കേരളത്തില്‍ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ അനുകൂല സാഹചര്യമൊരുക്കും: മുഖ്യമന്ത്രി

Posted on: August 27, 2016 6:33 pm | Last updated: August 27, 2016 at 6:33 pm

Qatar Kerala investment opportunities investors' meeting on the sidelines of Doha Bank branch openingകൊച്ചി: കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുകൂല സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചിയില്‍ ദോഹ ബാങ്കിന്റെ ശാഖ ഉദ്ഘാടനത്തോടനുബന്ധിച്ച് ‘കേരളഖത്തര്‍ നിക്ഷേപാവസരങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ലോക നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിബദ്ധമാണ്.

ഈ കൊച്ചു കേരളത്തില്‍ നാല് വിമാനത്താവളങ്ങളും നിരവധി തുറമുഖങ്ങളുമുണ്ട്. ഇവ കേരളത്തിലെ വ്യാവസായിക, വാണിജ്യ വികസനത്തില്‍ നിര്‍ണായക സംഭാവന നല്‍കുന്നു. ടൂറിസം, പരമ്പരാഗത വ്യവസായം, അഗ്രോ പ്രോസസ്സിംഗ്, ഐടി, ലോജിസ്റ്റിക്‌സ്, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ സര്‍ക്കാരിനെയും വ്യാവസായിക പ്രമുഖരെയും സ്വാഗതം ചെയ്യുന്നു,’ മുഖ്യമന്ത്രി പറഞ്ഞു. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസുഫലി, ദോഹ ബാങ്ക് ചെയര്‍മാന്‍ ശൈഖ് ഫഹദ് ബിന്‍ മുഹമ്മദ് ബിന്‍ ജാബര്‍ അല്‍ താനി, മാനേജിംഗ് ഡയറക്ടര്‍ ശൈഖ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ ജാബര്‍ അല്‍താനി, ദോഹ ബാങ്ക് സിഇഒ, ഡോ. ആര്‍. സീതാരാമന്‍ എന്നിവരെ കൂടാതെ കേരളത്തിലെയും ഖത്തറിലെയും പ്രമുഖ നിക്ഷേപകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ജിസിസിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 201516 വര്‍ഷത്തില്‍ 10,000 കോടി ഡോളറിനടുത്തായിരുന്നുവെന്ന് ഡോ. സീതാരാമന്‍ ചൂണ്ടിക്കാട്ടി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.2% കുറവുണ്ടായെങ്കിലും കേരളത്തിലെ പ്രധാന നിക്ഷേപസ്രോതസ്സായി അത് നിലനില്‍ക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന്റെ 38.7% യുഎഇയില്‍ നിന്നാണ്. 28.2%വുമായി സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് യുഎഇയും ഇന്ത്യയും ചേര്‍ന്ന് 75 ബില്യന്‍ ഡോളറിന്റെ ഫണ്ട് രൂപീകരിക്കാനുള്ള പദ്ധതിയേയും ഡോ. സീതാരാമന്‍ പരാമര്‍ശിച്ചു.