പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് വന്‍ തീപിടിത്തം

Posted on: August 28, 2016 5:57 pm | Last updated: August 29, 2016 at 8:47 am

fire

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. അതീവ സുരക്ഷാ മേഖലയായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള രാജധാനി കെട്ടിടത്തിലാണ് ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നേകാലോടെ തീപ്പിടിത്തമുണ്ടായത്. അപകടം നടക്കുമ്പോള്‍ ഗോഡൗണില്‍ ജീവനക്കാരാരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിച്ചത്. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും തീ ഏറെക്കുറെ വ്യാപിച്ചിരുന്നു.

ചെങ്കല്‍ച്ചൂളയില്‍ നിന്നും ചാക്കയില്‍ നിന്നുമായി അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്‌സെത്തി മണിക്കൂറുകള്‍ പരിശ്രമിച്ചെങ്കിലും തീയണക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുള്‍പ്പെടെ പതിനഞ്ചോളം ഫയര്‍ഫോഴ്‌സ് യൂനിറ്റുകളെത്തിച്ച് ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വസ്ത്രശേഖരം കത്തിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രദേശത്ത് വന്‍പുകയാണ് പടര്‍ന്നത്. തീ അണക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനും ഇത് തടസ്സമായി. തീപിടിച്ച് മണിക്കൂറുകള്‍ക്കു ശേഷവും തീപ്പിടിത്തമുണ്ടായ ഗോഡൗണിലേക്ക് അഗ്നിശമനസേനക്ക് പ്രവശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഓണം സ്റ്റോക്ക് ഉണ്ടായിരുന്നതിനാല്‍ വന്‍ തുണിശേഖരമാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്.
ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. സമീപമുള്ള രണ്ട് കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസിന്റെ നേതൃത്വത്തില്‍ സമീപത്തെ കടകളില്‍ നിന്ന് ആള്‍ക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചും അതുവഴിയുള്ള ഗതാഗതവും നിയന്ത്രിച്ചുമാണ് തീയണക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.