തെക്കഞ്ചേരി ബസ് കാരുണ്യ രംഗത്ത് മാതൃകയായി

Posted on: August 27, 2016 11:33 am | Last updated: August 27, 2016 at 11:33 am
വൃക്ക രോഗിയെ സഹായിക്കാന്‍ സര്‍വീസ് നടത്തുന്ന            തെക്കഞ്ചേരി ബസ് കാളികാവ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍
വൃക്ക രോഗിയെ സഹായിക്കാന്‍ സര്‍വീസ് നടത്തുന്ന തെക്കഞ്ചേരി ബസ് കാളികാവ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍

കാളികാവ്: കാളികാവിലെ ബസ് ജീവനക്കാരും ജീവ കാരുണ്യ രംഗത്ത് മാതൃകയായി. നിലമ്പൂര്‍ – കാളികാവ് – പെരിന്തല്‍മണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘തെക്കഞ്ചേരി’ ബസ് ഉടമയും ജീവനക്കാരുമാണ് ബസിന്റെ ഒരു ദിവസത്തെ കലക്ഷന്‍ തുക വൃക്ക രോഗിയായ വീട്ടമ്മക്ക് ചികിത്സാ സഹായമായി നല്‍കിയത്.
അടക്കാക്കുണ്ട് ചേരുകുളമ്പ് സ്വദേശി ഹലീമ ബീവിയുടെ ചികിത്സാ ചെലവിലേക്കാണ് സാമ്പത്തിക സഹായം നല്‍കിയത്. മിക്ക യാത്രക്കാരും തങ്ങളുടെ ചാര്‍ജിനെക്കാള്‍ വലിയ തുകയാണ് നല്‍കിയത്. ഇതിന് പുറമെ ബസ് സര്‍വീസിനിടെ സ്റ്റാന്‍ഡുകളിലെ മറ്റ് ബസുകളിലും കടകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ജീവനക്കാര്‍ പിരിവ് നടത്തി. 22,600 രൂപയാണ് ഒരു ദിവസം ബസിലെ ജീവനക്കാര്‍ വൃക്ക രോഗിയെ സഹായിക്കാന്‍ വേണ്ടി നടത്തിയ സര്‍വീസില്‍ ലഭിച്ചത്. തുക അവരുടെ വീട്ടില്‍ കൊണ്ട് പോയി നല്‍കുകയും ചെയ്തു. ബസ് ഉടമ കാളികാവ് ചെങ്കോട് സ്വദേശി തെക്കഞ്ചേരി അബു, ജീവനക്കാരായ റിനീഷ്, എ അഫ്‌സല്‍ ബാബു, ജുനൈദ്, ശബീബ്, ഫെബിന്‍, സാബിത് തുടങ്ങിയവരാണ് വൃക്ക രോഗിയെ സഹായിക്കാന്‍ ബസ് സര്‍വീസ് നടത്തിയത്. കഴിഞ്ഞ ദിവസം കാളികാവിലെ ഒരു വിഭാഗം ഓട്ടോ തൊഴിലാളികളും പാലിയേറ്റീവ് കെയര്‍ യൂനിറ്റിന് വേണ്ടി സര്‍വീസ് നടത്തിയിരുന്നു.