വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു റണ്‍സ് തോല്‍വി

Posted on: August 27, 2016 11:15 pm | Last updated: August 28, 2016 at 12:26 am
SHARE

west indeaലൗഡര്‍ഹില്‍: അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്. മാച്ച് വിന്നിംഗ് ഷോട്ടുകളില്‍ അഗ്രഗണ്യനായ മഹേന്ദ്ര സിംഗ് ധോണിക്ക് സ്‌ട്രൈക്ക്. പന്തെറിയുന്നത് ഡ്വെയിന്‍ ബ്രാവോ എന്ന പരിചയ സമ്പന്നന്‍. ഐ പി എല്ലില്‍ ധോണിക്ക് കീഴില്‍ കളിച്ചിട്ടുള്ള ബ്രാവോ, അവസാന പന്ത് സ്ലോ എറിഞ്ഞു. ഓഫ് സൈഡില്‍ ഡബിളിന് വേണ്ടിയുള്ള ധോണിയുടെ ഷോട് സെലക്ഷന്‍ പിഴച്ചു. ഷോര്‍ട് തേര്‍ഡ് മാനില്‍ മര്‍ലോണ്‍ സാമുവല്‍സിന് ക്യാച്ച്. വിന്‍ഡീസിന് ആവേശകരമായ ഒരു റണ്‍സ് ജയം !!
എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ലക്ഷ്യം എന്ന് തോന്നിച്ച വിന്‍ഡീസിന്റെ 246 റണ്‍സ്, അതിശയിപ്പിക്കുന്ന മികവില്‍ ഇന്ത്യ പിന്തുടര്‍ന്നപ്പോള്‍ അമേരിക്കയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് അത് അവിസ്മരണീയ അനുഭവമായി. നേരത്തെ എവിന്‍ ലെവിസിന്റെ സെഞ്ച്വറിയുടെയും ജോണ്‍സന്‍ ചാള്‍സിന്റെ (42 പന്തില്‍ 79) അര്‍ധസെഞ്ച്വറിയുടെയും മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇരുപതോവറില്‍ വിന്‍ഡീസ് 245 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് കരുത്തായത് ലോകേഷ് രാഹുല്‍ പുറത്താകാതെ 51 പന്തില്‍ നേടിയ 110 റണ്‍സാണ്. ഓപണിംഗില്‍ രോഹിത് ശര്‍മ 28 പന്തില്‍ നേടിയ 62 റണ്‍സും നിര്‍ണായകമായി. അജിങ്ക്യ രഹാനെ (7), വിരാട് കോഹ്‌ലി (16) നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ലോകേഷ് രാഹുലിനൊപ്പം തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവെച്ചു. 25 പന്തില്‍ 43 റണ്‍സടിച്ചാണ് ധോണി പുറത്തായത്. ആ പുറത്താകല്‍ പക്ഷേ, ന്യായീകരണമില്ലാത്തതായെന്ന് മാത്രം. സിംഗിളെടുത്ത് തോല്‍വി ഒഴിവാക്കാനുള്ള അവസരവും മുന്നിലിരിക്കെ, വിജയ റണ്‍ കുറിക്കാന്‍ മോശം ഷോട്ട് കളിച്ച് ധോണി ടീമിനെ തോല്‍വിയിലേക്ക് തള്ളിയിട്ടു. നിരവധി മത്സരങ്ങളില്‍ മാച്ച് വിന്നിംഗ് ഷോട്ട് കളിച്ച്, ക്രിക്കറ്റിലെ മികച്ച ഫിനിഷര്‍ എന്ന് പേരെടുത്ത ധോണിയില്‍ നിന്ന് ഇത്തരമൊരു അബദ്ധം ആരും പ്രതീക്ഷിച്ച് കാണില്ല. ഇന്ത്യന്‍ ക്യാമ്പിലും നിരാശ പ്രകടമായിരുന്നു.
ഇന്ത്യന്‍ ബൗളര്‍മാരില്‍ സ്റ്റുവര്‍ട് ബിന്നി ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങി. ഓപണര്‍ എവിന്‍ ലെവിസായിരുന്നു ബിന്നിയുടെ ഒരോവറില്‍ 32 റണ്‍സടിച്ച് കൂട്ടിയത്. യുവരാജ് സിംഗിന്റെ ഒരോവറിലെ ആറ് സിക്‌സറുടെ റെക്കോര്‍ഡ് പ്രകടനം അനുസ്മരിപ്പിക്കുന്നതായിരുന്നു ബിന്നിയുടെ ഓവറില്‍ ലെവിസിന്റെ ബാറ്റിംഗ്. ജഡേജയും ബുംമ്‌റയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.