റയലില്‍ പത്ത് വര്‍ഷം കൂടി കളിക്കണം : ക്രിസ്റ്റ്യാനോ

Posted on: August 27, 2016 9:49 am | Last updated: August 27, 2016 at 9:49 am
SHARE
പരിശീലനം നടത്തുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
പരിശീലനം നടത്തുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മൊണാക്കോ്: യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള യുവേഫ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് രണ്ടാം തവണയും തേടിയെത്തിയ നിമിഷത്തില്‍ ക്രിസ്റ്റ്യാനെ കരിയറിലെ അവശേഷിക്കുന്ന ചില ആഗ്രഹങ്ങള്‍ വ്യക്തമാക്കി. അത് മറ്റൊന്നുമല്ല റയല്‍മാഡ്രിഡ് ക്ലബ്ബില്‍ പത്ത് വര്‍ഷം കൂടി തുടരണം. റയലിന്റെ താരമായി വിരമിക്കണം. നാല്‍പ്പത്തൊന്നാം വയസില്‍ കരിയര്‍ റയലില്‍ അവസാനിപ്പിക്കുവാന്‍ സാധിക്കണം. അതുപോലെ പോര്‍ച്ചുഗലിനൊപ്പം ലോകകകപ്പ് ചാമ്പ്യനാകണം – ക്രിസ്റ്റ്യാനോ തന്റെ ഉള്ള് തുറന്നു. റയലില്‍ നിലവിലെ കരാര്‍ 2018 ജൂണ്‍ വരെയാണ്.
കഴിഞ്ഞ സീസണില്‍ റയലിന് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അമ്പത്തൊന്ന് ഗോളുകള്‍ സ്‌കോര്‍ ചെയ്തു. 48 മത്സരങ്ങളില്‍ നിന്നായിരുന്നു ഇത്. പതിമൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഇതേ ഫോമില്‍ തുടരുകയാണ് തന്റെ ലക്ഷ്യമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ക്രിസ്റ്റ്യാനോ പറഞ്ഞു. എല്ലാ വര്‍ഷവും മികച്ച താരമാകുവാനാണ് ഞാന്‍ പരിശ്രമിക്കുന്നത്. എന്നെ മറികടക്കുവാന്‍ മറ്റൊരാളെ സമ്മതിക്കില്ല. സ്വയം പ്രചോദിതനാവുകയാണ് ഞാന്‍, വരുന്ന സീസണിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും – റയല്‍ മാഡ്രിഡ് താരം പറഞ്ഞു.
കരിയറിലെ കിരീട നേട്ടങ്ങള്‍ നോക്കുകയാണെങ്കില്‍ കഴിഞ്ഞ സീസണായിരുന്നു എനിക്കേറ്റവും മികച്ചത്. റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗും പോര്‍ച്ചുഗലിനൊപ്പം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും ഉയര്‍ത്താന്‍ സാധിച്ചു.
രണ്ട് കിരീട വിജയങ്ങള്‍ക്കും ശേഷം ഞാനറിയാതെ കരഞ്ഞുപോയി. ഇനിയും ഏറെ നേടാനിരിക്കുന്നു. റയലിനൊപ്പം ലാ ലിഗ, കിംഗ്‌സ് കപ്പ്, ചാമ്പ്യന്‍സ് ലീഗ് ഇനിയും നേടണം. പോര്‍ച്ചുഗലിനെ ലോകകപ്പ് ചാമ്പ്യന്‍മാരാക്കണം – ക്രിസ്റ്റ്യാനോ പറഞ്ഞു. റയലിന്റെ എക്കാലത്തേയും ടോപ് സ്‌കോറര്‍ പദവി ക്രിസ്റ്റ്യാനോക്ക് സ്വന്തം. എട്ട് സീസണുകളിലായി 342 മത്സരങ്ങളില്‍ നിന്നായി 362 ഗോളുകളാണ് നേടിയത്.
യൂറോ കപ്പ് ഫൈനലില്‍ പരുക്കേറ്റ് കളം വിട്ട ക്രിസ്റ്റ്യാനോ ലാ ലിഗയില്‍ റയലിനായി ആദ്യ കളിക്ക് ഇറങ്ങിയിട്ടില്ല. ഇന്ന് സെല്‍റ്റ വിഗോക്കെതിരെ കളിച്ചേക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here