യമനില്‍ വീണ്ടും റഷ്യ?

Posted on: August 28, 2016 6:00 am | Last updated: August 28, 2016 at 12:55 pm

യമനില്‍ താത്പര്യങ്ങളുടെ ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് അവിടെ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്നത്. ഒരു കാലത്ത് അടുത്ത ബന്ധമുണ്ടായിരുന്ന റഷ്യയെ യമന്‍ സംഘര്‍ഷത്തിലേക്ക് ഇറക്കാന്‍ മുന്‍ പ്രസിഡന്റും ഇപ്പോള്‍ ഹൂതി പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ളയാളുമായ അലി അബ്ദുല്ല സ്വലാഹ് ശ്രമിക്കുകയാണ്. റഷ്യക്ക് യമനില്‍ സൈനിക താവളമൊരക്കുമെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. സിറിയയിലും ലിബിയയിലും ഇറാഖിലുമെല്ലാം വന്‍ ശക്തികളുടെ ഇടപെടലാണ് ആ രാജ്യങ്ങളെ തകര്‍ത്തെറിഞ്ഞതെന്ന സത്യം പകല്‍ പോലെ വ്യക്തമായിട്ടും സ്വലാഹിനെപ്പോലുള്ളവര്‍ ചരിത്രത്തോടും സ്വന്തം രാജ്യത്തോടുമുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നില്ല എന്നത് നിരാശാജനകമാണ്. സാമ്രാജ്യത്വ ശക്തികളുടെ ഭൗമ രാഷ്ട്രീയ കുതന്ത്രങ്ങളെ പല നിലകളിലുള്ള ഐക്യപ്പെടലുകളിലൂടെയാണ് യമന്‍ അതിജീവിച്ചത്. അതിന്റെ ഫലമായാണ് വടക്കന്‍ യമനും തെക്കന്‍ യമനും ഒന്നായത്. ഈ ചരിത്ര മുഹൂര്‍ത്തങ്ങളിലെല്ലാം നേരിട്ട് പങ്കെടുത്ത് അനുഭവ പാരമ്പര്യമുള്ള നേതാവാണ് സ്വലാഹ്. അതിനാല്‍ രാജ്യത്തെ സമാധാനത്തിലേക്ക് നയിക്കാനുള്ള ബാധ്യതയും യോഗ്യതയുമുള്ള അദ്ദേഹം പുതിയ തെറ്റിലേക്ക് നീങ്ങുമ്പോള്‍ ഇസ്‌ലാമിക പാരമ്പര്യത്തിന് നിര്‍ണായക പ്രാധാന്യമുള്ള ഈ രാജ്യത്ത് ഒന്നര വര്‍ഷം മുമ്പ് തുടങ്ങിയ ചോരക്കളി നിലക്കാന്‍ പോകുന്നില്ലെന്ന ഭീകരമായ യാഥാര്‍ഥ്യം വാ പിളര്‍ന്ന് നില്‍ക്കുന്നു.
ആധുനിക യമന്റെ ചരിത്രം തന്നെ അധികാര വടംവലിയുടേതും പുറത്ത് നിന്നുള്ള ഇടപെടലുകളുടേതുമാണ്. യമന്‍ എന്ന ജനപഥമായി ചരിത്രത്തില്‍ അടയാളപ്പെട്ട് കിടക്കുന്ന വടക്കന്‍ യമന്‍ ദീര്‍ഘകാലം ഭരിച്ചിരുന്നത് സെയ്ദി വിഭാഗത്തില്‍ പെട്ട ഇമാമുമാരായിരുന്നു. അവര്‍ പലപ്പോഴും അവരുടെ സ്വാധീനം തെക്കന്‍ യമനിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിച്ചു. ചിലപ്പൊഴൊക്കെ ഇത് വിജയം കണ്ടെങ്കിലും തുര്‍ക്കി ഭരണാധികാരികള്‍ ആഥന്‍ കേന്ദ്രീകരിച്ച് തെക്കന്‍ യമന്റെ നിയന്ത്രണം കൈക്കലാക്കിയതോടെ വലിയ സംഘര്‍ഷങ്ങള്‍ക്ക് ഈ ശ്രമങ്ങള്‍ വഴി വെച്ചു. ഒടുവില്‍ തെക്കന്‍ യമന്‍ തുര്‍ക്കിയുടെയും വടക്കന്‍ യമന്‍ ശിയാ ഭരണാധികാരികളുടെയും നിയന്ത്രണത്തിലെന്ന് നിര്‍ണയിക്കപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടോടെ ഓട്ടമാന്‍ തുര്‍ക്കികളുമായി, പുറത്ത് പലയിടങ്ങളിലായി പ്രദേശങ്ങള്‍ നല്‍കാമെന്ന് കരാറുണ്ടാക്കി തെക്കന്‍ യമന്‍ ബ്രിട്ടീഷുകാര്‍ കൈക്കലാക്കി. ഈ കരാര്‍ അംഗീകരിക്കാന്‍ പക്ഷേ സെയ്ദി ഭരണാധികാരിയായ യഹിയ ഹമീദുദ്ദീന്‍ ഒരുക്കമായിരുന്നില്ല. ഇത് ബ്രിട്ടീഷ് ശക്തികളുമായി രൂക്ഷമായ യുദ്ധത്തില്‍ കലാശിച്ചു. ഇതിനിടക്ക് തെക്കന്‍ യമനില്‍ ബ്രിട്ടീഷ് സ്വാധീനം ക്ഷയിച്ച് റഷ്യന്‍ സ്വാധീനം ശക്തമാകാന്‍ തുടങ്ങി. ഒരു ദശകക്കാലം നീണ്ടു