തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി; ഒഴിവായത് വന്‍ ദുരന്തം

Posted on: August 28, 2016 10:37 am | Last updated: August 28, 2016 at 6:03 pm
SHARE

trainഅങ്കമാലി: തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് ട്രെയിനിന്റെ എസി കോച്ചുകള്‍ ഉള്‍പ്പെടെയുള്ള ബോഗികള്‍ പാളം തെറ്റി. അങ്കമാലിക്കു സമീപം കറുകുറ്റിയിലാണ് സംഭവം. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2.30 നാണ് അപകടമുണ്ടായത്. 12 ബോഗികള്‍ ആണ് പാളം തെറ്റിയത്. ഇതില്‍ നാലെണ്ണം പൂര്‍ണമായി ചെരിഞ്ഞിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. സ്‌റ്റേഷന്‍ വിട്ട ഉടനെയായതിനാല്‍ ട്രെയിന് വേഗം കുറവായിരുന്നത് വന്‍ദുരന്തം ഒഴിവാക്കി.പുലര്‍ച്ചെ 2.16 നായിരുന്നു അപകടം. യാത്രക്കാരെ ബസില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കു മാറ്റി.

trainഅപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പല ട്രെയിനുകളും വഴിതിരിച്ച് വിടുകയാണ്. കൂടാതെ എറണാകുളത്തുനിന്ന് അങ്കമാലിതൃശൂര്‍കോഴിക്കോട് ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിരിക്കുകയാണ്. ഉച്ചക്ക് മൂന്നു മണിയോടെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചത്. തെക്കോട്ടുള്ള ഗതാഗതം ഉച്ചക്ക് മൂന്നു മണിയോടെയും വടക്കോട്ടുള്ള ഗതാഗതം തിങ്കളാഴ്ച രാവിലെ ആറു മണിയോടെയും പുനഃസ്ഥാപിക്കാന്‍ സാധിച്ചേക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് അടക്കമുള്ള വിഭാഗങ്ങളെ ഏകോപിപ്പിച്ച് ആരംഭിച്ചു കഴിഞ്ഞു.
റെയില്‍പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിനു കാരണമായതെന്ന് സംശയിക്കുന്നു. അപകടത്തെ തുടര്‍ന്ന് റെയില്‍വേ ഹെല്‍പ്പ് ലൈന്‍ തുറന്നു. തിരുവനന്തപുരം: 0471-2320012, തൃശൂര്‍: 0471-2429241 എന്നിവയാണ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here