രാജ്യത്തെ വലിയ മരണ രോഗം ഹൃദ്‌രോഗം

Posted on: August 27, 2016 6:50 pm | Last updated: August 27, 2016 at 6:50 pm

heart_failure_tulsaദോഹ: രാജ്യത്ത് രോഗം മൂലം സംഭവിക്കുന്ന മരണങ്ങളില്‍ 69 ശതമാനവും പകര്‍ച്ച വ്യാധികളിലൂടെയല്ലെന്ന് റിപ്പോര്‍ട്ട്. അസുഖം ബാധിച്ചുള്ള മരണങ്ങളില്‍ 24 ശതമാനവും ഹൃദ്‌രോഗത്തെത്തുടര്‍ന്നാണ്. 18 ശതമാനം പേര്‍ കാന്‍സര്‍ വന്ന് മരണത്തിനു കീഴടങ്ങുമ്പോള്‍ ഒമ്പതു ശതമാനം പേരുടെ മരണകാരണ രോഗം പ്രമേഹമാണ്. ശ്വാസകോശ രോഗം മരണത്തിലേക്കു നയിക്കുന്നവര്‍ ഒരു ശതമാനം മാത്രമാണ്. 17 ശതമാനം പേര്‍ മറ്റു പകര്‍ച്ച വ്യാധികളാല്ലാത്ത രോഗങ്ങള്‍ മൂലവും മരിക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പ് പ്രസിദ്ധപ്പെടുത്തിയ ദി റിപ്പോര്‍ട്ട് 2016ലാണ് വിവരങ്ങളുള്ളത്.
ഖത്വര്‍ ആരോഗ്യ വിഭാഗം അധികൃതര്‍ നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ 30നും 70നുമിടയില്‍ പ്രായമുള്ളവരുടെ മരങ്ങളില്‍ ഏഴിലൊന്നു പേരുടെയും മരണത്തിനു കാരണമാകുന്നത് മേല്‍ പറഞ്ഞ നാലു രോഗങ്ങളിലൊന്നാണ്. രാജ്യത്തെ പ്രായപൂര്‍ത്തിയായരുടെ അപകടകരമായ രോഗാവസ്ഥയില്‍ പ്രധാനമായി ചൂണ്ടിക്കാട്ടുന്നത് 19.8 ശതമാനം പേരും പ്രമേഹ രോഗികളാണെന്നതാണ്. രാജ്യാന്തര ഡയബറ്റിസ് ഫെഡറേഷന്റെ കണക്കാണിത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രാദേശിക ജനസംഖ്യയില്‍ 42.3 ശതമാനം പേരും അമിതഭാരത്തിന്റെ പ്രശ്‌നം പേറുന്നവരാണ്.
ലോകാരോഗ്യ സംഘടന 2013ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ രാജ്യത്ത് 12.1 ശതമാനം പ്രായപൂര്‍ത്തിയായവര്‍ പുകയില ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വരുമാനത്തിന്റെ 2.2 ശതമാനവും ആരോഗ്യ സുരക്ഷക്കായി ഉപയോഗിക്കുന്നുവെന്നും സര്‍ക്കാര്‍ വിഹിതം 85.7 ശതനമാണെന്നും റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. ഈ മേഖലയിലെ പുതിയ കണക്കുകള്‍ ലഭ്യമായിട്ടില്ല. രാജ്യം ആരോഗ്യ സുരക്ഷക്കായി ഒരാള്‍ക്ക് ചെലവിടുന്ന ശരാശരി തുക 2016 ഡോളറാണ്. ജി സി സിയല്‍ ഉയര്‍ന്ന നിരക്കാണിത്. യു എ ഇ 1611 ഡോളറും കുവൈത്ത് 1386 ഡോളറുമാണ് ചെലവിടുന്നത്.
അതേസമയം 90 ശതമാനം വിദേശികളുള്ള രാജ്യത്തെ ആരോഗ്യ സേവനം വിദേശികള്‍ക്ക് പൂര്‍ണമായും സൗജന്യമല്ല. തൊഴിലുടമ അനുവദിക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് അടിസ്ഥാനപ്പെടുത്തിയാണ് ചികിത്സാ സൗകര്യം ലഭിക്കുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ ആരോഗ്യ മേഖലക്കായി നീക്കി വെച്ചത് 2090 കോടി റിയാലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുന്‍ വര്‍ഷം ഇത് 1570 കോടി മാത്രമായിരുന്നു. ജി സി സി ഹെല്‍ത്ത് കെയര്‍ ഇന്‍ഡസ്ട്രി റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ആരോഗ്യ മേഖലയില്‍ അഞ്ചു വര്‍ഷത്തിനിടെ 12.7 ശതമാനം വളര്‍ച്ച കൈവരിക്കും. ഇതില്‍ 67 ശതമാനവും ഔട്ട് പേഷ്യന്റ് സൗകര്യങ്ങളായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.