Connect with us

Gulf

ഇത് 71-ാം ശസ്ത്രക്രിയ; അജ്ഞാതരോഗം മാറുമെന്ന പ്രതീക്ഷയില്‍ വിജയന്‍

Published

|

Last Updated

ഷാര്‍ജ: എഴുപതാം ശസ്ത്രക്രിയ കഴിഞ്ഞു. എന്നിട്ടും രോഗം പിടിവിടുന്നില്ല. 71-ാമത്തെ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലാണ് വടക്കാഞ്ചേരി അത്താണി സ്വദേശി വിജയന്‍. ദീര്‍ഘകാലം ഒമാനില്‍ പ്രവാസിയായിരുന്ന വിജയന്‍ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചിട്ടും അജ്ഞാത രോഗം ദേഹം വിട്ടൊഴിയുന്നില്ല. ഷാര്‍ജ റോളയില്‍ കൂട്ടുകാരോടൊപ്പമാണ് താമസം.

നാട്ടില്‍വെച്ച് 18-ാം വയസില്‍ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതാണ് തുടക്കം. മൂക്കിനകത്ത് മാംസം വളരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇത് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണ്ടി വന്നു. കന്നുകാലികളില്‍ നിന്ന് പകരുന്ന അപൂര്‍വ വൈറസാണ് രോഗകാരണമെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. 1969ല്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
1976ല്‍ ഒമാനില്‍ ജീവിതോപാധി തേടി എത്തുന്നതിനിടയില്‍ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലായി മുഴ വന്നുകൊണ്ടിരുന്നു. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ശസ്ത്രക്രിയകള്‍ വേണമെന്നായി. ഒമാനിലെത്തി എയര്‍ കണ്ടീഷണര്‍ മെക്കാനിക്കായി ജോലി ചെയ്യുന്നതിനിടയിലും വര്‍ഷത്തിലൊരിക്കല്‍ ശസ്ത്രക്രിയ വേണ്ടി വന്നു. ഇതിനിടയില്‍ നാട്ടില്‍ ചെന്ന് വിവാഹിതനായി.

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മാംസ വളര്‍ച്ച വരുമ്പോള്‍ ലേസര്‍ ശസ്ത്രക്രിയയും പരീക്ഷിച്ചു. മാംസ വളര്‍ച്ച മസ്തിഷ്‌കത്തേയും ഇടക്ക് ബാധിച്ചു. എന്ത് രോഗമാണിതെന്ന് ഡോക്ടര്‍മാര്‍ക്കും വ്യക്തമായിട്ടില്ല. ഇപ്പോള്‍ കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്താറുള്ളത്. നിരന്തരം ശസ്ത്രക്രിയ നടത്തിയതിനാല്‍ അനസ്തീഷ്യ ശരീരത്തിന് ഏല്‍ക്കാത്ത സാഹചര്യം വന്നു. ഇനി ജനനേന്ദ്രിയത്തിലാണ് ശസ്ത്രക്രിയ വേണ്ടതെന്ന് വിജയന്‍ പറഞ്ഞു. മനക്കരുത്തുള്ളതിനാല്‍, അനസ്തീഷ്യ ഇല്ലാത്ത ശസ്ത്രക്രിയ ഭയപ്പെടുത്തുന്നില്ലെന്നും വിജയന്‍ പറഞ്ഞു. ഇത്തരം രോഗങ്ങള്‍ എങ്ങനെ ധൈര്യപൂര്‍വം നേരിടുമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ കൗണ്‍സിലിംഗുകള്‍ വ്യാപകമായി നടത്താന്‍ വിജയന്‍ ആഗ്രഹിക്കുന്നു. വിവരങ്ങള്‍ക്ക് 052-1371340.