Connect with us

Wayanad

സമ്പൂര്‍ണ ശുചിത്വ നാട്: ഗ്രാമപഞ്ചായത്തുകള്‍ ഊര്‍ജിത മുന്നേറ്റം നടത്തണം -മന്ത്രി

Published

|

Last Updated

കല്‍പ്പറ്റ: തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കി കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കിമാറ്റാനുള്ള ലക്ഷ്യത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കണമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കള്ക്‌ട്രേറ്റിലെ എ.പി.ജെ ഹാളില്‍ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട് ഒട്ടേറെ മുന്നേറ്റമുണ്ടാക്കിയ കാലത്തും ആയിരക്കണക്കിന് കുടംബങ്ങള്‍ക്ക് ഇനിയും ശൗചാലയങ്ങളില്ല എന്ന ദുരവസ്ഥ അപമാനമാണ്. ഇതിനൊരു മാറ്റമുണ്ടാകണമെങ്കില്‍ ഗ്രാമ തലത്തില്‍ നിന്നും കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമാണ്. വരുന്ന ഗാന്ധിജയന്തി ദിനത്തില്‍ വയനാട് ജില്ലയില്‍ എല്ലാവര്‍ക്കും ശൗചാലയങ്ങള്‍ എന്ന ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയണം. ആദിവാസി കോളിനികളിലടക്കം കക്കൂസില്ലാത്ത ഒരു വീടു പോലും ഉണ്ടാകരുത്. കേരളപ്പിറവി ദിനത്തില്‍ കേരളത്തെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനമില്ലാത്ത സമ്പൂര്‍ണ്ണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ഒരുക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ജില്ലയ്ക്ക് ഇതിനകം ശൗചാലയ നിര്‍മ്മാണത്തില്‍ 65 ശതമാനം പദ്ധതി പൂര്‍ത്തീകരണം നടത്താനായിട്ടുണ്ട്. ബാക്കിയുള്ളവയുടെ നിര്‍മ്മാണ പുരോഗതികള്‍ ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പുവരുത്തണം.തനതു ഫണ്ടുകള്‍ കുറവുള്ള പഞ്ചായത്തുകളും പദ്ധതി നിര്‍വ്വഹണത്തില്‍ നിന്നും പിന്നോട്ട് പോകേണ്ടതില്ല. മതിയായ തുക കാലതാമസമില്ലാതെ ലഭ്യമാക്കും.തോട്ടം തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ മാനേജ്‌മെന്റിന്റെ സഹകരണവും തേടാവുന്നതാണ്. ഗ്രാമതലത്തില്‍ ഇതിനകം രൂപവത്കരിച്ചിട്ടുള്ള സപ്പോര്‍ട്ടിങ്ങ് ഗ്രൂപ്പുകളുടെ സഹകരണവും പ്രധാനപ്പെട്ടതാണ്. ഗ്രാമ പഞ്ചായത്തുകള്‍ 15 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തണം. വഴി സൗകര്യവും മറ്റും ഇല്ലാത്ത ആദിവാസി മേഖലകളില്‍ കക്കൂസ് നിര്‍മ്മാണത്തിന് നിലവിലുള്ള തുക അപര്യാപ്തമാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കക്കൂസ് നിര്‍മ്മിക്കാനുള്ള തുക 25000 രൂപയായി ഉയര്‍ത്തിയതായും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
ശൗചാലയങ്ങളുടെ ആവശ്യത്തെക്കുറിച്ച് ആദിവാസികള്‍ക്കിടയില്‍ പലര്‍ക്കും അവബോധമില്ലാത്ത അവസ്ഥയുണ്ട്.ഇതിനൊരു മാറ്റം വരണം. ബോധവത്കരിക്കാനുള്ള നടപടികള്‍ കൂടി അനിവാര്യമാണ്.കൈയ്യേറ്റ ഭൂമിയില്‍ താമസിക്കുന്ന ആദിവാസികുടുംബങ്ങള്‍ക്കും കക്കൂസ് നിര്‍മ്മിച്ചു നല്‍കണം. ഇവരും ശൗചാലയങ്ങലില്ലാത്തവരുടെ ലിസ്റ്റില്‍ ഉല്‍പ്പെട്ടതാണ്. ഗ്രാമ പഞ്ചായത്തുകള്‍ ഇക്കാര്യവും ശ്രദ്ധിക്കണമെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാകളക്ടര്‍ ബി.എസ്.തിരുമേനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്ററുമാരായ ശകുന്തള ഷണ്‍മുഖന്‍, സി.കെ.സഹദേവന്‍, ടി.എസ്.ദിലീപ് കുമാര്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എസ്.എച്ച്.സനല്‍കുമാര്‍, എന്‍.ആര്‍.ഇ.ജി.എ പ്രൊജക്ട് മാനേജര്‍ പി.ജി.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.അനൂപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റമാര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest