Connect with us

International

എസ്‌കോബാറിന്റെ നാട്ടിലെ പുതിയ ഉദയം

Published

|

Last Updated

കൊളംബിയയെക്കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോള്‍ ആന്ദ്രേ എസ്‌കോബാറിനെ കുറിച്ച് പറയേണ്ടി വരും. 1994ലെ ലോകകപ്പില്‍ സെല്‍ഫ് ഗോളടിച്ച കൊളംബിയന്‍ താരം. കുനിഞ്ഞ ശിരസ്സുമായി നാട്ടിലെത്തിയ എസ്‌കോബാറിനെ മയക്കു മരുന്ന് ലോബിയിലെ ആയുധധാരികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. ഇത്തരം ക്രൂരമായ ചോരക്കളികളിലാണ് കൊളംബിയ കുപ്രസിദ്ധമായിരിക്കുന്നത്. എന്നാല്‍ ഈ ഇരുണ്ട ചരിത്രത്തെ വകഞ്ഞ് മാറ്റി സമാധാനത്തിന്റെ പുതിയ പ്രഭാതത്തിലേക്ക് കുതിക്കാന്‍ ശ്രമിക്കുകയാണ് ആ രാജ്യമിപ്പോള്‍. സംഘര്‍ഷ വ്യാപനത്തിന്റെയും ക്രൂരമായ ഇടപെടലുകളുടെയും അപകടകരമായ സഖ്യം ചേരലുകളുടെയും പൊള്ളുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഇത്തിരി സമാശ്വാസമേകുന്നു ഈ തെക്കനമേരിക്കന്‍ രാജ്യത്ത് നിന്നുള്ള പുതിയ വിശേഷം. കൊക്കൈന്‍ തോട്ടങ്ങളുടെയും മയക്കുമരുന്നു ലോബികളുടെ കുടിപ്പകയുടെയും അവരെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നടത്തുന്ന സാഹസങ്ങളുടെയും പേരിലാണ് കൊളംബിയ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ രാജ്യം തലക്കെട്ടുകളില്‍ എത്തിയത് സമാധാനത്തിലേക്കുള്ള ധീരമായ ചുവട് വെപ്പിലൂടെയാണ്. അഞ്ച് പതിറ്റാണ്ടായി മനുഷ്യരെ കൊന്നും കൊള്ളയടിച്ചും ബന്ദിയാക്കിയും ആഭ്യന്തര യുദ്ധത്തിന്റെ ദുര്‍ദിനങ്ങളൊരുക്കിയ ഇടതുപക്ഷ, മാര്‍ക്‌സിസ്റ്റ് തീവ്രവാദികള്‍ ആയുധം താഴെ വെക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ റൗള്‍ കാസ്‌ട്രോയുടെ സാന്നിധ്യത്തില്‍ കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസും ഫാര്‍ക് ഗറില്ലാ സംഘത്തലവന്‍ റോഡ്രിഗോ ലണ്ടോനോയും സമാധാന കരാറില്‍ ഒപ്പുവെച്ചു. നിര്‍ദിഷ്ട കരാര്‍ ഒക്‌ടോബര്‍ രണ്ടിന് ഹിതപരിശോധനക്ക് വെക്കും. രാജ്യത്തെ മുഴുവന്‍ വോട്ടര്‍മാരും പങ്കെടുക്കുന്ന ഹിതപരിശോധനയുടെ വിധിയായിരിക്കും ഈ കരാറിന്റ ഭാവി നിര്‍ണയിക്കുക. പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത ആഭ്യന്തര സംഘര്‍ഷത്തിന് അറുതിയാകുന്നതിനെ കൊളംബിയന്‍ ജനത മാത്രമല്ല ലോകത്താകെയുള്ള സമാധാന സ്‌നേഹികള്‍ ആവേശത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. കൊളംബിയന്‍ ഗിഫ്റ്റ് ടു വേള്‍ഡ് പീസ്, കൊളംബിയന്‍ ലസ്സണ്‍ ടു വേള്‍ഡ് എന്നൊക്കെയാണ് പ്രമുഖ പത്രങ്ങളുടെ തലക്കെട്ട്. നയതന്ത്ര പ്രതിനിധികളും വിദഗ്ധരുമെല്ലാം ഈ സമാധാന കരാറിനെ വാനോളം പുകഴ്ത്തുന്നുണ്ട്.
