Connect with us

International

ഫ്രാന്‍സില്‍ ബുര്‍ക്കിനി നിരോധനം കോടതി റദ്ദാക്കി

Published

|

Last Updated

പാരീസ്: ഫ്രാന്‍സില്‍ ഏതാനും നഗരങ്ങളില്‍ ബുര്‍ക്കിനി (മുഴുനീള നീന്തല്‍ വസ്ത്രം) നിരോധിച്ച നടപടി രാജ്യത്തെ ഉന്നത അഡ്മിനിസ്‌ട്രേറ്റീവ് കോടതി റദ്ദാക്കി. നഗര മേയര്‍ക്ക് ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നും മൗലികമായ സ്വാതന്ത്ര്യ,അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ് നിരോധന ഉത്തരവെന്നും കോടതി വ്യക്തമാക്കി. വില്ലന്യൂ ലോബിറ്റിലേ നഗരത്തിലെ മേയറുടെ നിരോധന ഉത്തരവാണ് കോടതി പരിഗണിച്ചത്. വിധി വന്നതോടെ ഇത് മറ്റ് നഗരങ്ങള്‍ക്കും ബാധമായിരിക്കുകയാണ്. ബുര്‍ക്കിനി നിരോധത്തിനെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് ലീഗ്, ആന്റി ഇസ്‌ലാമോഫോബിയ അസോസിയേഷന്‍ എന്നിവ നല്‍കിയ ഹരജിയിലാണ് കോടതി വിധി. 30ലധികം നഗരങ്ങളാണ് ഇത്തരം നിരോധമേര്‍പ്പെടുത്തിയത്.
നിരോധം കര്‍ശനമായി നടപ്പാക്കാന്‍ പോലീസ് ഇറങ്ങിയതോടെ പലയിടത്തും സ്ഥിതി സങ്കീര്‍ണമായി. മനുഷ്യാവകാശ സംഘടനകളും മുസ്‌ലിം സംഘടനകളും നിരോധത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിലും വന്‍ ചര്‍ച്ചയായി. കഴിഞ്ഞ ദിവസം പാരീസിലെ നീസ് ബീച്ചില്‍ ബുര്‍ക്കിനി ധരിച്ച സ്ത്രീയുടെ വസ്ത്രം പോലീസ് ഭീഷണിപ്പെടുത്തി അഴിപ്പിച്ചത് വന്‍ ചര്‍ച്ചയായിരുന്നു.
കോടതി ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കൂടുതല്‍ വാദം കേട്ട ശേഷം നിരോധത്തില്‍ അന്തിമ തീരുമാനമെടുക്കും. ഇടക്കാല വിധി വന്നതോടെ മിക്ക നഗരങ്ങളും നിരോധത്തില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. എന്നാല്‍ കോര്‍സിക്കാ മേയര്‍ നിരോധവുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് പുതിയ നിയമപ്രശ്‌നങ്ങള്‍ക്ക് വഴി വെക്കുമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോടതി തീരുമാനത്തെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ സ്വാഗതം ചെയ്തു. ബുര്‍ഖിനി നിരോധം സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയുള്ളതല്ല. ഇത് പൊതു സുരക്ഷ വര്‍ധിപ്പിക്കുകയുമില്ല. ജനങ്ങളെ അവഹേളിക്കാന്‍ മാത്രമേ ഈ നിരോധം ഉപകരിക്കൂ- ആംനസ്റ്റി യൂറോപ്പ് ഡയറക്ടര്‍ ജോണ്‍ ഡെല്‍ഹ്യൂസന്‍ പറഞ്ഞു. ഫ്രഞ്ച് ദേശീയ ദിനത്തില്‍ നീസില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വസ്ത്രത്തിന്റെ പേരില്‍ ഇസ്‌ലാമോഫോബിയ പടര്‍ത്താനുള്ള തീരുമാനം ചില നഗര ഭരണകൂടങ്ങള്‍ കൈകൊണ്ടത്. ബുര്‍ഖിനി ധരിക്കുന്നത് പൊതു സുരക്ഷക്ക് ഭീഷണിയാണെന്നാണ് കണ്ടുപിടിത്തം.

---- facebook comment plugin here -----

Latest