സ്ഥാനാര്‍ഥിത്വത്തിന് കൈക്കൂലി; എഎപി നേതാവ് ഒളിക്യാമറയില്‍ കുടുങ്ങി

Posted on: August 26, 2016 7:09 pm | Last updated: August 27, 2016 at 10:04 am

sucha singhചണ്ഡിഗഢ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരനില്‍ നിന്ന് പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി നേതാവ് പണം വാങ്ങുന്നതിന്റെ ഒളികാമറ ദൃശ്യങ്ങള്‍ പുറത്ത്. എഎപി പഞ്ചാബ് കണ്‍വീനര്‍ സുച്ചാ സിംഗ് ഛോട്ടേപൂര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയില്‍ നിന്ന് പണം വാങ്ങുന്ന ദൃശ്യങ്ങളാണ് പാര്‍ട്ടിക്കാര്‍ തന്നെ ഒളികാമറയില്‍ ചിത്രീകരിച്ചത്.

ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് സുച്ചാ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിംഗ് പുറത്താക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയുടെ പഞ്ചാബിലെ രണ്ട് എംപിമാര്‍ ഉള്‍പ്പടെ 21 നേതാക്കള്‍ അരവിന്ദ് കെജ്‌രിവാളിന് കത്തയച്ചിരുന്നു. 2017 ആദ്യം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണം വാങ്ങിയ വിവാദം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

എന്നാല്‍ ആരോപണം സുച്ചാ സിംഗ് നിഷേധിച്ചു. ഒളിക്യാമറ ഓപ്പറേഷന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സുച്ചാ സിംഗ് പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് ഗൂഢാലോചനക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.