Connect with us

Kerala

തെരുവ് നായ ശല്യം: നിയമ നിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാന്‍ നിയമ നിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1960 ലെ നിയമത്തിനും 2015 നവംബറിലും 2016 മാര്‍ച്ചിലെയും സുപ്രീംകോടതി വിധികള്‍ക്കും അനുസൃതമായി നിയമ നിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തെരുവുനായ ശല്യത്തില്‍ പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവനയില്‍ അത്ഭുതം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, കേരളത്തിലെ പട്ടികളെയാകെ സര്‍ക്കാര്‍ കൊന്നൊടുക്കുകയാണെന്ന തെറ്റായ റിപ്പോര്‍ട്ടുകള്‍ വിശ്വസിച്ചുകൊണ്ടുള്ള നിലപാട് നിര്‍ഭാഗ്യകരമാണെന്നും കത്തില്‍ പറയുന്നു.
തെരുവു നായ ശല്യം നേരിടാന്‍ യോഗം വളിച്ചിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍, നായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഈ യോഗത്തില്‍ നടന്നിട്ടില്ല. ഒരു മുതിര്‍ന്ന സ്ത്രീയെ തെരുവു നായ കടിച്ചുകൊന്ന സംഭവത്തിനു ശേഷം കൂടിയ യോഗത്തില്‍, അപകടകാരികളായ തെരുവു നായ്ക്കളെ സെപ്തംബര്‍ ഒന്ന് മുതല്‍ വന്ധ്യംകരിക്കുവാന്‍ തീരുമാനിച്ചിരുന്നു. യോഗ്യരായ മൃഗ ഡോക്ടര്‍മാരായിരിക്കും ഇത് ചെയ്യുക. ശസ്ത്രക്രിയക്ക് വിധേയമാകുന്ന നായ്ക്കള്‍ക്ക് പ്രത്യേക ആശ്രയ കേന്ദ്രങ്ങളും തുടര്‍ പരിചരണവും മരുന്നും നല്‍കും.
സമഗ്രമായ ഈ പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം കലക്ടര്‍മാര്‍ക്കായിരിക്കും. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന 1960ലെ നിയമം പാലിച്ചുകൊണ്ടായിരിക്കും ഇത് ചെയ്യുക. ഇതിനായി മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് പുറമെ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെയും നിയോഗിക്കും. തെരുവുനായ്ക്കളുടെ വിപത്ത് ഇല്ലാതാക്കാന്‍ ഖരമാലിന്യ നിര്‍മാര്‍ജനത്തിന് ഫലപ്രദമായ പദ്ധതി പരിഗണനയിലുണ്ടെന്നും കത്തില്‍ പറയുന്നു.

Latest