നിന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ യമന്‍ രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി മാറി- യമന്‍ അറബ് റിപ്പബ്ലിക്കും(വടക്ക്) പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് യമനും(തെക്ക്). ഇതില്‍ തെക്കന്‍ ഭാഗത്തിന്റെ ഭരണം സോവിയറ്റ് നിയന്ത്രണത്തിലായിരുന്നു. വടക്കന്‍ വിഭാഗത്തിന്റെ ഭരണത്തലവനായി അലി അബ്ദുല്ല സ്വലാഹ് അധികാരത്തില്‍ വരുന്നത് 1978ലാണ്. പിന്നെ 33 വര്‍ഷം അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു യമന്‍. ഇക്കാലത്തിനിടക്ക് സോവിയറ്റ് യൂനിയന്‍ തകര്‍ന്നു; തെക്കന്‍ യമനിന്റെ കൂടി അധികാരം സ്വലാഹ് തിരിച്ചു പിടിച്ചു. അറബ് വിപ്ലവമെന്നോ മുല്ലപ്പൂ വിപ്ലവമെന്നോ ഒക്കെ വിളിക്കപ്പെട്ട പ്രക്ഷോഭ പരമ്പരകള്‍ക്കിടെ 2011ലാണ് സ്വലാഹ് സ്ഥാനഭ്രഷ്ടനാകുന്നത്. ഈ പ്രക്ഷോഭത്തില്‍ ഹൂതികള്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. എന്നാല്‍ സ്വലാഹിന് ശേഷം സഊദി പിന്തുണയോടെ അധികാരം ഏല്‍പ്പിക്കപ്പെട്ട മന്‍സൂര്‍ ഹാദിക്കെതിരെ നടക്കുന്ന സായുധ പ്രക്ഷോഭത്തില്‍ സ്വലാഹും ഹൂത്തികളും കൈകോര്‍ത്തിരിക്കുന്നു. ഈ എടുത്തു ചാട്ടങ്ങള്‍ക്കെല്ലാം ഇറാന്റെ പിന്തുണയുണ്ട്. ഇപ്പോഴിതാ റഷ്യയുമായും അദ്ദേഹം കൂട്ടു കൂടുന്നു. ഇവിടെ ചിത്രം വ്യക്തമാണ്. അമേരിക്കന്‍ പിന്തുണയോടെ സഊദി സഖ്യം. ഇറാന്‍- റഷ്യ സഖ്യം മറുവശത്ത്.
എല്ലാവര്‍ക്കുമുണ്ട് അവരവരുടെ ന്യായീകരണങ്ങള്‍. തങ്ങളുടെ സുരക്ഷയെ നേരിട്ട് വെല്ലുവിളിക്കുന്ന തലത്തിലേക്ക് തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം വ്യാപകവും മാരകവുമാകുമ്പോള്‍ നോക്കിയിരിക്കാന്‍ സഊദിക്ക് സാധിക്കില്ല. എണ്ണ ഉത്പാദനവും വിപണനവും അടക്കമുള്ള അടിസ്ഥാന ആശങ്കകളെ കണ്ടില്ലെന്ന് വെച്ച് കൊണ്ട്, യമനിലെ പ്രതിസന്ധിക്ക് അവിടെ നിന്ന് തന്നെ ഒരു പരിഹാരമുണ്ടാകട്ടെയെന്ന് തീരുമാനിക്കാനും അവര്‍ക്കാകില്ല. മേഖലാ സഹകരണത്തിന്റെ ചട്ടക്കൂട്ടില്‍ നില്‍ക്കുന്ന ജി സി സി രാജ്യങ്ങള്‍ക്കും മനഃസാക്ഷിക്കുത്തിന്റെ ആവശ്യമില്ല. സഊദിയുടെ യമന്‍ ദൗത്യത്തെ ശക്തമായി പിന്തുണക്കുന്ന അമേരിക്കക്കാകട്ടെ ‘തീവ്രവാദത്തോട് സന്ധിയില്ലെ’ന്ന പതിവ് പല്ലവി മതി ന്യായീകരിച്ച് നില്‍ക്കാന്‍. സൈനിക നടപടിക്ക് സഹായം നല്‍കുന്ന പാക്കിസ്ഥാനും സുഡാനുമൊക്കെ സൗഹൃദത്തിന്റെയും വംശീയമായ വൈകാരികതയുടെയും തണല്‍ മതിയാകും പറഞ്ഞു നില്‍ക്കാന്‍. പക്ഷേ ആത്യന്തികമായി സംഭവിക്കുന്നത് യമന്‍ ശഥിലമാകുന്നുവെന്നതാണ്. അല്‍ ഖാഇദക്കും ഇസിലിനുമൊക്കെ സൈ്വരവിഹാരം നടത്താവുന്ന നിലയിലേക്ക് ഈ രാജ്യവും കൂപ്പു കുത്തുന്നു. സാമ്രാജ്യത്വ ശക്തികള്‍ മാത്രമാണ് ഈ അശാന്തിയുടെ ഗുണഭോക്താക്കള്‍. ഇത് തിരിച്ചറിഞ്ഞ് സുശക്തമായ ഐക്യ സര്‍ക്കാറിലേക്ക് വളരാന്‍ യമന് സാധിക്കണം. ഇതിനുള്ള മണ്ണൊരുക്കുകയാണ് സഊദിയും റഷ്യയും അമേരിക്കയുമെല്ലാം ചെയ്യേണ്ടത്. ഇത്തരമൊരു ശ്രമത്തിന് പിന്തുണ നല്‍കാന്‍ സ്വലാഹ് തയ്യാറാകുക കൂടി ചെയ്താല്‍ ഹൂത്തികളടക്കമുള്ള എല്ലാ വിമതരെയും നിരായുധരാക്കാന്‍ സാധിക്കും.