Connect with us

Articles

ഉള്ഹിയ്യത്ത്: പുണ്യവും നിബന്ധനകളും

Published

|

Last Updated

വലിയ പെരുന്നാളില്‍ നിര്‍വഹിക്കപ്പെടുന്ന വളരെ ശ്രേഷ്ഠമായ കര്‍മമാണ് ഉള്ഹിയ്യത്ത്. ഈ സത്കര്‍മം പരിശുദ്ധ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നിവകൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. മറ്റു സുന്നത്തായ സ്വദഖകളേക്കാള്‍ ശ്രേഷ്ഠതയുണ്ട് ഉള്ഹിയ്യത്തിന്. തനിക്കും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആളുകള്‍ക്കും പെരുന്നാള്‍ ദിവസത്തില്‍ ചെലവിന്നാവശ്യമായ സമ്പത്ത് കഴിച്ച് ഉള്ഹിയ്യത്ത് നിര്‍വഹിക്കാന്‍ ശേഷിയുള്ളവന് ഇത് സുന്നത്താണ്. ഒഴിവാക്കല്‍ കറാഹത്താണ്. ഹനഫീ മദ്ഹബില്‍ ഈ കര്‍മം നിര്‍ബന്ധവും ഒഴിവാക്കല്‍ കുറ്റകരവുമാണ്.

മഹത്വവും പുണ്യവും
ഉള്ഹിയ്യത്തിന്റെ പുണ്യങ്ങള്‍ വ്യക്തമാക്കുന്ന അനേകം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നല്ല മനസ്സോടെ പ്രതിഫലം കാംക്ഷിച്ച് ആരെങ്കിലും ഉള്ഹിയ്യത്ത് നിര്‍വഹിച്ചാല്‍ അത് നരകത്തെ തടയുന്നതാണ്. നിങ്ങളുടെ ഉള്ഹിയ്യത്ത് മൃഗത്തിനെ നിങ്ങള്‍ നന്നാക്കുവീന്‍. കാരണം അത് നിങ്ങള്‍ക്ക് സ്വിറാത്ത് പാലം കടക്കാനുള്ള വാഹനമാണ് (ഹദീസ്). പെരുന്നാള്‍ ദിനത്തില്‍ മനുഷ്യന്‍ ചെയ്യുന്ന സുന്നത്തായ സത്കര്‍മങ്ങളില്‍ അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്നത് ബലി അറുക്കലാണ്. ബലി മൃഗങ്ങള്‍ അവയുടെ കുളമ്പുകളും രോമങ്ങളും കൊമ്പുകളുമായി പരലോകത്ത് വരും. ബലി മൃഗത്തിന്റെ രക്തം ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് അല്ലാഹുവിന്റെ അരികില്‍ വലിയ സ്ഥാനം പ്രാപിക്കുന്നതാണ്(ഹദീസ്). ബലി മൃഗത്തിന്റെ ആദ്യ രക്തത്തുള്ളി ഭൂമിയില്‍ പതിക്കുന്നതോടെ മുഴുവന്‍ ദോഷങ്ങളും പൊറുക്കപ്പെടും. ബലി മൃഗത്തിന്റെ മാംസവും രക്തവുമെല്ലാം എഴുപത് ഇരട്ടിയായി മീസാന്‍ എന്ന തുലാസില്‍ കൊണ്ടുവരപ്പെടുന്നതാണ്(ഹദീസ്). ബലി മൃഗത്തിന്റെ ഓരോ രോമം കണക്കെ പുണ്യം ലഭിക്കുന്നു(ഹദീസ്). സൗകര്യമുണ്ടായിരിക്കെ ഉള്ഹിയ്യത്ത് നിര്‍വഹിക്കാത്തവര്‍ എന്റെ മുസ്വല്ലയോട് അടുക്കരുതെന്ന് മുഹമ്മദ് നബി(സ) പ്രഖ്യാപിച്ചു. ഇങ്ങനെ അനേകം ഹദീസുകളില്‍ ഉള്ഹിയ്യത്തിന്റെ പുണ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൃഗവും നിബന്ധനയും
ഒട്ടകം, മാട്, ആട് എന്നിവയാണ് ഉള്ഹിയ്യത്തിന്റെ മൃഗം. ഇതല്ലാത്ത ഏത് മൃഗത്തിലും ഈ സുന്നത്ത് ലഭിക്കുകയില്ല. ഒട്ടകത്തിന് അഞ്ച് വയസ്സും മാടിനും കോലാടിനും രണ്ട് വയസ്സും നെയ്യാടിന് ഒരു വയസ്സും തികയേണ്ടതാണ്. നമ്മുടെ നാടുകളില്‍ സാധാരണ കാണപ്പെടുന്ന ആട് കോലാടിന്റെ ഇനത്തില്‍ പെട്ടതാണ്. അതിന് രണ്ട് വയസ്സ് പൂര്‍ത്തിയാകണം.
ബലി മൃഗം കുറ്റമറ്റതാകല്‍ നിര്‍ബന്ധമാണ്. ചൊറി, വ്യക്തമായ മുടന്ത്, രോഗമുള്ളത്, ഒരു കണ്ണിനെങ്കിലും കാഴ്ച നഷ്ടപ്പെട്ടത്, ശക്തമായ മെലിച്ചിലുള്ളത്, ചെവി, വാല്‍, അകിട്, നാവ് തുടങ്ങിയവ അല്‍പ്പമെങ്കിലും മുറിഞ്ഞ് അറ്റുപോയത്, എല്ല് ഒടിഞ്ഞത് തുടങ്ങിയ ന്യൂനതകള്‍ ഉള്ള മൃഗങ്ങള്‍ ഉളുഹിയ്യതിന് മതിയാകുകയില്ല. അറുക്കാന്‍ വേണ്ടി മൃഗത്തിനെ ചെരിച്ച് കിടത്തുന്ന സമയത്ത് എല്ല് പൊട്ടിയാല്‍ ആ മൃഗവും ഉള്ഹിയ്യത്തിന് മതിയാവുകയില്ല. അങ്ങനെ സംഭവിച്ചാല്‍ അതിനെ അറുത്ത് മാംസം സ്വദഖ ചെയ്യാം. ഉള്ഹിയ്യത്തിന്റെ പ്രതിഫലം ലഭിക്കുകയില്ല. ഉള്ഹിയ്യത്ത് നിര്‍വഹിക്കാന്‍ നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ വേറെ മൃഗത്തിനെ അറുക്കല്‍ നിര്‍ബന്ധവുമാണ്. ഗര്‍ഭിണിയായ മൃഗത്തെ ഉള്ഹിയ്യത്ത് നിര്‍വഹിക്കാന്‍ പറ്റില്ല. എന്നാല്‍ ഉള്ഹിയ്യത്തിന് വേണ്ടി നേര്‍ച്ചയാക്കപ്പെട്ട മൃഗത്തിന് അറവിന്റെ സമയമായപ്പോള്‍ ഗര്‍ഭം ഉണ്ടെങ്കിലോ അല്ലെങ്കില്‍ ഗര്‍ഭമുള്ള നിശ്ചിത മൃഗത്തെ നേര്‍ച്ചയാക്കിയാലും അവയെ അറുക്കല്‍ നിര്‍ബന്ധമാണ്. ആണും പെണ്ണും രണ്ടുമല്ലാത്തതും (ഖുന്‍സ) പ്രസവിച്ചതും പ്രസവിക്കാത്തതും ഉടക്കപ്പെട്ടതും ഉടക്കപ്പെടാത്തതും എല്ലാം ഉളുഹിയ്യത്തിന് മതിയാകുന്നതാണ്. ജന്മനാ ചെവിയില്ലാത്ത മൃഗത്തെ ഉള്ഹിയ്യത്തിന് പറ്റില്ല. ജന്മനാ കൊമ്പില്ലാത്തതും പിന്നീട് കൊമ്പ് പൊട്ടിയതും ഉള്ഹിയ്യത്തിന് തടസ്സമല്ല. എങ്കിലും നല്ല കൊമ്പുള്ളതാണ് ഉത്തമം. പല്ല് പൊട്ടിയതോ കൊഴിഞ്ഞതോ പ്രശ്‌നമില്ല. പക്ഷേ മുഴുവന്‍ പല്ലും കൊഴിഞ്ഞ് പോയത് സാധുവാകുകയില്ല.

ഉത്തമ മൃഗം
ഉള്ഹിയ്യത്ത് മൃഗങ്ങളുടെ എണ്ണം എത്രയും ആകാവുന്നതാണ്. നബി(സ)തങ്ങള്‍ ഒരവസരത്തില്‍ 100 ഒട്ടകത്തിനെ അറുത്തിട്ടുണ്ട്. ഒരു മൃഗത്തിനെ മാത്രം അറുക്കുകയാണെങ്കില്‍ ഏറ്റവും ശ്രേഷ്ഠം ഒട്ടകമാണ്. പിന്നെ മാട്, പിന്നെ ആട്. ഒട്ടകത്തിലോ മാടിലോ ഏഴില്‍ ഒന്ന് ഓഹരി കൂടി അറുക്കുന്നതിനേക്കാള്‍ ഉത്തമം ഒരു ആടിനെ അറുക്കലാണ്. ഏഴില്‍ ഒരു ഓഹരി ആടിന്റെ വിലയേക്കാള്‍ കൂടുതലാകുന്നുണ്ടെങ്കിലും ഉത്തമം ഒരു ആടിനെ അറുക്കല്‍ തന്നെ. ആണ്‍ മൃഗമാണ് പെണ്‍ മൃഗത്തേക്കാള്‍ ഉള്ഹിയ്യത്തിന് ശ്രേഷ്ഠം. തീരെ പ്രസവിക്കാത്ത മൃഗം പ്രസവിച്ചമൃഗത്തേക്കാള്‍ ഉത്തമമാകും. വെളുത്തത്, മഞ്ഞ, തവിട്ട്, മങ്ങിയ വെള്ള, ചുവപ്പ്, വെളുപ്പും കറുപ്പും കലര്‍ന്നത്, തനി കറുപ്പ് എന്നിങ്ങനെയാണ് നിറത്തിലെ ക്രമം. എന്നാല്‍ ഏത് നിറത്തിലുള്ളതും ബലികര്‍മത്തിന് മതിയാകുന്നതാണ്.

ഉള്ഹിയ്യത്തിന്റെ നിയ്യത്ത്
എല്ലാ ആരാധനകളും നിയ്യത്തുണ്ടെങ്കിലേ സ്വീകാര്യമാകൂ. ഉള്ഹിയ്യത്തിനും നിയ്യത്ത് അനിവാര്യമാണ്. ഒരു മൃഗത്തിനെ ഉള്ഹിയ്യത്തിന് വേണ്ടി മാറ്റിവെക്കുന്ന സമയത്തോ അല്ലെങ്കില്‍ അറവിന്റെ സമയത്തോ ആണ് നിയ്യത്ത് ചെയ്യേണ്ടത്. ഒരു നിശ്ചിത മൃഗത്തെ ഉള്ഹിയ്യത്തിന് വേണ്ടി നേര്‍ച്ചയാക്കിയാല്‍ പിന്നെ മറ്റൊരു നിയ്യത്തിന്റെ ആവശ്യമില്ല. “”സുന്നത്തായ ഉള്ഹിയ്യത്ത് നിര്‍വഹിക്കാന്‍ ഞാന്‍ കരുതി” എന്നോ “സുന്നത്തായ ഉളുഹിയ്യത്തിന് ഞാന്‍ നിയ്യത്ത് ചെയ്തു””എന്നോ നിയ്യത്ത് ചെയ്യണം. ദുല്‍ഹിജ്ജ 10ന് സൂര്യന്‍ ഉദിച്ച് ലളിതമായ രൂപത്തില്‍ പെരുന്നാള്‍ ഖുത്വുബയും രണ്ട് റക്അത്ത് നിസ്‌കരിക്കാനുമുള്ള സമയവും കഴിഞ്ഞാല്‍ ഉള്ഹിയ്യത്തിനുള്ള സമയമായി. ദുല്‍ ഹിജ്ജ 13(4ാംപെരുന്നാള്‍)ന് മഗ്‌രിബ് വരെയാണ് സമയം. 13ന് മഗ്‌രിബിന് ശേഷം അറുത്താല്‍ ഖളാഅ് ആകുന്നതാണ്. കാരണമില്ലാതെ രാത്രിയിലേക്ക് അറവിനെ പിന്തിക്കുന്നത് കറാഹത്താണ്.

ഉള്ഹിയ്യത്തിലെ ഓഹരി
ഉള്ഹിയ്യത്ത് കര്‍മത്തിന് വേണ്ടി ആടിനെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതില്‍ ഷെയര്‍ സാധ്യമല്ല. മാടിലും ഒട്ടകത്തിലും ഒന്നിലധികം ആളുകള്‍ക്ക് ഷെയര്‍ ചേരാം. രണ്ട്, മൂന്ന്, നാല് ഇങ്ങനെ ഏഴ് വരെ ആകാം. ഏഴിനേക്കാള്‍ അധികം ആളുകള്‍ പങ്ക് ചേര്‍ന്നാല്‍ ആര്‍ക്കും ഉള്ഹിയ്യത്ത് ലഭിക്കുകയില്ല. കൂട്ടമായുള്ള ഉള്ഹിയ്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 21 പേര്‍ കൂടി മൂന്ന് മാടുകളെ അറുക്കാന്‍ തീരുമാനിക്കുകയും 21 പേര്‍ കൂടി മൂന്ന് മാടുകളെ വാങ്ങി അറുക്കുകയും ചെയ്താല്‍ ഉള്ഹിയ്യത്ത് സാധുവാകുകയില്ല. ആര്‍ക്കും ഉള്ഹിയ്യത്തിന്റെ പ്രതിഫലം ലഭിക്കുകയുമില്ല. കാരണം 21 വ്യക്തികള്‍ കൂടി മൂന്ന് മൃഗത്തിനെ വാങ്ങുമ്പോള്‍ ഓരോ മൃഗത്തിലും 21 പേര്‍ പങ്ക് ചേരുന്നതാണ്. അത് സ്വീകാര്യമല്ല. എന്നാല്‍ ഓരോ ഏഴാളുകള്‍ക്ക് വേണ്ടി ഓരോ മൃഗത്തിനെ വാങ്ങിയാല്‍ ഈ പ്രശ്‌നം ഒഴിവാക്കാം. കൂട്ടമായി വാങ്ങുന്നതില്‍ വേറെയും ചില പ്രശ്‌നങ്ങളുണ്ട്. മൂന്ന് മൃഗത്തിനെ വാങ്ങുമ്പോള്‍ ചിലപ്പോള്‍ മൂന്ന് മൃഗത്തിനും വ്യത്യസ്ത വിലകളായിരിക്കും. എല്ലാവരില്‍ നിന്നും തുല്യമായ പൈസയാണ് വാങ്ങുന്നതെങ്കില്‍ വലിയ മൃഗത്തിന്റെ വിലയില്‍ ചിലപ്പോള്‍ ഏഴില്‍ അധികം ആളുടെ ഓഹരികള്‍ ചേരാനും ഇടയുണ്ട്. ഇത് സൂക്ഷിക്കേണ്ടതാണ്.
കമ്മിറ്റിയുടെ കീഴില്‍ 70 ആളുകള്‍ കൂടി 10 മൃഗത്തിനെ അറുക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. അങ്ങനെയെങ്കില്‍ മൃഗത്തിനെ വാങ്ങുന്നതും അറുക്കുന്നതും ഓഹരി ചെയ്യുന്നതുമെല്ലാം ഈ കമ്മിറ്റിക്ക് കീഴിലാണെങ്കില്‍ അറവില്‍ പങ്ക് ചേരുന്ന ആളുകള്‍ എല്ലാത്തിനും വേണ്ടി കമ്മിറ്റിയില്‍ പെട്ട വ്യക്തികളെ വക്കാലത്താക്കലാണ് നല്ലത്. കമ്മിറ്റി മൃഗത്തെ വാങ്ങുമ്പോള്‍ ഒരാള്‍ 10 മൃഗത്തിനെ മൊത്തം വില നിശ്ചയിച്ച് തന്റെ പേരില്‍ വാങ്ങുക. പിന്നീട് അദ്ദേഹം എല്ലാ മൃഗത്തിനും ഒരു പോലെ വില നിശ്ചയിച്ച് ഓരോ ഏഴ് പേര്‍ക്ക് വേണ്ടി ഓരോ മൃഗത്തെ കമ്മിറ്റിയില്‍ പെട്ടവര്‍ക്ക് വില്‍ക്കുകയും ചെയ്താല്‍ പ്രശ്‌നമില്ലാതെ എളുപ്പത്തില്‍ കാര്യം സാധിക്കുന്നതാണ്.
കൂട്ടമായി അറുക്കുന്നതില്‍ കുറെ ഗുണങ്ങളുണ്ട്. സ്വന്തമായി ഒരു മൃഗത്തെ അറുക്കാന്‍ കഴിയാത്തവര്‍ക്കും ഉള്ഹിയ്യത്തില്‍ പങ്ക് ചേരാനുള്ള അവസരമാണ് ഇത്തരം കൂട്ടായ്മകളിലൂടെ സാധ്യമാകുന്നത്. ഒട്ടകത്തിലും മാടിലുമൊക്കെ പലരും പങ്ക് ചേര്‍ന്ന് അറുക്കുമ്പോള്‍ പങ്കെടുത്ത എല്ലാവരും ഉള്ഹിയ്യത്ത് തന്നെ ഉദ്ദേശിക്കണമെന്നില്ല. ഹഖീഖത്തോ മാംസം ഉദ്ദേശിച്ച് കൊണ്ടോ ആകാവുന്നതാണ്. എന്നാല്‍, ഒറ്റ ഷെയറില്‍ രണ്ട് ഉദ്ദേശ്യങ്ങള്‍ പറ്റില്ല.
(തുടരും)