സീറ്റ് കച്ചവടം: സുച്ഛാ സിങിനെ പഞ്ചാബിലെ ആംആദ്മി നേതൃസ്ഥാനത്ത് നിന്നും നീക്കി

Posted on: August 27, 2016 12:28 pm | Last updated: August 27, 2016 at 5:58 pm

sucha singhന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് കച്ചവടം നടത്തിയ പഞ്ചാബിലെ ആംആദ്മി നേതാവ് സുച്ഛാ സിങിനെ നേതൃസ്ഥാനത്ത് നിന്നും നീക്കി. സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റു കച്ചവടം നടത്തി പണം വാങ്ങുന്ന സുച്ഛാ സിങ് ഛോട്ടേപൂരിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങലിലൂടെ പുറത്തുവന്നതോടെ ഉയര്‍ന്ന പരാതിയില്‍ ഡല്‍ഹിയില്‍ അടിയന്തര യോഗം വിളിച്ച് ചേര്‍ത്താണ് അരവിന്ദ് കെജ്‌രിവാള്‍ നടപടി കൈക്കൊണ്ടത്. എന്നാല്‍ ഗൂഢാലോചനയാണ് നടന്നതെന്നും അരവിന്ദ് കെജ്‌രിവാള്‍ സിഖ് വിരുദ്ധനാണെന്നും ആപിലെ പഞ്ചാബിലെ യൂത്ത് മാനിഫെസ്‌റ്റോ സംബന്ധിച്ച് കള്ളം പറയാന്‍ തന്നെ പ്രേരിപ്പിച്ചിരുന്നെന്നും ഛോട്ടേപൂര്‍ ആരോപിച്ചു.
എന്നാല്‍ ഛോട്ടേപൂരിന്റെ ആരോപണങ്ങള്‍ക്കെതിരെ പഞ്ചാബിലെ ആപ് നേതാക്കള്‍ രംഗത്തെത്തി. ഛോട്ടേപൂരിന്റെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും സീറ്റ് കച്ചവടം നടത്തി പിടിയിലായപ്പോള്‍ ആരോപണങ്ങള്‍ വഴി തിരിച്ച് വിടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആപ് നേതാവും എംപിയുമായ ഭഗവന്ത് മന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള മണ്ഡലങ്ങള്‍ വിഭജിച്ച് നല്‍കാനായാണ് സുച്ഛാ സിങ് ഛോട്ടേപൂര്‍ കൈക്കൂലി വാങ്ങിയത്. 60 ലക്ഷം രൂപ ആവശ്യപ്പെച്ച ഛോട്ടേപൂര്‍ 26 ലക്ഷത്തിന് വഴങ്ങുകയായിരുന്നുവെന്നും ഭഗവന്ത് മന്‍ പറഞ്ഞു. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഛോട്ടേപൂരിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ ആപ് നേതാക്കള്‍ അരവിന്ദ് കെജ്‌രിവാളിന് നടപടി ആവശ്യപ്പെട്ട് കത്തയച്ചു. ഇതേ തുടര്‍ന്നാണ് നടപടിയെടുത്തത്.