Connect with us

Editorial

ഓഫീസിലെ ഓണം

Published

|

Last Updated

ഓണക്കാലത്ത് പൂക്കളമിടുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ജോലി സമയത്ത് ഓഫീസില്‍ പൂക്കളമത്സരം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ശ്രദ്ധിക്കപ്പെട്ടു. സെക്രട്ടേറിയറ്റ് അടക്കമുള്ള സ്ഥാപനങ്ങള്‍ കച്ചവട കേന്ദ്രങ്ങളായിത്തീരാറുണ്ടെന്നും ഓഫീസില്‍ സീറ്റിലിരുന്ന് തന്നെ സാധനങ്ങള്‍ വാങ്ങാന്‍ ആരും വാശി പിടിക്കരുതെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഗുണദോഷിച്ചു.
ഇതിന്റെ തുടര്‍ച്ചയായി ഓണാഘോഷങ്ങളുടെ പേരില്‍ സെക്രട്ടേറിയറ്റിന് നല്‍കിയിരുന്ന അപ്രഖ്യാപിത അവധി ഇനി ഉണ്ടാകില്ല. പൂക്കള മത്സരവും സദ്യയും ജോലിയുടെ ഇടവേളകളില്‍ മാത്രം നടത്തിയാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്.
കൃത്യവും സൂക്ഷ്മവുമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാകണം; വസ്തുതാപരമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. ആഘോഷത്തിമര്‍പ്പിനും ആമോദാരവങ്ങള്‍ക്കുമിടയില്‍, ജീവിതക്കുരുക്കഴിക്കാന്‍ കടന്നുവരുന്നവരെ കാണാന്‍ ആര്‍ക്ക് നേരം കാണും? ബോണസിന്റെയും ഓഫറുകളുടെയും വേളകള്‍ കൂടിയാണല്ലോ ആഘോഷാവസരങ്ങള്‍. അപ്പോള്‍ പിന്നെ ഔദ്യോഗിക കാര്യങ്ങളല്ലാത്തതെല്ലാം നടക്കുന്നു.
നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളിലെ നിരുത്തരാവാദ സമീപനങ്ങളെക്കുറിച്ചോ വിവിധതലസ്പര്‍ശിയായ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചോ ആര്‍ക്കും വിരുദ്ധാഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. നിസ്സാര കാര്യങ്ങള്‍ പോലും നേരെയാക്കാന്‍ നിരവധി തവണ കയറിയിറങ്ങേണ്ടിവരുന്ന പ്രയാസം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഈ നിഷ്‌ക്രിയത്വം നിലനിര്‍ത്താനാകുന്നതിന്റെ മൂലഹേതു സര്‍വീസ് സംഘടനാ ശക്തിയാണോ ഭരണാധികാരികളുടെ ഭീരുത്വമാണോ എന്ന് തീര്‍ത്തുപറയാനാകില്ല. ഏതായാലും ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുവികാരം സാമാന്യബോധമായി നിലവിലുണ്ട്. ഔദ്യോഗിക സ്ഥാനം വെളിപ്പെടുത്താതെ സര്‍ക്കാര്‍ ഓഫീസില്‍ പോകാന്‍ തനിക്ക് പേടിയാണെന്ന് പറഞ്ഞത് ചീഫ് സെക്രട്ടറിയാണ്. ഈ പ്രയാസം ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്നില്ല എന്നത് വസ്തുതയാണ്. മറ്റു ഓഫീസുകളില്‍ പോകുമ്പോള്‍ പോലും ഇവര്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നില്ല. കാരണം വേണ്ടപ്പെട്ടവര്‍ ആരെങ്കിലും അവിടെ ഉണ്ടാകും. അല്ലെങ്കില്‍ ഔദ്യോഗിക സ്ഥാനം വ്യക്തമാക്കിയാല്‍ കാര്യം എളുപ്പമാകും.
അതേസമയം, രാത്രി വൈകിയും ജോലിയില്‍ കണ്ണുംനട്ടിരിക്കുന്നവരും രാവിലെ തന്നെ ഇരിപ്പിടത്തിലെത്തുന്നവരുമായി നാടിനോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഒരുപാട് നല്ല മനുഷ്യരുണ്ട്. പുതു തലമുറയും വ്യവസ്ഥയില്‍ തിരുത്തല്‍ വരുത്തുന്നു. ഇവരുടെ നിസ്വാര്‍ഥതയെയാണ് മറ്റേ കൂട്ടര്‍ മലിനപ്പെടുത്തുന്നത്.
മുഖ്യമന്ത്രിയുടെ പ്രതികരണം ഓണാഘോഷത്തിനെതിരാണെന്ന തരത്തില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സംസാരിച്ചത് ഭോഷ്‌കാണെന്ന് പറയേണ്ടിവരും. ഉദ്യോഗസ്ഥരെയും സിവില്‍ സര്‍വീസിനെയും കുറിച്ച് മുമ്പ് പറഞ്ഞതിന്റെ തുടര്‍ച്ചയായാണ് പിണറായിയുടെ പുതിയ പ്രതികരണം. മാത്രമല്ല, ഓണം എന്നല്ല, ഏതു ആഘോഷവും കൃത്യനിര്‍വഹണത്തെ ബാധിക്കാത്ത നിലയിലാണ് ഓഫീസുകളില്‍ നടക്കേണ്ടതെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മാറ്റിവെച്ചായിരുന്നു വിഷയത്തില്‍ പ്രതികരിക്കേണ്ടിയിരുന്നത്.
കഴിഞ്ഞ സര്‍ക്കാറിന്റെ ജനസമ്പര്‍ക്ക പരിപാടിയില്‍ ചില നന്മകള്‍ ഉണ്ടായിരുന്നെങ്കിലും അതിനെതിരായി ഉയര്‍ന്ന പൊതുവിമര്‍ശം ഓഫീസുകളെ സക്രിയമാക്കേണ്ട മുഖ്യമന്ത്രി, ഉദ്യോഗസ്ഥരുടെ ജോലി ചെയ്യുന്നു എന്നതായിരുന്നു. ഉദ്യോഗസ്ഥരെ ജോലി ചെയ്യിക്കാനും സിവില്‍ സര്‍വീസിനെ നിയന്ത്രിക്കാനും സര്‍ക്കാറിന് സാധിക്കേണ്ടതുണ്ട്. മികച്ച ശമ്പളം നല്‍കുന്നതോടൊപ്പം അതിനനുസരിച്ച സേവനം ഉറപ്പുവരുത്താനും കഴിയണം.
ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും അഴിമതിക്കുമെതിരെ പ്രഖ്യാപനങ്ങള്‍ വരാറുണ്ടെങ്കിലും അതില്‍ പലതിനും ക്ഷണികമായ ആയുസ്സേ ഉണ്ടാകാറുള്ളൂ. ചിലതെല്ലാം കൈയടി പ്രതീക്ഷയിലുമാകും. ഭരണത്തിന്റെ സുഖലോലുപതയില്‍ വാഗ്ദാനങ്ങള്‍ മറന്നുപോകുകയും ബ്യൂറോക്രസിയുമായി സന്ധിയിലാകുകയും ചെയ്യുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ പല തവണ വിഷയത്തെ പിന്തുടര്‍ന്ന് വ്യതിരിക്തമായ ഒരു സമീപനമാണ് സര്‍ക്കാറിനുള്ളത് എന്ന് ധ്വനിപ്പിക്കുന്നുണ്ട്. മുമ്പില്‍ വരുന്ന ഓരോ ഫയലിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളതെന്നും ആ ഫയലുകളില്‍ നിങ്ങളെഴുതുന്ന കുറിപ്പാകും ഒരുപക്ഷേ അവരില്‍ ചിലരെങ്കിലും തുടര്‍ന്ന് ജീവിക്കണോ മരിക്കണോ എന്നു പോലും നിശ്ചയിക്കുന്നതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഓര്‍മപ്പെടുത്തിയത് അധികാരമേറ്റ ഉടനെയാണല്ലോ.
കാലങ്ങളായി നടന്നുവരുന്ന ഒരു അത്യാചാരം ഒറ്റ പ്രയത്‌നത്തില്‍ എടുത്തുമാറ്റല്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാന്‍ കഴിയില്ല. എങ്കിലും ഇത്തരമൊരു വിഷയത്തെ ഇത്ര മൂര്‍ത്തമായി അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി കാണിച്ച ആര്‍ജവത്തെ ശ്ലാഘിക്കാതിരിക്കാനാകില്ല.

Latest