Connect with us

Sports

മെസിയുടെ വിരമിക്കല്‍ നാടകമെന്ന് മറഡോണ

Published

|

Last Updated

ബ്യൂണസ്‌ഐറിസ്: ലയണല്‍ മെസിയെ കടന്നാക്രമിക്കുവാന്‍ തന്നെയാണ് ഡിയഗോ മറഡോണയുടെ തീരുമാനം. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള മെസിയുടെ തീരുമാനം വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നുവെന്നാണ് മറഡോണ പറയുന്നത്. തുടര്‍ച്ചയായി ഫൈനലുകളില്‍ പരാജയപ്പെട്ടതിനെ കുറിച്ച് ചര്‍ച്ച ഉയരാതിരിക്കാന്‍ മെസി വിരമിക്കല്‍ നാടകം കളിച്ചു. അതോടെ, എല്ലാവരും മെസിയെ നഷ്ടമാകുന്നുവെന്ന വേദനയിലായി – മറഡോണ പറഞ്ഞു.
നേരത്തെ കോപ അമേരിക്ക ഫൈനലിന് മുമ്പും മറഡോണ മെസിയെ സമ്മര്‍ദത്തിലാഴ്ത്തുന്ന വിധം സംസാരിച്ചിരുന്നു. കോപ ഫൈനല്‍ ജയിക്കാതെ മെസി നാട്ടിലേക്ക് വരേണ്ടതില്ല എന്നായിരുന്നു മറഡോണയുടെ വിവാദമായ പ്രസ്താവന. എന്നാല്‍, ഇതിഹാസ താരത്തിന് മറുപടി നല്‍കാനൊന്നും മെസി ശ്രമിച്ചിരുന്നില്ല. കോപ അമേരിക്ക കിരീടം നേടിക്കൊണ്ട് മറഡോണയുടെ വായടപ്പിക്കാമെന്ന കണക്ക്കൂട്ടലിലായിരുന്നിരിക്കണം മെസി. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല.
അര്‍ജന്റീനക്ക് വേണ്ടി കളിക്കില്ലെന്ന തീരുമാനം പുനപരിശോധിക്കുമെന്ന് മെസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പുതിയ കോച്ച് എഡ്ഗാര്‍ഡോ ബൗസയുടെ ശ്രമപ്രകാരം മെസി ടീമില്‍ ചേരാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാലത് വൈകും. അടുത്താഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലും മെസി കളിച്ചേക്കില്ല.

Latest