Connect with us

Gulf

മഴയും ആലിപ്പഴ വര്‍ഷവും; റാസല്‍ ഖൈമയില്‍ ചൂടിന് ശമനം

Published

|

Last Updated

റാസല്‍ ഖൈമ: എമിറേറ്റിന്റെ ചില ഭാഗങ്ങളില്‍ മഴയും ആലിപ്പഴവര്‍ഷവും ഉണ്ടായത് പ്രദേശത്ത് ചൂട് കുറയാന്‍ ഇടയാക്കി. വെള്ളിയാഴ്ചയാണ് അവധി ആഘോഷിക്കാന്‍ ഇറങ്ങിയവര്‍ക്ക് കുളിരേകി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തിറങ്ങിയത്. പ്രധാനമായും എമിറേറ്റിന്റെ തെക്കന്‍ പ്രദേശമായ ഷൗക്കയിലും സമീപ പ്രദേശങ്ങളിലുമാണ് മഴ ശക്തമായി അനുഭവപ്പെട്ടത്. മഴ പെയ്തതോടെ അത് ആസ്വദിക്കാനായി നിരവധി പേരാണ് വാഹനങ്ങളുമായി വിവിധ റോഡുകളിലേക്ക് എത്തിയത്. മഴ പെയ്ത് വെള്ളം നിറഞ്ഞത് ഏറെ സന്തോഷമുള്ള അനുഭവമായിരുന്നെന്ന് ഷൗക്കയിലെ താമസക്കാരില്‍ ഒരാളായ സലിം സഈദ് അല്‍ കാഇദി വ്യക്തമാക്കി. മഴയോടൊപ്പം ശക്തമായ ആലിപ്പഴ വര്‍ഷവും ഉണ്ടായി. ദീര്‍ഘനേരം പെയ്ത മഴ ഷൗക്ക അണക്കെട്ടിലെ ജലനിരപ്പ് ഉയരാനും ഇടയാക്കിയിട്ടുണ്ട്. മേഖലയിലെ കൃഷിക്ക് മഴ അനുഗ്രഹമായിരിക്കയാണ്. ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ മഴ കാരണം വര്‍ധനവുണ്ടാവുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ദിവസങ്ങളിലും മഴ തുടര്‍ന്നേക്കുമെന്നാണ് പ്രദേശത്തെ താമസക്കാര്‍ പ്രതീക്ഷിക്കുന്നത്. കൃഷിക്കൊപ്പം കന്നുകാലി വളര്‍ത്തലിനും മഴ അനുഗ്രഹമായിട്ടുണ്ട്. അതേസയമം രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ഇന്ന് പ്രസന്നമായ കാലാവസ്ഥയാവും അനുഭവപ്പെടുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. പൊതുവില്‍ താപനില ഉയര്‍ന്നുതന്നെ നില്‍ക്കും. കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ കാര്‍മേഘങ്ങളുടെ സാന്നിധ്യം ശക്തമായി അനുഭവപ്പെടും. ഉച്ചക്ക് ശേഷമായിരിക്കും ഈ മേഖലകളില്‍ ഇതുമൂലം മൂടിക്കെട്ടിയ അന്തരീക്ഷം സംജാതമാവുക. രാത്രിയിലും അതിരാവിലെയും അന്തരീക്ഷ ഈര്‍പം വര്‍ധിക്കും. തീരപ്രദേശങ്ങളിലാവും കൂടിയ തോതില്‍ അന്തരീക്ഷഈര്‍പം അനുഭവപ്പെടുകയെന്നും കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.

---- facebook comment plugin here -----

Latest