Connect with us

Kerala

മലയോര ഹൈവേയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നു

Published

|

Last Updated

കോതമംഗലം :വനം വകുപ്പിന്റെ തടസ്സവാദങ്ങളെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടന്ന മലയോര ഹൈവേയില്‍ നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ ധാരണയായി. വനം മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ഇടുക്കി എം പി അഡ്വ. ജോയ്‌സ് ജോര്‍ജ്, കോതമംഗലം എം എല്‍ എ ആന്റണി ജോണ്‍, ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ എന്നിവര്‍ക്കു പുറമെ പി ഡബ്ല്യൂ ഡി, വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
കഴിഞ്ഞ സെപ്തംബറിലാണ് മലയോര ഹൈവേയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചത്. മൂന്ന് മീറ്റര്‍ വീതിയില്‍ മലയോര പാതയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്താനായിരുന്നു വനം വകുപ്പിന്റെ അനുമതിയുണ്ടായിരുന്നത്. പാതയില്‍ ആറ് കലുങ്കുകള്‍ നിര്‍മിക്കാനും അനുമതിയുണ്ടായിരുന്നു.
എന്നാല്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നു വരവെ മൂന്ന് മീറ്ററിലധികം വീതിയിലാണ് കലുങ്ക് നിര്‍മാണ ജോലികള്‍ പി ഡബ്ല്യു ഡി നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് നിര്‍മാണ പ്രവൃത്തികള്‍ തടഞ്ഞു. ഇതോടെ ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ് വനം വകുപ്പിന്റെ നേര്യമംഗലം റേഞ്ച് ഓഫീസിനു മുന്നില്‍ നിരാഹാര സമരം ഉള്‍പ്പെടെ സമര പരിപാടികളുമായി രംഗത്തുവന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് മലയോര ഹൈവേ പുനര്‍നിര്‍മിക്കാന്‍ അനുമതിയുണ്ടായത്. ആനക്കയം മുതല്‍ പെരുമ്പന്‍ കുത്ത് വരെ റോഡ് നിര്‍മിക്കാനായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ കേന്ദ്ര വനം, പരിസ്ഥിതി നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് അധികൃതര്‍ അന്ന് നിര്‍മാണ ജോലികള്‍ തടഞ്ഞത്. ഇതേത്തുടര്‍ന്ന് മുടങ്ങിക്കിടന്ന പ്രവൃത്തികള്‍ തുടരാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. യോഗ തീരുമാനപ്രകാരം ആവറുകുട്ടി മുതല്‍ പെരുമ്പല്‍ കുത്ത് വരെയുള്ള റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ജോയ്‌സ് ജോര്‍ജ് എം പിയും ആന്റണി ജോണ്‍ എം എല്‍ എയും പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ വനത്തിനുള്ളില്‍ പാറ പൊട്ടിക്കുന്നതിനും മരംമുറിക്കുന്നതിനും ടാര്‍ മിക്‌സ് ചെയ്യുന്നതിനുമുള്ള നിബന്ധനകള്‍ തുടരും. മലയോരപാതയില്‍ ആറാം മൈല്‍ മുതല്‍ മാമലകണ്ടം വരെയുള്ള 27 കിലോമീറ്റര്‍ ദൂരം വനത്തിനുള്ളിലൂടെയുള്ള ഭാഗത്ത് 2009ല്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായതാണ്. ബാക്കിയുള്ള 12 കിലോമീറ്റര്‍ ദൂരമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.
25/10/1980 ന് മുമ്പ് വനത്തിനുള്ളിലൂടെ നിലവിലുള്ള റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നത് തടസ്സപ്പെടുത്തരുതെന്നും ദേശീയപാത 49 ല്‍ അധികൃതര്‍ നടത്തുന്ന നിര്‍മാണ ജോലികള്‍ക്കും തടസ്സമുണ്ടാക്കരുതെന്നും വനംവകുപ്പിന് യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എം പിയും എം എല്‍ എയും അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിമും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest