Connect with us

National

ദാദ്രി: അഖ്‌ലാഖിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

Published

|

Last Updated

അലഹബാദ്: ദാദ്രിയില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് സംഘ്പരിവാറുകാര്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യുന്നത് അലഹബാദ് ഹൈക്കോടതി വിലക്കി.
പശുവിറച്ചി സൂക്ഷിച്ചുവെന്നും വില്‍പ്പന നടത്തിയെന്നുമുള്ള കേസിലാണ് അഖ്‌ലാഖിന്റെ അഞ്ച് കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത് ജസ്റ്റിസ് രമേശ് സിന്‍ഹ, പി സി ത്രിപാഠി എന്നിവരടങ്ങുന്ന ബഞ്ച് റദ്ദാക്കിയത്. അതേസമയം, അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദിന്റെ അറസ്റ്റ് റദ്ദാക്കണമെന്ന വാദം കോടതി തള്ളി. കേസില്‍ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അഖ്‌ലാഖിന്റെ മകന്‍ ഡാനിഷ്, ഉമ്മ അസ്ഗാരി, ഭാര്യ ഇഖ്‌റാമന്‍, മകള്‍ ഷെയ്‌സ്ത, സഹോദരന്റെ ഭാര്യ സോന എന്നിവരെ അറസ്റ്റ് ചെയ്യുന്നതാണ് കോടതി സ്‌റ്റേ ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രദേശത്തെ ക്ഷേത്രത്തില്‍ നിന്ന് പ്രഖ്യാപിച്ചതോടെ ജനം അഖ്‌ലാഖിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അഖ്‌ലാഖിനെ തല്ലിക്കൊല്ലുകയായിരുന്നു. അന്ന് ഡാനിഷിന് ഗുരുതരമായി പരുക്കേറ്റിരുന്നു. അഖ്‌ലാഖിന്റെ വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന് കാണിച്ച് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസിലെ പ്രതികള്‍ പരാതി നല്‍കിയിരുന്നു.

Latest