മതപാരമ്പര്യത്തെ നിരാകരിച്ചവരാണ് ഇസ്‌ലാമിലെ പ്രശ്‌നക്കാര്‍: കാന്തപുരം

Posted on: August 28, 2016 12:23 am | Last updated: August 28, 2016 at 6:03 pm
SHARE

kanthapuramഗ്രാസ്‌നി(ചെച്‌നിയ): ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ നിരാകരിച്ച് മതത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ രൂപപ്പെടുത്തിയ ഉത്പതിഷ്ണുക്കളാണ് മുസ്‌ലിം ലോകത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ചെച്‌നിയന്‍ സര്‍ക്കാര്‍ തലസ്ഥാനമായ ഗ്രാസ്‌നിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനത്തില്‍ അഹ്‌ലുസ്സുന്നയുടെ മാര്‍ഗം എന്ന ശീര്‍ഷകത്തില്‍ പ്രബന്ധമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലോകത്ത് പരമ്പരാഗതമായി പണ്ഡിതന്മാര്‍ പുലര്‍ ത്തിപ്പോരുന്ന ജ്ഞാനപാരമ്പര്യമുണ്ട്. പ്രവാചകരും സ്വഹാബികളും ജീവിതത്തില്‍ പാലിച്ച സൂക്ഷ്മതയുടെ തുടര്‍ച്ചയിലാണ് ഈ ജ്ഞാനപാരമ്പര്യം പുഷ്ടിപ്പെട്ടത്. വിശ്വാസകാര്യങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാരമ്പര്യ പണ്ഡിതന്മാര്‍ കാണിച്ചിട്ടുണ്ട്. ഇമാം ഗസ്സാലിയെ പോലുള്ള ധൈഷണിക- ആത്മീയ പ്രതിഭകളെല്ലാം മദ്ഹബുകളെ ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിക പാരമ്പര്യത്തെ ജീവിതത്തിലും രചനകളിലും പ്രതിഫലിപ്പിച്ചവരാണ്. സുന്നി പണ്ഡിത്മാര്‍ ഇപ്പോഴും നിലകൊള്ളുന്നത് പൈതൃകമായി മുസ്‌ലിം സമൂഹം കാത്തുസൂക്ഷിക്കുന്ന യഥാര്‍ഥ ഇസ്‌ലാമിന്റെ കരുത്തിലാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് സൂഫിസത്തിന്റെ സമ്പന്നമായ പാരമ്പര്യമുണ്ട്. ലോകത്ത് മുഴുവന്‍ അധ്യാത്മിക ഇസ്‌ലാം സ്വീകരിക്കപ്പെടുന്നത് അത് ശരിയായ പ്രത്യയശാസ്ത്രമായത് കൊണ്ടാണ്-കാന്തപുരം പറഞ്ഞു.
മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ ലോകത്തെ ഇരുനൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട സുന്നി പണ്ഡിതന്മാര്‍ പങ്കെടുത്തു. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫിള്, സയ്യിദ് ഹബീബ് അലി ജിഫ്രി, ശൈഖുല്‍ അസ്ഹര്‍ അഹ്മദ് ത്വയ്ബ്, ശൈഖ് അലി ജുമുഅ, ശൈഖ് ശൗഖി അല്ലാം, ഡോ. ഉസാമ അസ്ഹരി, ഡോ. ഉസാമ രിഫാഇ, ശൈഖ് അൗന്‍ മുഈനുല്‍ ഖദ്ദൂമി, അല്‍ ഹബീബ് മുഹമ്മദ് ഇബ്‌നു അബ്ദുര്‍റഹ്മാന്‍ സഖാഫ്, ശൈഖ് രിയാള് ബാസു എന്നിവര്‍ സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിച്ചവരില്‍ പ്രമുഖരാണ്. ഇന്ത്യന്‍ പ്രതിനിധികളായി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, അന്‍വര്‍ അഹ്മദ് ബഗ്ദാദി എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here