വിദ്യാഭ്യാസ മേഖല: ഉത്തരവാദിത്വംചാര്‍ത്താനൊരു ചുവരു മതിയോ?

സ്വാശ്രയ പ്രവേശം, പൂട്ടിപ്പോകുകയോ പൂട്ടാന്‍ വെമ്പി നില്‍ക്കുകയോ ചെയ്യുന്ന എയ്ഡഡ് സ്‌കൂളുകള്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ ആധിക്യം, പാഠപുസ്തകം എന്നിത്യാദി കാലങ്ങളായുള്ള ചെന്നിക്കുത്തുകള്‍ ഇടവേളകളില്‍ എത്തുകയാണ്. ഇതൊക്കെ മന്ത്രിയുടെയോ അദ്ദേഹമുള്‍ക്കൊള്ളുന്ന ഭരണത്തിന്റെയോ മാത്രം പ്രശ്‌നമാണെന്ന തരത്തിലാണ് മുന്‍കാലത്ത് വ്യവഹരിക്കപ്പെട്ടത്, ഇപ്പോഴും ഭാവിയിലും അതങ്ങനെ തന്നെയായിരിക്കും. സ്വാശ്രയത്തിന്റെ കാര്യമെടുത്താല്‍ അതിന്റെ ജനന, വളര്‍ച്ചാ മാര്‍ഗങ്ങള്‍ ഏതാണ്ടെല്ലാവരും മറന്നിരിക്കുന്നു. എ കെ ആന്റണി സര്‍ക്കാര്‍ പ്രൊഫഷനല്‍ കോഴ്‌സുകള്‍ നടത്തുന്നതിന് സ്വാശ്രയ കോളജുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചപ്പോള്‍ അമ്പത് ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസും മെറിറ്റും ബാക്കി സീറ്റില്‍ മാനേജുമെന്റുകളുടെ ഫീസും എന്നാണ് പറഞ്ഞിരുന്നത്. പിന്നീടൊരു തര്‍ക്കമുണ്ടായാല്‍, വായിച്ച് ബോധ്യപ്പെടുത്താന്‍ പാകത്തില്‍ ഇതൊരു രേഖയിലാക്കാന്‍ ആന്റണി സര്‍ക്കാര്‍ മെനക്കെട്ടില്ല. അത്രക്കായിരുന്നു വിശ്വാസം.
Posted on: August 29, 2016 6:06 am | Last updated: August 28, 2016 at 11:08 pm
SHARE

EDUCATIONവിദ്യാഭ്യാസം ചെറിയ അഭ്യാസമല്ലെന്ന് ബോധ്യപ്പെട്ടവരാണ് മുന്‍കാലങ്ങളില്‍ ആ വകുപ്പ് ഭരിച്ചവരൊക്കെ, വ്യക്തിയായാലും പാര്‍ട്ടിയായാലും. അക്കാര്യം പുതിയ മന്ത്രി സി രവീന്ദ്രനാഥിനും അദ്ദേഹമുള്‍ക്കൊള്ളുന്ന സഭക്ക് നേതൃത്വം നല്‍കുന്ന പിണറായി വിജയനും ബോധ്യപ്പെട്ട് തുടങ്ങിയിട്ടേയുള്ളൂ. പാഠപുസ്തകം, സ്വാശ്രയ പ്രവേശം, പൂട്ടിപ്പോകുകയോ പൂട്ടാന്‍ വെമ്പി നില്‍ക്കുകയോ ചെയ്യുന്ന എയ്ഡഡ് സ്‌കൂളുകള്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ ആധിക്യം എന്നിത്യാദി കാലങ്ങളായുള്ള ചെന്നിക്കുത്തുകള്‍ ഇടവേളകളില്‍ എത്തുകയാണ്. ചിലത് ഒന്നിച്ചും. ഇതൊക്കെ മന്ത്രിയുടെയോ അദ്ദേഹമുള്‍ക്കൊള്ളുന്ന ഭരണത്തിന്റെയോ മാത്രം പ്രശ്‌നമാണെന്ന തരത്തിലാണ് മുന്‍കാലത്ത് വ്യവഹരിക്കപ്പെട്ടത്, ഇപ്പോഴും ഭാവിയിലും അതങ്ങനെ തന്നെയായിരിക്കും. ഉത്തരവാദിത്വം ചാര്‍ത്താനൊരു ചുവരു വേണമെന്നേ നമുക്കുള്ളൂ, കാര്യ കാരണങ്ങള്‍ തിരിച്ച് പരിഹാരത്തിലേക്ക് എത്തുക എന്ന നിര്‍ബന്ധം ഇല്ല തന്നെ.
സ്വാശ്രയത്തിന്റെ കാര്യമെടുത്താല്‍ അതിന്റെ ജനന, വളര്‍ച്ചാ മാര്‍ഗങ്ങള്‍ ഏതാണ്ടെല്ലാവരും മറന്നിരിക്കുന്നു. 2001ല്‍ അധികാരത്തിലേറിയ എ കെ ആന്റണി സര്‍ക്കാര്‍ പ്രൊഫഷനല്‍ കോഴ്‌സുകള്‍ നടത്തുന്നതിന് സ്വാശ്രയ കോളജുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചപ്പോള്‍ അമ്പത് ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസും മെറിറ്റും ബാക്കി സീറ്റില്‍ മാനേജുമെന്റുകളുടെ ഫീസും എന്നാണ് പറഞ്ഞിരുന്നത്. സ്വാശ്രയ കോളജുകള്‍ ആരംഭിക്കുന്നതിന് മുന്നോട്ടുവന്ന ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ അടക്കമുള്ളവ ഈ സമവാക്യം അംഗീകരിച്ചുവെന്നും അന്ന് മുഖ്യമന്ത്രി എ കെ ആന്റണി പറഞ്ഞിരുന്നു. പിന്നീടൊരു തര്‍ക്കമുണ്ടായാല്‍, വായിച്ച് ബോധ്യപ്പെടുത്താന്‍ പാകത്തില്‍ ഇതൊരു രേഖയിലാക്കാന്‍ ആന്റണി സര്‍ക്കാര്‍ മെനക്കെട്ടില്ല. അത്രക്കായിരുന്നു വിശ്വാസം. കോളജ് അനുവദിച്ചതിന് തൊട്ടുപിറകെ, നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കുമെന്ന് വിശ്വസിക്കുന്നവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന് ഭരണഘടന അനുവദിച്ചിരിക്കുന്ന സവിശേഷമായ അധികാരം ചൂണ്ടിക്കാട്ടി കോടതിയില്‍ പോയി. ഭരണഘടനാദത്തമായ അവകാശത്തെ ഹനിക്കവയ്യെന്ന് കോടതി പറഞ്ഞതോടെ തുടങ്ങിയതാണ് ഈ സ്വാശ്രയത്തര്‍ക്കം.
സീറ്റുകളില്‍ ആര്‍ക്ക് അധികാരമെന്നതില്‍ തുടങ്ങിയത്, അവിടേക്ക് പ്രവേശിപ്പിക്കാന്‍ ആര് പരീക്ഷ നടത്തുമെന്നതിലേക്ക് വളര്‍ന്ന് യോഗ്യതയുടെ മാനദണ്ഡങ്ങളില്‍ ആവേശിച്ച് വളര്‍ന്നങ്ങനെ വലുതായി. കോടതികളുടെ പല തരം വിധികള്‍, സര്‍ക്കാറും മാനേജുമെന്റും തമ്മിലുണ്ടാക്കിയ പലതരം കരാറുകള്‍, വര്‍ഷം തോറും മാറിവരുന്ന ഫീസ് നിരക്കുകള്‍ എന്നിങ്ങനെ പലതിനാല്‍ സങ്കീര്‍ണമായി അതങ്ങനെ തുടരുകയാണ്. എന്‍ജിനീയറിംഗിലെ സ്വാശ്രയം സീറ്റ് നിറയാന്‍ മാത്രം കുട്ടികളെ കിട്ടാതെ വിഷമിക്കുന്നുണ്ട്. മെഡിക്കല്‍ (പ്രത്യേകിച്ച് ആംഗലേയം) സ്വാശ്രയം അങ്ങനെയല്ല. കട തുറന്നവര്‍ക്കൊക്കെ നല്ല കച്ചവടമുണ്ട്. ലാഭം വെച്ചടി വെച്ചടി കയറണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ സര്‍ക്കാറുമായി വിട്ടുവീഴ്ചക്ക് അവര്‍ തയ്യാറല്ല. യോഗ്യതയുടെ കൈയാലപ്പടി അബദ്ധത്തില്‍ മറിഞ്ഞവരാണെങ്കിലും സമ്പത്തുണ്ടെങ്കില്‍ വൈദ്യം പഠിപ്പിക്കണമെന്നാണ് അവരുടെ മതം. അതിന് പാകത്തില്‍ സര്‍ക്കാറുകള്‍ നില്‍ക്കണമെന്നത് നിര്‍ബന്ധമാണ്. പഠിപ്പിക്കാന്‍ വേണ്ട അധ്യാപകര്‍ (യോഗ്യത രണ്ടാം മാനദണ്ഡം പോലുമല്ല) ഉണ്ടോ, പഠിക്കാന്‍ വേണ്ട സൗകര്യങ്ങളുണ്ടോ എന്നതൊന്നും ഇക്കൂട്ടര്‍ നോക്കാറുമില്ല. സര്‍ക്കാര്‍ പോലും ഇതൊന്നും നോക്കാതെ കോളജുകള്‍ തുടങ്ങുന്ന കാലത്ത് സ്വാശ്രയന്‍മാര്‍ നോക്കണമെന്ന് പറയുന്നതില്‍ ന്യായവുമില്ല.
അരാജകത്വത്തിന്റെ ഈ കവലയില്‍ നിന്നാണ് സീറ്റിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് തര്‍ക്കിക്കുന്നത്. ഫീസിന്റെയും തലവരിയുടെയും സ്വാതന്ത്ര്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിങ്ങനെ വഷളാക്കിയതിന്റെ ഉത്തരവാദിത്വം സര്‍ക്കാറിനാണെന്ന് പ്രതിപക്ഷം ആരോപിക്കും. യു ഡി എഫ് ഭരിക്കുമ്പോള്‍ എല്‍ ഡി എഫും തിരിച്ചും. എല്ലാം നിയന്ത്രിക്കാനായൊരു നിയമം കൊണ്ടുവന്നതിന്റെ പൊള്ളല്‍ രണ്ടാം മുണ്ടശ്ശേരിയെന്ന് പേരുകേട്ട എം എ ബേബിക്കും പ്രത്യേകം വിളിപ്പേരില്ലാത്ത ഇ ടി മുഹമ്മദ് ബഷീറിനും ഇപ്പോഴും മാറിയിട്ടുണ്ടാകില്ല. അവിടെ സി രവീന്ദ്രനാഥും കെ കെ ശൈലജയും എന്തു ചെയ്യാനാണ്? തര്‍ക്ക പരിഹാര ചര്‍ച്ച, അതിലുണ്ടാകുന്ന ധാരണകള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ പിന്‍വലിക്കല്‍, സീറ്റുകള്‍ സര്‍ക്കാറിന്റെ പക്കലാക്കാന്‍ ശ്രമിക്കല്‍, വീണ്ടും ചര്‍ച്ച അതങ്ങനെ ആവര്‍ത്തിച്ച്, മടുത്ത് ഏതെങ്കിലുമൊരു കരയില്‍ കെട്ടുക. മാനേജുമെന്റുകള്‍ ഇച്ഛിക്കുന്ന കരയും തോണി അടുക്കുന്ന കരയും ഒന്നായിരിക്കുമെന്നതാണ് ഇതുവരെയുള്ള അനുഭവം, ഇക്കുറിയും ഭിന്നമാകില്ല. സ്വാശ്രയ വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞതാക്കിയതിന്റെ പുതിയ ഉത്തരവാദികളായി ഇവര്‍ അറിയപ്പെടും, പിണറായി സര്‍ക്കാറും.
പാഠപുസ്തക വിതരണത്തിലെ പതിവ് അവതാളമാണ് രണ്ടാമത്തേത്. പി കെ അബ്ദുര്‍റബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത്, പുസ്തകം കിട്ടിയില്ലേ എന്ന് നിലവിളിച്ച് തെരുവിലിറങ്ങിയവര്‍ അധികാരത്തിലെത്തിയപ്പോഴും മാറ്റമുണ്ടായില്ലെന്ന് ചുരുക്കം. കുട്ടികളുടെ എണ്ണം കണക്കാക്കി അച്ചടിച്ചില്ല, അച്ചടിച്ചത് മുഴുവനായി വിതരണം ചെയ്തതുമില്ല. അതാണ് ഓണപ്പരീക്ഷ തുടങ്ങുമ്പോഴും പുസ്തകം കിട്ടാത്തതിന് കാരണം. കുട്ടികളുടെ കണക്കെടുത്തത് അബ്ദുര്‍റബ്ബിന്റെ കാലത്താണ്. അച്ചടിച്ചത് വിതരണം ചെയ്യാതിരുന്നത് രവീന്ദ്ര നാഥിന്റെ കാലത്തും. ഉത്തരവാദിത്വത്തെച്ചൊല്ലി കലഹിക്കാന്‍ വേണ്ടോളം വഹ ഭരണ – പ്രതിപക്ഷത്തിനുണ്ടെന്ന് ചുരുക്കം.
മുഴുവന്‍ കുട്ടികള്‍ക്കും പുസ്തകം കിട്ടിയില്ലെന്ന വിവരം വിദ്യാഭ്യാസ രംഗത്തെ സമൂലം പരിഷ്‌കരിക്കാനായി വര്‍ഷങ്ങളായി അഹോരാത്രം യത്‌നിക്കുന്ന വിദ്യാര്‍ഥി സംഘടനകളൊന്നും അറിഞ്ഞതേയില്ല. അധ്യാപകസംഘടനക്കാരും അറിഞ്ഞില്ല. അറിഞ്ഞിരുന്നുവെങ്കില്‍ നാല് ദിനം കൊണ്ട് പരിഹരിക്കുമായിരുന്നുവെന്ന് മന്ത്രി പറയുമ്പോള്‍, വേണ്ടത്ര അച്ചടിച്ചുവോ, അച്ചടിച്ചവ സ്‌കൂളുകളിലെത്തിച്ചുവോ എന്നൊക്കെ അറിയാനുള്ള സംവിധാനമൊന്നും ഷഷ്ഠിപൂര്‍ത്തിയിലെത്തിയ കാലത്തും കേരള സംസ്ഥാനത്ത് ഇല്ലെന്ന് ചുരുക്കം. അത്തരമൊരു സംവിധാനത്തെയാണ് താന്‍ ഭരിക്കുന്നത് എന്നും അതിലൊരു മാറ്റവും സൃഷ്ടിക്കാന്‍ ഇതുവരെ സാധിച്ചില്ലെന്നുമാണ് മന്ത്രി പറയുന്നതിന്റെ ചുരുക്കം. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പാഠപുസ്തകം കൃത്യസമയത്ത് കിട്ടിയോ ഇല്ലയോ എന്നറിയുന്നതിനും അത് ഭരിക്കുന്നവരുടെ ശ്രദ്ധയില്‍കൊണ്ടുവന്ന് പരിഹാരം കാണാനും താത്പര്യമില്ലെന്നും.
ഈയുള്ളവരൊക്കെ സ്‌കൂളുകളില്‍ പഠിക്കുന്ന കാലത്തും പുസ്തകം വൈകിയിട്ടുണ്ട്, കിട്ടാതിരുന്നിട്ടുമുണ്ട്. പുസ്തകം പുതുക്കുന്ന പ്രക്രിയ വൈകി, അതുകൊണ്ട് അച്ചടി വൈകി എന്ന് തുടങ്ങി ഇന്ന് കേള്‍ക്കുന്ന കാരണങ്ങളൊക്കെ തന്നെയാണ് അന്നും കേട്ടിരുന്നത്. അതുകൊണ്ട് ആരെങ്കിലും പഠിക്കാതിരുന്നിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, ഇല്ലെന്ന് പറയേണ്ടിവരും. പുസ്തകം കിട്ടിയാലും പഠിക്കില്ലെന്ന് നിശ്ചയമുള്ളവര്‍ അങ്ങനെ പോകും. എങ്ങനെയും പഠിക്കുമെന്ന് നിശ്ചയിച്ചവര്‍ അങ്ങനെയും. ആശയവിനിമയത്തിന്റെയും അച്ചടിയുടെയും സൗകര്യങ്ങള്‍ വര്‍ധിച്ച ഇക്കാലത്ത് പഴയ പോലെ ഇഴയേണ്ട കാര്യമില്ല. കുട്ടികളുടെ എണ്ണമെടുപ്പ് മുന്‍കാലത്ത്, എഴുതിക്കുത്തി അയച്ച്, അതൊക്കെ ശേഖരിച്ച് കൂട്ടിക്കിഴിച്ച് ഒക്കെയായിരുന്നു. ഫോണുണ്ടായിരുന്നു. പക്ഷേ, വിളിച്ചു പറയുന്നത് മുഖവിലക്കെടുക്കാറില്ല. തെറ്റിയാല്‍ ഫോണില്‍ പറഞ്ഞതാണോ കേട്ടതാണോ തെറ്റിയത് എന്ന സംശയം വരും. ഇപ്പോഴിതൊക്കെ ഒരു ചൂണ്ടുവിരല്‍ സ്പര്‍ശം കൊണ്ട് സാധ്യമാകും. രേഖ പറക്കും – ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴിയും അതില്ലാതെയും. കൂട്ടാനും കിഴിക്കാനും സോഫ്റ്റ് വെയറുകളുണ്ട്. എന്നിട്ടും കണക്കൊപ്പിക്കാനാകുന്നില്ലെങ്കില്‍, ഉത്തരവാദിത്വം അത്രയേറെയാണ്. അച്ചടിച്ച പുസ്തകങ്ങളുടെ വിതരണവും ഒരു കേന്ദ്രത്തിലിരുന്ന് നിയന്ത്രിക്കാന്‍ ഇന്ന് പ്രയാസമില്ല. എന്നിട്ടും കെട്ടിക്കിടപ്പാണെങ്കില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുദ്ദേശിച്ച് നടത്തിയ അധര വ്യായാമം മുഴുവന്‍ വ്യര്‍ഥമായെന്ന് ചുരുക്കം.
സ്റ്റേഷനറി, പര്‍ച്ചേസ്, അച്ചടി, വിദ്യാഭ്യാസം, ധനകാര്യം എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് പാഠപുസ്തക അച്ചടിയും വിതരണവും പൂര്‍ത്തിയാക്കുന്നത്. എത്ര പുസ്തകം വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിക്കും, അതിന് എത്ര പേപ്പര്‍ വേണമെന്ന് സ്റ്റേഷനറി വിഭാഗം തീരുമാനിക്കും, അതിനെത്ര തുക വേണമെന്ന് പര്‍ച്ചേസ് വിഭാഗവും. ഈ പണം ധനവകുപ്പ് അനുവദിക്കുന്ന മുറക്ക് പര്‍ച്ചേസ് വിഭാഗം വാങ്ങി സര്‍ക്കാറിന്റെ മുദ്രണശാലക്ക് (കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി) നല്‍കും. ഇതാണ് തലമുറ, തലമുറ കൈമാറി കെടാതെ സൂക്ഷിക്കുന്ന ശീലം. ഒറ്റ സിറ്റിംഗില്‍ തീര്‍പ്പാക്കാവുന്ന കാര്യങ്ങളങ്ങനെ ഫയലുകളായി ഇഴഞ്ഞു നടക്കും. അതിന്മേലൊരു തീരുമാനമാകുന്ന മുറക്ക് കെ ബി പി എസില്‍ പേപ്പറെത്തും. പിന്നെത്തുടങ്ങും അച്ചടി. വേഗത്തില്‍ അച്ചടിക്കാനുള്ള സംവിധാനം കെ ബി പി എസ്സിലുള്ളതിനാല്‍ അടി തുടങ്ങിയാല്‍ പിന്നെ പ്രയാസമില്ല.
കെ ബി പി എസ് സര്‍ക്കാര്‍ സ്ഥാപനമാണ്. വേണ്ട പുസ്തകങ്ങളുടെ എണ്ണം തീരുമാനിച്ച് അറിയിച്ച് പേപ്പര്‍ വാങ്ങി അടിച്ചോളൂ എന്ന് പറയുന്നതിന് എന്താണ് മടി? കെ ബി പി എസ് നേരിട്ട് പേപ്പര്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ പേപ്പര്‍ സപ്ലൈ ചെയ്യുന്നവരില്‍ നിന്നുള്ള കമ്മീഷന്‍ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരില്‍ എത്തില്ല. വര്‍ഷാവര്‍ഷം, പ്രത്യേകിച്ച് അധ്വാനമൊന്നും കൂടാതെ കിട്ടുന്ന കമ്മീഷന്‍ വേണ്ടെന്ന് വെക്കുന്നതെങ്ങനെ? പുസ്തകം അച്ചടിക്കുന്നത് കുറച്ചൊന്ന് വൈകിപ്പിച്ചാല്‍ കിട്ടാവുന്ന ഏജന്‍സിയില്‍ നിന്ന്, അടിയന്തര പ്രാധാന്യം മുന്‍ നിര്‍ത്തി വില നിശ്ചയിച്ച് പേപ്പര്‍ വാങ്ങാനാകും. അപ്പോള്‍ കമ്മീഷന്‍ തുകയൊന്ന് കൂട്ടി വാങ്ങുകയുമാകാം. ഇങ്ങനെ പുറത്തേക്ക് അറിയുന്നതും അറിയാത്തതുമായ പലതും ചേര്‍ന്നതാണ് പാഠപുസ്തക അച്ചടിയും അതിന്റെ വൈകലും. ഇതിങ്ങനെയാകയാല്‍ വരും വര്‍ഷങ്ങളിലും ഇതൊക്കെ പ്രതീക്ഷിക്കണം.
മന്ത്രി സ്ഥാനത്തിരിക്കുന്ന സി രവീന്ദ്രനാഥ് നല്ല മനുഷ്യനാണ്. ദര്‍ശന വൈഭവവുമുണ്ട്. ഇതുകൊണ്ട് മാത്രം വിദ്യാഭ്യാസത്തില്‍ അഭ്യാസിയാകില്ല. അതിനുള്ള മെയ്‌വഴക്കം അദ്ദേഹത്തിനുണ്ടോ എന്ന സംശയം ചെറിയ കാലം കൊണ്ട് തന്നെ ഉണ്ടായിരിക്കുന്നു. മന്ത്രിസഭയെ നിയന്ത്രിക്കുന്ന പഴയ കര്‍ക്കശക്കാരന്, കാര്യനിര്‍വഹണ വേഗം കൂട്ടാന്‍ പാകത്തില്‍ ഉദ്യോഗസ്ഥരെ ചലിപ്പിക്കാനാകുമോ എന്ന സംശയവും. ഇതൊക്കെ സാധിച്ചാലും നിയമമനുസരിച്ചും അല്ലാതെയും നടക്കുന്ന വലിയ കച്ചവടത്തിന്റെയും കമ്മീഷന്റെയുമൊക്കെ കടക്കല്‍ ബ്ലേഡു കൊണ്ടൊരു പോറലുണ്ടാക്കാനെങ്കിലും ഇവര്‍ക്ക് സാധിക്കുമോ? പോയ വഴിയേ അടിക്കുക, അതേ മാര്‍ഗമുള്ളൂ, അല്ലെങ്കില്‍ അതാണ് നല്ല മാര്‍ഗം.

LEAVE A REPLY

Please enter your comment!
Please enter your name here