Connect with us

Health

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ റെഡി ടു കുക്ക് ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍

Published

|

Last Updated

തിരുവനന്തപുരം: പാചകം ചെയ്യാന്‍ പാകത്തില്‍ (റെഡി ടു കുക്ക്) വിപണിയില്‍ പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞും പ്ലാസ്റ്റിക് പാക്കറ്റുകളിലും പഴങ്ങളും പച്ചക്കറികളും വിപണിയില്‍ വില്‍പനക്ക് തയ്യാറാക്കി വെച്ചിട്ടുള്ളത് മാര്‍ക്കറ്റില്‍നിന്ന് അടിയന്തരമായി പിന്‍വലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍.
ഭക്ഷ്യസുരക്ഷാ ഗുണനിലവാരം നിയമ പ്രകാരം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മുറിച്ചുവെച്ച പഴങ്ങളും പച്ചക്കറികളും വില്‍പന നടത്തുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ കച്ചവടക്കാരും വ്യാപാരികളും അടിയന്തരമായി ഇത്തരം സാധനങ്ങള്‍ മാര്‍ക്കറ്റില്‍നിന്ന് പിന്‍വലിക്കേണ്ടതും നിര്‍ദേശം ലംഘിക്കുന്നതായി കണ്ടാല്‍ പിഴ ഉള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. സംസ്ഥാനത്ത് ഓണവിപണി ലക്ഷ്യമിക്കി പായസം പ്ലാസ്റ്റിക് കണ്ടെയിനറുകളില്‍ നിറച്ച് വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പായസം ചൂട് പോകുന്നതിന് മുമ്പ് പ്ലാസ്റ്റിക് കണ്ടെയിനറുകളില്‍ നിറച്ച് വിതരണം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്‍ പ്ലാസ്റ്റിക് കണ്ടെയിനറുകളില്‍ ചൂട് പായസം നിറച്ച് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായിട്ടുള്ള പഴം, പച്ചക്കറികളില്‍ കീടനാശിനികളുടെ അംശം ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ ഇവ വാളന്‍ പുളി വെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിവെച്ചശേഷം ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു.

Latest