്‍ അവര്‍ക്കത് വില്‍ക്കല്‍ അനുവദനീയമല്ല. ദരിദ്രര്‍ക്ക് കിട്ടിയാല്‍ വില്‍ക്കാം. ഉള്ഹിയ്യത്ത് നിര്‍വഹിച്ചവന്‍ അത് വില്‍ക്കാനോ അറവ് ജോലിക്കാര്‍ക്ക് കൂലിയായി കൊടുക്കാനോ പാടില്ല. അങ്ങനെ ചെയ്താല്‍ ഉള്ഹിയ്യത്തിന്റെ പ്രതിഫലം നഷ്ടപ്പെടും. അബൂ ഹുറൈറ (റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. പ്രവാചകന്‍ (സ്വ)പറഞ്ഞു: ആരെങ്കിലും ഉള്ഹിയ്യത്തിന്റെ തോല്‍ വില്‍പ്പന നടത്തിയാല്‍ അവന് ഉള്ഹിയ്യത്ത് ലഭിക്കുകയില്ല (ഹാകിം). ഉള്ഹിയ്യത്ത് നിര്‍വഹിച്ച വ്യക്തി തോല്‍ വിറ്റ് ആ കാശ് പാവങ്ങള്‍ക്ക് ധര്‍മം ചെയ്യാറുണ്ട്. ഇതും പാടില്ല. കാരണം വില്‍പ്പന നടത്താന്‍ ഈ വ്യക്തിക്ക് അവകാശമില്ല. ചില സ്ഥലങ്ങളില്‍ എല്ലും തോലും വിറ്റ് ആ കാശ് പള്ളി കമ്മിറ്റിയിലേക്ക് എടുക്കാറുണ്ട്. അതും പാടില്ല. ഉള്ഹിയ്യത്തിന്റെ എല്ലും തോലും സ്ഥാപനത്തിലേക്ക് സംഭാവന ചെയ്യുക’എന്ന പരസ്യങ്ങള്‍ പലപ്പോഴും പത്രങ്ങളിലും ഫ്‌ളെക്‌സുകളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ നല്‍കാന്‍ പാടില്ല. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്‍കാവുന്നതാണ്.

ദുല്‍ഹിജ്ജ ഒന്ന് മുതല്‍ സുന്നത്ത്
ഉള്ഹിയ്യത്ത് ഉദ്ദേശിച്ച വ്യക്തി ദുല്‍ഹിജ്ജ ഒന്ന് മുതല്‍ അറവ് നടത്തുന്നത് വരെ അവന്റെ മുടിയും നഖവും മുറിക്കാതിരിക്കല്‍ സുന്നത്താണ്. മുറിക്കുന്നത് കറാഹത്തുമാണ്. ഹറാമാണെന്ന് ചില പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ബലി മൃഗത്തിനെ കണ്ടാലോ ശബ്ദം കേട്ടാലോ തക്ബീറ് ചൊല്ലല്‍ എല്ലാവര്‍ക്കും സുന്നത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here