“മനോഹരമായ യുദ്ധം ജയിച്ചിരിക്കുന്നു”വെന്നാണ് ഗറില്ലാ നേതാവ് റോഡ്രിഗോ പ്രതികരിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചിരിക്കുന്നുവെന്നും ഇനി രാജ്യം വികസനത്തിന്റെ രജത രേഖ തൊടുമെന്നുമായിരുന്നു പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് പറഞ്ഞത്. 1964ല്‍ രൂപവത്കൃതമായ റെവല്യുഷനറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ (ഫാര്‍ക്) ലോകത്തിലെ ഏറ്റവും അപകടകാരികളായ മാര്‍ക്‌സിസ്റ്റ് തീവ്രവാദ സംഘമാണ്. ഭൂപരിഷ്‌കരണവും ഇടതു സാമ്പത്തിക നയവും സാധ്യമാകും വരെ ഭരണകൂടത്തിന് സൈ്വരം നല്‍കില്ലെന്നതാണ് സംഘടനയുടെ അടിസ്ഥാന പ്രഖ്യാപനം. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 68,000 ഗറില്ലാ പടയാളികളും 8,500 വളണ്ടിയര്‍മാരുമാണ് ഫാര്‍ക്കിനുള്ളത്. അത്യന്താധുനിക ആയുധങ്ങളുണ്ട് ഇവരുടെ കൈയില്‍. പതിയിരുന്ന് ആക്രമണം നടത്തുകയാണ് പതിവ്. കാടും പര്‍വതങ്ങളും നിറഞ്ഞ കൊളംബിയന്‍ ഭൂപ്രകൃതി ഈ ക്രൂരതകള്‍ക്ക് സുരക്ഷിതമായ പശ്ചാത്തലമൊരുക്കുന്നു. ചെ ഗുവേരയുടെ ബൊളീവിയന്‍ ഒളിപ്പോരിന്റെ നിരര്‍ഥകമായ അനുകരണമാണ് ഇവര്‍ നടത്തിയത്. കൊക്കൈന്‍ വ്യാപാരമാണ് ഇവരുടെ പ്രധാന വരുമാന സ്രോതസ്സ്. ഇത്തരം തോട്ടങ്ങള്‍ സംരക്ഷിക്കാനാണ് ഇവരുടെ ആയുധ ശേഷി പ്രധാനമായും ഉപയോഗിക്കുന്നത്. കൊക്കയിന്‍ ഉന്‍മൂലനത്തിനുള്ള സര്‍ക്കാറിന്റെ ശ്രമത്തെ അവര്‍ എന്നും പ്രതിരോധിച്ചു പോന്നു. മയക്കുമരുന്ന് സംഘങ്ങളുമായി ഇക്കൂട്ടര്‍ക്ക് ഗാഢമായ സൗഹൃദങ്ങളുണ്ടായിരുന്നു. ബന്ദിയാക്കി മോചന ദ്രവ്യം പിരിച്ചും ഇവര്‍ പണക്കാരാകുന്നു. മൈനുകള്‍ കുഴിച്ചിട്ടും ഗറില്ലാ ആക്രമങ്ങള്‍ നടത്തിയും ഫാര്‍ക് തീവ്രവാദികള്‍ സൈന്യത്തെ ശിഥിലമാക്കിക്കൊണ്ടിരുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട യുദ്ധത്തില്‍ 220,000 പേര്‍ മരിച്ചുവെന്നാണ് കണക്ക്. 70 ലക്ഷം പേര്‍ ഭവനരഹിതരായി. മറ്റേതൊരു തീവ്രവാദി സംഘത്തെയും പോലെ ഫാര്‍ക്കിനും പറഞ്ഞ് നില്‍ക്കാന്‍ ചില പ്രത്യയ ശാസ്ത്ര അടിസ്ഥാനങ്ങളുണ്ട്. അതില്‍ പ്രധാനം കര്‍ഷക സമൂഹത്തിന്റെ പതിതാവസ്ഥ തന്നെയാണ്. ഭൂപരിഷ്‌കരണം നടപ്പാക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് സ്വന്തമായി ഭൂമിയില്ല. ഫ്യൂഡല്‍ പ്രഭുക്കളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഈ സ്ഥിതി വിശേഷത്തിന് അറുതി വരുത്താനാണ് തങ്ങള്‍ ആയുധമെടുക്കുന്നതെന്ന് ഫാര്‍ക് അവകാശപ്പെടുന്നു. ഗ്രാമീണ സമൂഹത്തില്‍ നല്ലൊരു ശതമാനത്തിന്റെ പിന്തുണ തീവ്രവാദികള്‍ ആര്‍ജിക്കുന്നത് ഈ ആശയ അടിത്തറയുള്ളതുകൊണ്ടാണ്. ഇന്ത്യയിലെ മാവോയിസ്റ്റ് സംഘങ്ങളുമായും ഉള്‍ഫ പോലുള്ള ഗ്രൂപ്പുകളുമായും ഇവക്ക് വിദൂര സാമ്യം കാണാവുന്നതാണ്.
ഹവാന സമാധാന കരാര്‍ ഒരര്‍ഥത്തില്‍ ഫാര്‍ക്കിന്റെ നിസ്സയാവസ്ഥയില്‍ നിന്ന് പിറന്നതാണ്. ഇപ്പോഴത്തെ പ്രസിഡന്റ് സാന്റോസിന്റെ മുന്‍ഗാമി അല്‍വാരോ ഉറൈബിന്റെ നേതൃത്വത്തില്‍ 2002ല്‍ നടന്ന സമഗ്ര ഉന്‍മൂലന സൈനിക നടപടി ഫാര്‍ക്കിനെ തീര്‍ത്തും ശിഥിലമാക്കിയിരുന്നു. ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും അവര്‍ക്ക് വനാന്തര്‍ ഭാഗത്തേക്ക് പിന്‍വാങ്ങേണ്ടി വന്നു. പ്രമുഖര്‍ പലരും കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തു. കൊക്ക പാടങ്ങള്‍ അഗ്നിക്കിരയാക്കിയും ധന സ്രോതസ്സുകള്‍ അറുത്തും തീവ്രവാദികളെ സര്‍ക്കാര്‍ വളഞ്ഞു. സ്വകാര്യ സായുധ ഗ്രൂപ്പുകളെയും അര്‍ധ സൈനിക വിഭാഗങ്ങളെയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. അമേരിക്കയെപ്പോലുള്ള വന്‍ ശക്തികള്‍ ഈ സൈനിക മുന്നേറ്റത്തിന് എല്ലാ പിന്തുണയും നല്‍കിയതോടെ ഫാര്‍ക്കിന് നില്‍ക്കക്കള്ളിയില്ലാതായി. ഇതോടെ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഫാര്‍ക് നിര്‍ബന്ധിതരാകുകയായിരുന്നു. നാല് വര്‍ഷം മുമ്പ് റൗള്‍ കാസ്‌ട്രോയുടെയും ഹ്യൂഗോ ഷാവേസിന്റെയും നേതൃത്വത്തില്‍ തുടങ്ങി വെച്ച ചര്‍ച്ചകള്‍ വിജയതീരമണഞ്ഞത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ്. അത്‌കൊണ്ട് തന്നെ സാന്റോസിന്റെ വ്യക്തിപരമായ വിജയമായി മാത്രം ഈ കരാറിനെ കാണാനാകില്ല. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് ബുദ്ധിപൂര്‍വമായ മാധ്യസ്ഥ്യവും ക്ഷമാപൂര്‍വമായ ചര്‍ച്ചകളും എങ്ങനെ ഉപയോഗിക്കാമെന്ന പാഠം ഈ കൊളംബിയന്‍ വിജയഗാഥ മുന്നോട്ട് വെക്കുന്നുണ്ട്.
ആറ് ഭാഗങ്ങളാണ് 297 പേജ് വരുന്ന കരട് കരാറിലുള്ളത്. ഗ്രാമീണ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിനുള്ള സര്‍ക്കാറിന്റെ പദ്ധതികളാണ് ആദ്യ ഭാഗത്തുള്ളത്. സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണത്തിന് ഭൂപരിഷ്‌കരണം നടപ്പാക്കും. ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍ ഊര്‍ജിതമാക്കും. കാര്‍ഷിക വികസനത്തിന് പുതിയ നയം പ്രഖ്യാപിച്ച് നടപ്പാക്കും. ഫാര്‍ക് തീവ്രവാദികളുടെ നിരായുധീകരണമാണ് രണ്ടാം ഭാഗത്ത്. യു എന്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലെത്തി തീവ്രവാദികള്‍ കീഴടങ്ങും. ആയുധങ്ങള്‍ അടിയറ വെക്കും. തീവ്രവാദി നേതാക്കളുടെ രാഷ്ട്രീയ പ്രവേശത്തിന് വഴിയൊരുക്കുന്ന നിര്‍ദേശങ്ങളും ഈ ഭാഗത്തുണ്ട്. 2018ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഫാര്‍ക് നേതാക്കളെ 106 അംഗ കൊളംബിയന്‍ സെനറ്റിലേക്ക് നേരിട്ട് നാമ നിര്‍ദേശം ചെയ്യും. നിശ്ചിത കാലം വരെ ഫാര്‍ക് ഗറില്ലകള്‍കള്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കും. യോഗ്യതയുള്ളവര്‍ക്ക് സൈന്യത്തില്‍ പ്രവേശം നല്‍കും. നിരായുധീകരത്തിന്റെ സമയക്രമവും മറ്റ് വിശദാംശങ്ങളുമാണ് മൂന്നാം ഖണ്ഡത്തിലുള്ളത്. മയക്കു മരുന്ന് വ്യാപാരം സംബന്ധിച്ച നിര്‍ദേശങ്ങളാണ് നാലം ഭാഗം വ്യക്തമാക്കുന്നത്. ബഹുജന പങ്കാളിത്തത്തോടെ മയക്കുമരുന്ന് ശൃംഖലകള്‍ പൊട്ടിക്കും. അതിന് ഫാര്‍കിന്റെ സഹായവും ഉപയോഗിക്കും. എന്നാല്‍ പരമ്പരാഗത കൊക്ക കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കും. മെഡിക്കല്‍ മാരിജുവാന വ്യവസായത്തെയും പിന്തുണക്കും. ഫാര്‍ക് ഭീകരവാദത്തിന്റെയും അതിനെതിരെ നടന്ന സൈനിക നടപടികളുടെയും ഇരകള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച ധാരണകള്‍ ആറാം ഖണ്ഡത്തില്‍ ഉള്‍പ്പെടുന്നു. നിരായുധീകരിക്കപ്പെടുന്ന ഫാര്‍ക് ഗറില്ലകളോട് സ്വീകരിക്കേണ്ട നിയമപരമായ സമീപനവും ഈ ഭാഗത്ത് വരുന്നു. കഴിയുന്നത്ര ഇവര്‍ക്ക് മാപ്പ് നല്‍കണമെന്നാണ് ധാരണ. എന്നാല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് പൊതു മാപ്പ് നല്‍കില്ല. ഈ കരാര്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ രൂപവത്കരിക്കുന്ന സര്‍വ കക്ഷി സംവിധാനത്തോടെയാണ് കരാര്‍ രേഖ പൂര്‍ണമാകുന്നത്.
യാഥാര്‍ഥ്യവും സ്വപ്‌നവും ഇടകലര്‍ന്നതാണ് ഈ രേഖയെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കറാറിന്റെ വരുംവരായ്കകളും ശക്തി ദൗര്‍ബല്യങ്ങളും ഒരു മാസക്കാലത്തെ ഹിതപരിശോധനാ ക്യാമ്പയിനില്‍ നൂലിഴകീറിയുള്ള പരിശോധനക്ക് വിധേയമാകും. മുന്‍ പ്രസിഡന്റ് ഉറിബിന്റെ നേതൃതത്വത്തില്‍ ഇതിനകം തന്നെ ശക്തമായ “നോ” പ്രചാരണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കാസ്‌ട്രോ- ഷാവേസ് കരാര്‍ എന്നാണ് അദ്ദേഹം അധിക്ഷേപിക്കുന്നത്. ഫാര്‍ക് തീവ്രവാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുക വഴി കൊളംബിയന്‍ ജനതയെ അപമാനിക്കുകയാണ് സാന്റോസ് ചെയ്തതെന്ന് അദ്ദേഹം പ്രചരിപ്പിക്കുന്നു. വര്‍ഷങ്ങളായി അരുകൊലകള്‍ നടത്തുകയും രാജ്യത്തെ കൊക്ക കൃഷിയില്‍ മയക്കിക്കിടത്തുകയും അതിര്‍ത്തിക്ക് പുറത്തുള്ളവരുമായി കൂട്ടുകൂടുകയും ചെയ്ത തീവ്രവാദികള്‍ക്ക് ദേശീയ രാഷ്ട്രീയത്തിലേക്ക് സുരക്ഷിത പാതയൊരുക്കുന്ന കരാര്‍ തള്ളിക്കളയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു. മാത്രമല്ല, കൊടും കുറ്റവാളികളായ ഫാര്‍ക് ഗറില്ലകള്‍ക്ക് മാപ്പ് നല്‍കുക വഴി അപകടകരമായ സന്ദേശമാണ് കരാര്‍ നല്‍കുന്നതെന്നും സൈനിക നടപടിയിലൂടെ തന്നെ അവസാനിച്ചു പോകുമായിരുന്ന ഫാര്‍കിനെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും വിമര്‍ശകര്‍ വാദിക്കുന്നു. ഫാര്‍ക് മാത്രമല്ല സൈ്വര ജീവിതത്തിന് ഭീഷണിയുയര്‍ത്തുന്നത്. നാഷനല്‍ ലിബറേഷന്‍ ആര്‍മി പോലുള്ള ഗറില്ലാ ഗ്രൂപ്പുകള്‍ വേറെയുണ്ട്. ഇവരെല്ലാം റീഗ്രൂപ്പ് ചെയ്യുന്നതിലേക്കാണ് ഈ കരാര്‍ നയിക്കുകയെന്നും വാദമുണ്ട്. ഈ വാദഗതികള്‍ക്കെല്ലാം നല്ല പിന്തുണ ലഭിക്കുമെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. മാത്രമല്ല, സാന്റോസിന്റെ ജനപ്രീതിയും ഹിതപരിശോധനയില്‍ പ്രതിഫലിക്കും. പ്രതിച്ഛായ നഷ്ടത്തില്‍ ഉഴലുകയാണ് സാന്റോസിപ്പോള്‍. ഇത് മുന്‍കൂട്ടിക്കണ്ടാണ് വിശാല ഹിതപരിശോധനയെ ഫാര്‍ക് പക്ഷം എതിര്‍ത്തത്. റൗളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പകരം പാര്‍ലിമെന്റിന്റെ ഇരുസഭകളിലും പ്രവിശ്യാ ഭരണസമിതികളിലും വോട്ടിനിട്ടാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പ്രസിഡന്റ് സാന്റോസാണ് ഹിതപരിശോധനയില്‍ നിലയുറപ്പിച്ചത്. അന്തിമ തീരുമാനം ജനം പറയട്ടെയെന്ന ഗുണകാംക്ഷയായിരിക്കാം അദ്ദേഹത്തെ നയിച്ചത്.
ഹിതപരിശോധനാ ഫലം എന്തായിരുന്നാലും കൊളംബിയ കരാര്‍ പ്രതീക്ഷാ നിര്‍ഭരമായ ചില സന്ദേശങ്ങള്‍ ലോകത്തിന് നല്‍കുന്നുണ്ട്. ചര്‍ച്ചയുടെയും ഉള്‍ക്കൊള്ളലിന്റെയും വഴിയിലൂടെ സഞ്ചരിച്ചാല്‍ ഏത് തീവ്രവാദ പ്രവണതക്കും പരിഹാരം കാണാമെന്നത് തന്നെയാണ് പ്രധാനം. ആത്മാര്‍ഥമായ മാധ്യസ്ഥ്യത്തിന് വലിയ ശക്തിയുണ്ടെന്നും ഈ കരാര്‍ വിളിച്ചു പറയുന്നു. ഭരണ നേതൃത്വത്തിന്റെ ഇച്ഛാശക്തിയും നയകൗശലവും പരിഹാരത്തിലേക്കുള്ള വാതില്‍ തുറക്കും. സൈനിക പരിഹാരത്തിന് പരിമിതികളുണ്ട്. രാഷ്ട്രീയ പരിഹാരം തന്നെയാണ് ജനായത്ത ഭരണകൂടങ്ങള്‍ സ്വീകരിക്കേണ്ടതെന്ന സന്ദേശവും ഈ കൊളംബിയന്‍ സമാധാന ഗാഥയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഹിതപരിശോധനയെന്ന യഥാര്‍ഥ ജനാധിപത്യ പ്രക്രിയയുടെ സാധ്യതയും അത് ലോകത്തിന് മുന്നില്‍ വെക്കുന്നു.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest