Connect with us

Gulf

വ്യാജ സ്മാര്‍ട് ഫോണ്‍ വില്‍പന തകൃതി

Published

|

Last Updated

അബുദാബി: വ്യാജ സ്മാര്‍ട് ഫോണ്‍ വില്‍പന തകൃതിയില്‍. വാരാന്ത്യ അവധി ദിവസങ്ങളായ വ്യഴം, വെള്ളി ദിവസങ്ങളിലാണ് നഗരം കേന്ദ്രീകരിച്ച് വ്യജ ഫോണ്‍ വില്‍പന നടക്കുന്നത്.
ഒറിജിനലിനെ വെല്ലുന്ന ഫോണുകളാണ് ആകര്‍ഷകമായ വിലയില്‍ വഴിയോരങ്ങളില്‍ വില്‍പന നടത്തുന്നത്. സാംസംഗ്, ഐ ഫോണ്‍ കമ്പനികളുടെ വ്യത്യസ്ത ഇനം വ്യാജ സ്മാര്‍ട് ഫോണുകളാണ് വിപണി കൈയടക്കിയിട്ടുള്ളത്. അബുദാബി ഇലക്ട്ര റോഡില്‍ കെ എം സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തും ലൈഫ് ലൈന്‍ സിഗ്‌നലിലും ഹംദാന്‍ സ്ട്രീറ്റില്‍ ഡു ഓഫീസിന് സമീപത്തും മദീന സായിദ് ഷോപിംഗ് കോംപ്ലക്‌സിന് പരിസരത്തുമാണ് വ്യജന്മാര്‍ കയ്യടക്കിയിട്ടുള്ളത്. കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നതും ആകര്‍ഷകവുമായതുകൊണ്ട് ആവശ്യക്കാര്‍ ഏറെയാണ്. ഒറിജിനലും വ്യാജനും തിരിച്ചറിയാന്‍ കഴിയാത്തത് പലരും വില്‍പനക്കാരുടെ കെണിയില്‍ വീണുപോവുകയാണ്. കുറഞ്ഞ നിരക്കില്‍ ശമ്പളം ലഭിക്കുന്നവരെയാണ് സെയില്‍സ്മാന്മാര്‍ വലയിലാക്കുന്നത്. വിപണിയില്‍ 1,000 മുതല്‍ 2,000 വരെ വിലയുള്ള ഫോണുകളാണ് 300 മുതല്‍ 500 ദിര്‍ഹം വരെ വില ഈടാക്കി വില്‍പന നടത്തുന്നത്. ഒറിജിനല്‍ ഫോണുകളുടെ പ്രവര്‍ത്തികള്‍ നടത്തുന്ന വ്യാജ ഫോണുകള്‍ ഒറ്റ നോട്ടത്തില്‍ വ്യാജനാണെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. വാങ്ങിയതിന് ഒരു മാസത്തിന് ശേഷമാണ് ഫോണുകള്‍ പ്രവര്‍ത്തന രഹിതമാകുന്നത്.
പാക്കിസ്ഥാന്‍ സ്വദേശികളാണ് ഇത്തരം ഫോണ്‍ വില്‍പനയുടെ പിന്നില്‍. ചൈന നിര്‍മിതമായ ഇത്തരം ഫോണുകള്‍ നിരവധി രാജ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്. വ്യാജ ഫോണുകള്‍ ഉപയോഹിക്കുന്നത് അര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്ന് വിദഗധര്‍ പറയുന്നു. അജ്മാന്‍, ദുബൈ എന്നിവിടങ്ങളില്‍ നിന്നാണ് അബുദാബിയിലേക്ക് വ്യാജ ഫോണുകള്‍ എത്തുന്നത്.
വ്യാജ ഫോണുകളുടെ കടന്നുകയറ്റം ഒറിജിനല്‍ ഫോണുകളുടെ വിപണിയില്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടിട്ടുള്ളതെന്ന് വ്യാപാരികള്‍ പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest