Connect with us

Editorial

ചോര്‍ച്ച പ്രതിരോധിക്കാന്‍

Published

|

Last Updated

ഇന്ത്യന്‍ നാവിക സേനക്ക് വേണ്ടി മുംബൈയില്‍ നിര്‍മിക്കുന്ന സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ അതീവരഹസ്യ വിവരങ്ങള്‍ ചോര്‍ന്നത് നിസാരവത്കരിക്കാന്‍ നാവികസേനയും പ്രതിരോധ മന്ത്രിയും ശ്രമിക്കുന്നതിനിടെ കൂടുതല്‍ വിവരങ്ങള്‍ ദി ഓസ്‌ട്രേലിയന്‍ ദിനപത്രം പുറത്തുവിട്ടിരിക്കുന്നു. ഫ്രാന്‍സുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ആറ് മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തന മാര്‍ഗരേഖയുടെ 22,400ല്‍പരം പേജുകള്‍ കഴിഞ്ഞ ദിവസം പുറത്തായെന്ന വാര്‍ത്തക്ക് പിറകെയാണ് കൂടുതല്‍ വിശദാംശങ്ങള്‍ പത്രം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. തന്ത്രപ്രധാനവും സുരക്ഷയെ ബാധിക്കുന്നതുമായ രേഖകള്‍ കൈവശമുണ്ടെന്നു പത്രം അവകാശപ്പെടുകയും ചെയ്യുന്നു.
രേഖകള്‍ ചോര്‍ന്നതല്ലെന്നും നാവിക സേനയില്‍ നിന്ന് പുറത്താക്കിയ ആള്‍ മോഷ്ടിച്ചതാണെന്നും ഫ്രഞ്ച് കമ്പനിയായ ഡി സി എന്‍എസിന്റെ ഭാഗത്ത് വീഴ്ചയില്ലന്നും ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും പുറത്ത് വരാത്ത രേഖകളുടെ സ്വഭാവം പിടി കിട്ടാത്തത് ഇന്ത്യയെ അസ്വസ്ഥമാക്കുന്നു. വിവരങ്ങളുടെ ചോര്‍ച്ച ഉണ്ടാക്കാനിടയുള്ള സുരക്ഷാ വീഴ്ചകള്‍ പ്രതിരോധ കേന്ദ്രങ്ങളെ ഭയപ്പെടുത്തുന്നു. നിലവില്‍ ഇന്ത്യ നടപ്പാക്കുന്നതില്‍ ഏറ്റവും വലിയ ആയുധ നിര്‍മാണ കരാറാണ് മുംബൈയിലെ മസ്ഗാവ് ഡോക്കില്‍ നിര്‍മിക്കുന്ന സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടേത്. അന്തര്‍വാഹിനികള്‍ ഏറ്റവും രഹസ്യ സ്വഭാവത്തിലുള്ള ആയുധവിഭാഗമാണ് എന്നതും പ്രധാനമാണ്.
ഒരു നിലക്ക് ചിന്തിക്കുമ്പോള്‍, ചോര്‍ച്ച എന്ന് പറയുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. ഈ സാങ്കേതിക വിവരങ്ങള്‍ക്ക് നമ്മള്‍ സ്വയം ഉടമകളാണോ? അത് ലഭിക്കുന്നത് വിദേശ ആയുധ കമ്പോളത്തില്‍ നിന്നല്ലേ? പച്ചയില്‍ പറഞ്ഞാല്‍ ചന്തയില്‍ നിന്ന്. അവിടെയുള്ള ചരക്ക് ആയുധമാണ്. ഉപഭോക്താവായി വരുന്നത് രാജ്യങ്ങളാണെന്നേയുള്ളൂ. നമ്മള്‍ നല്‍കിയതിലും കൂടുതല്‍ പണം നല്‍കിയാല്‍ ഈ വിവരങ്ങള്‍ അവര്‍ മറിച്ചു വിറ്റുകൂടായ്കയുണ്ടോ? ഇപ്പോഴത്തെ ചോര്‍ച്ചയില്‍ ഉത്തരിവാദിത്വമുള്ള ഡി സി എന്‍ എസ് തന്നെയാണ് പാക്കിസ്ഥാന് അഗോസ്റ്റ അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത് എന്നത് ആലോചിക്കുമ്പോള്‍ ഇതിന്റെ തമാശ ബോധ്യപ്പെടും. ഒരേ വിലക്ക് കിട്ടുന്ന് സങ്കേതിക വിദ്യ തന്നെയാണ് അയല്‍ രാജ്യങ്ങള്‍ വാങ്ങിവെക്കുന്നത്. ഇതിനെ മുറിച്ചുകടക്കണമെങ്കില്‍ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാനും സ്വയംപര്യപ്തത ഉറപ്പ് വരുത്താനും നമുക്ക് കഴിയേണ്ടതുണ്ട്.
