ഇന്‍സ്റ്റാള്‍മെന്റ് സൗകര്യവുമായി ഗള്‍ഫ് വിമാനങ്ങളുടെ ടിക്കറ്റ് വില്‍പ്പന

Posted on: August 26, 2016 6:38 pm | Last updated: August 26, 2016 at 6:38 pm

air-arabia-marocദോഹ: യാത്രക്കാരെ ആകര്‍ഷിക്കാനായി വിമാന ടിക്കറ്റുകള്‍ക്കും ഇന്‍സ്റ്റാള്‍മെന്റ് പേയ്‌മെന്റ് സൗകര്യം. ഇന്‍സ്റ്റാള്‍മെന്റ് പ്രിയരായ ഇന്ത്യക്കാര്‍ക്കു വേണ്ടി സൗകര്യം ഒരുക്കി എയര്‍ അറേബ്യ വിമാനമാണ് രംഗത്തു വന്നിരിക്കുന്നത്. ഇതര ഗള്‍ഫ് വിമാനങ്ങളിലേക്കും ഇന്ത്യന്‍ വിമാനങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുള്ള ആശയമാണ് എയര്‍ അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എയര്‍ അറേബ്യയില്‍ ഖത്വറില്‍നിന്നുള്ള യാത്രക്കാര്‍ക്കും സൗകര്യം ലഭിക്കും.
ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് വ്യാപകമായ സൗകര്യമാണ് ഇ എം ഐ അഥവാ ഇക്വേറ്റഡ് മന്‍ത്‌ലി ഇന്‍സ്റ്റാള്‍മെന്റ്. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് സൗകര്യം ലഭിക്കുക. ഇന്ത്യയിലെ എട്ടു ബേങ്കുകള്‍ അനുവദിക്കുന്ന കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗകര്യം ഉപയോഗിക്കാം. ഐ സി ഐ സി ഐ, ആക്‌സിസ്, കൊടക് മഹേന്ദ്ര, ഇന്‍ഡുസ്ഇന്‍ഡ്, എസ് ബി ഐ, എച്ച് ഡി എഫ് സി, സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യ എന്നീ ബേങ്കുകളിലൂടെയാണ് സേവനമെന്ന് എയര്‍ അറേബ്യ അറിയിച്ചു. ടിക്കറ്റ് എടുക്കുന്നവര്‍ എയര്‍ അറേബ്യ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിമാനം തിരഞ്ഞെടുത്ത് ടിക്കറ്റ് റിസര്‍വ് ചെയ്ത് പേയ്‌മെന്റ് പേജിലെത്തുമ്പോള്‍ ഓപ്ഷനായി ഇ എം ഐ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. അടക്കാനുള്ള സംഖ്യ സഹിതം ഇ എം ഐ ഓപ്ഷന്‍ ലഭിക്കുകയും ആ സംഖ്യ ക്രഡിറ്റ് കാര്‍ഡില്‍ നിന്ന് മാസാമാസം ഈടാക്കുകയും ചെയ്യുന്നതാണ് രീതി. ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യ ഇന്ത്യയിലെ 13 നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ക്കു പുറമേ ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, അഹമ്മദാബാദ്, ഗോവ, ജയ്പൂര്‍, നാഗ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. ഇവിടേക്കെല്ലാം ദോഹയില്‍ നിന്നും കണക്ഷന്‍ സര്‍വീസ് ലഭ്യമാണ്. നിരക്ക് കൂടുതലായതിനാല്‍ ദോഹ യാത്രക്കാര്‍ എയര്‍ അറേബ്യ തിരഞ്ഞടുക്കാറില്ല.