ആയുധ വിപണി മറ്റൊരു ലോകമാണ്. നിതാന്തമായ നിഗൂഢതകളുടെ ലോകം. അവിടെ ദല്ലാള്‍മാരുണ്ട്. കരാര്‍ നേടാനുള്ള മത്സരമുണ്ട്. സേനാ മേധാവികളെയും രാഷ്ട്രീയ നേതൃത്വത്തെയും പാട്ടിലാക്കലുണ്ട്. ചതിയും വഞ്ചനയുമുണ്ട്. കുതികാല്‍വെട്ടുണ്ട്. പല ലോക രാജ്യങ്ങളെയും പിടിച്ചു കുലുക്കിയ കുംഭകോണങ്ങള്‍ ആയുധ ഇടപാടുമായി ബന്ധപ്പെട്ടാണുണ്ടായത്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യത്തെ അഴിമതി ആരോപണം വന്നത് തന്നെ സൈന്യത്തിന് ജീപ്പ് വാങ്ങിയതിനെക്കുറിച്ചായിരുന്നു.അത് പിന്നെ ബോഫോഴ്‌സായും ശവപ്പെട്ടി കുംഭകോണമായും ടട്ര ഇടപാടായും ഇപ്പോഴും തുടരുന്നു. ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സ്‌കോര്‍പീന്‍ ഇടപാടിലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മാര്‍ക്കറ്റില്‍ ഈ സാങ്കേതിക “രഹസ്യ”ങ്ങളെല്ലാം അത്ര രഹസ്യമല്ലാതിരിക്കുമ്പോഴും പൗരന്മാര്‍ക്ക് അതെല്ലാം അപ്രാപ്യമാണ്. അവര്‍ അതൊക്കെ അറിയുന്നത് കുംഭകോണങ്ങള്‍ പുറത്ത് വരുമ്പോഴോ വിരമിച്ച സൈനിക മേധാവികള്‍ ആത്മകഥകള്‍ എഴുതുമ്പോഴോ ആയിരിക്കും. പല ആയുധങ്ങള്‍ക്കും വിചാരിച്ചത്ര ഫലപ്രാപ്തിയില്ലെന്ന് കുംബസാരമുണ്ടല്ലോ പില്‍ക്കാലത്ത്.
ആയുധ വിപണിയാണ് ഇന്ന് സംഘര്‍ഷവും സമാധാനവും സൗഹൃദവും പിണക്കവും എല്ലാം തീരുമാനിക്കുന്നത്. തോക്കേന്തിയ അതിര്‍ത്തികള്‍ ആയുധക്കമ്പോളത്തെ മോഹിപ്പിക്കുന്നു. തര്‍ക്കഭൂമികള്‍ അതിനെ ഉത്സാഹഭരിതരാക്കുന്നു. എന്നും അയല്‍ രാജ്യങ്ങള്‍ കൊമ്പുകോര്‍ത്ത് നില്‍ക്കേണ്ടത് അവരുടെ ആവശ്യമാണ്. ഇന്ത്യയും പാക്കിസ്ഥാനും, ദക്ഷിണ കൊറിയയും ഉത്തര കൊറിയയും… ഈ നിലയില്‍ എന്നും ശത്രുക്കള്‍ ഉണ്ടാകണമെന്നാണ് ആയുധ കയറ്റുമതി രാജ്യങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന് കലഹത്തിന്റെ വിത്തുകള്‍ വിതക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഈ കൗശലങ്ങളില്‍ ബലിയാടാകണോ അതോ സമാധാനത്തിന്റെയും ചര്‍ച്ചകളുടെയും വഴി തിരഞ്ഞെടുക്കണോ എന്നതാണ് ഒരു ജനക്ഷേമ രാജ്യം ആലോചിക്കേണ്ടത്.
പാവങ്ങള്‍ക്ക് കൂടി അര്‍ഹതപ്പെട്ട 23,526 കോടി ചെലവഴിച്ചാണ് ഇന്ത്യ ആറ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ വാങ്ങുന്നത്. പ്രതിരോധം രാജ്യസ്‌നേഹവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന സങ്കീര്‍ണമായ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ എതിര്‍ ചോദ്യങ്ങള്‍ പോലും അസാധ്യമാകുന്നുണ്ട്. രാജ്യസ്‌നേഹത്തിന്റെ മറവില്‍ എല്ലാ പിഴവുകള്‍ക്കും പ്രതിരോധം തീര്‍ക്കാന്‍ അധികൃതര്‍ക്കാകുന്നു. മറുവാദങ്ങള്‍ പാപമാകുന്ന ഈ പരിപാവനത്വം ഇന്ത്യന്‍ പ്രതിരോധ മേഖലയെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ.